Begin typing your search above and press return to search.
ഫണ്ടുകൾ വിൽപ്പനക്കാരാകുമ്പോൾ ചെറുകിട നിക്ഷേപകർ വാങ്ങാൻ തിരക്കു കൂട്ടുന്നത് ശരിയോ? റിലയൻസ് ഫലം ആശ്വാസമാകുമോ? ഓഹരി വിപണിയിൽ ഇന്ന് ആശ്വാസ റാലി ഉണ്ടാകുമോ?
ആഗ്രഹിക്കുന്നതല്ല സംഭവിക്കുന്നത്. ഈ ദീപാവലി കാലത്തു കുതിച്ചു കയറി പുതിയ റിക്കാർഡ് സ്ഥാപിക്കുന്ന വിപണിയെ കാത്തിരുന്നവർക്കു തിരുത്തലിലേക്കു നീങ്ങേണ്ടി വന്നു.
ഇതാണു നല്ലതെന്നു ധാരാളം പേർ വിശ്വസിക്കുന്നുണ്ട്. താഴ്ചയിൽ വാങ്ങുക എന്ന സിദ്ധാന്തം പ്രയോഗിച്ച് വിപണിയെ മുന്നോട്ടു നയിച്ചിരുന്ന നിക്ഷേപകരും ഇനി വിൽപനക്കാരാകും എന്നാണു കരുതുന്നത്. ഉയർന്നതെല്ലാം കാമ്പുള്ളതല്ലെന്നു മനസിലാക്കാൻ കിട്ടുന്ന അവസരമാണിത്. ഫണ്ടുകൾ വിൽപ്പനക്കാരാകുമ്പോൾ വാങ്ങാൻ തത്രപ്പാടു കൂട്ടുന്നത് നിക്ഷേപകർക്കു സുരക്ഷിതമല്ല എന്നതാണു പൊതുതത്വം. പക്ഷേ ഈയാഴ്ചയിലൊക്കെ കാണുന്നത് ഫണ്ടുകൾ വിൽക്കുന്നതു വാങ്ങാൻ ചില്ലറ നിക്ഷേപകർ മത്സരിക്കുന്നതാണ്. ഏഴു ദിവസം കൊണ്ടു സ്വദേശി ഫണ്ടുകൾ 9000 കോടിയുടെയും വിദേശികൾ 4482 കോടിയുടെയും ഓഹരികൾ വിറ്റപ്പോൾ വിപണിയിലുണ്ടായ താഴ്ച ഇത്ര ലഘുവായതു മറ്റൊന്നും കൊണ്ടല്ല.
തിരുത്തൽ അകലെ
ഇപ്പോഴും വിപണിയിലെ മുഖ്യസൂചികകൾ തിരുത്തൽ വഴിയിൽ ആയിട്ടില്ല. സെൻസെക്സ് ഇക്കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സർവകാല റിക്കാർഡിൽ നിന്നു 2.13 ശതമാനം മാത്രമേ താണിട്ടുള്ളു. നിഫ്റ്റിയാകട്ടെ 2.3 ശതമാനവും. വൻകിട ഓഹരികളെ അപേക്ഷിച്ച് മിഡ്, സ്മോൾ ക്യാപ് ഓഹരികൾക്കു കൂടുതൽ ഇടിവുണ്ടായി. മിഡ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നു ദിവസം കൊണ്ട് ആറു ശതമാനത്തിലേറെ താണു. ആ വിഭാഗത്തിലെ പല ഓഹരികളും ആഴ്ചകൾ കൊണ്ട് ഇരട്ടിയോ മൂന്നിരട്ടിയോ ഒക്കെ ആയവയാണ്. കൂടുതൽ വലിയ തിരുത്തൽ ആ വിഭാഗങ്ങളിൽ ഉണ്ടാകുന്നതു വിപണിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. കമ്പനിയുടെ ബിസിനസ് മോഡൽ, മാനേജ്മെൻ്റ് മികവ്, ലാഭം വർധിപ്പിക്കാനുള്ള ശേഷി തുടങ്ങിയവയൊന്നും വിലയിരുത്താതെയാണു പല ഓഹരികളെയും വാനോളമുയർത്തിയത്.
ഇന്നലെയും തുടക്കത്തിൽ ബുള്ളുകൾ തിരിച്ചു കയറാൻ ശ്രമിച്ചു. പക്ഷേ മിനിറ്റുകൾക്കകം അവർക്കു നില തെറ്റി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കരുത്തു കാണിച്ചെങ്കിലും മറ്റു മേഖലകൾ കൂട്ടത്തോടെ താഴോട്ടു നീങ്ങി. ഒടുവിൽ സെൻസെക്സ് 336.46 പോയിൻ്റ് (0.55 %) നഷ്ടത്തിൽ 60,923.5 ലും നിഫ്റ്റി 88.5 പോയിൻ്റ് (0.48%) നഷ്ടത്തിൽ 18,178.1 ലും ക്ലോസ് ചെയ്തു.
താഴ്ചയിൽ വാങ്ങുന്നു
മിഡ് ക്യാപ് സൂചിക ഇന്നലെ 0.39 ശതമാനമേ താണുള്ളു. സ്മോൾ ക്യാപ് സൂചികയിലെ ഇടിവ് 0.8 ശതമാനത്തിൽ ഒതുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ താഴ്ചയുണ്ടായ പല ഓഹരികളും വാങ്ങിക്കാൻ "താഴ്ചയിൽ വാങ്ങൽ" സിദ്ധാന്തക്കാർ ഉത്സാഹിച്ചതാണു കാരണം.
ബാങ്ക് ഓഹരികളുടെ സൂചിക 1.3 ശതമാനം ഉയർന്നപ്പോൾ പൊതുമേഖലാ ബാങ്കുകളുടേത് 2.73 ശതമാനം കുതിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കാണു സ്വകാര്യ ബാങ്കുകളിൽ വലിയ നേട്ടം ഉണ്ടാക്കിയത്. 6.92 ശതമാനം ഉയർച്ച. ദുർബല നിലയിൽ കഴിയുന്ന യെസ് ബാങ്ക് 7.04 ശതമാനം ഉയർന്ന് 14.45 രൂപയിലെത്തി.
ഐടി സൂചിക 2.53 ശതമാനവും മെറ്റൽ സൂചിക 1.77 ശതമാനവും റിയൽറ്റി 1.41 ശതമാനവും കൺസ്യൂമർ ഡ്യുറബിൾസ് സൂചിക 1.77 ശതമാനവും ഉയർന്നു.
വിദേശികൾ വിറ്റു
ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 2818.9 കോടി രൂപയുടെ വിൽപനക്കാരായി. ഇതോടെ ഒക്ടോബറിൽ അവർ ക്യാഷ് വിഭാഗത്തിൽ നിന്നു പിൻവലിച്ച തുക 7172.23 കോടിയിലെത്തി. എന്നാൽ ഓപ്ഷൻസ് വിഭാഗത്തിൽ അവർ വലിയ തോതിൽ വാങ്ങിക്കൂട്ടി. സ്വദേശി ഫണ്ടുകൾ കുറേ നാളുകൾക്കു ശേഷം ഇന്നലെ വാങ്ങലുകാരായി. 428.45 കോടി രൂപയുടെ ഓഹരികൾ അവർ ക്യാഷ് വിഭാഗത്തിൽ വാങ്ങി.
ഉയർച്ച കാത്തു ഡെറിവേറ്റീവ് വിപണി
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിഭാഗത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,246-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,298 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു തിരിച്ചു കയറുമെന്ന പ്രതീക്ഷയിലാണു ഡെറിവേറ്റീവ് വ്യാപാരം നടക്കുന്നത്. കുറഞ്ഞത് ഒരു ആശ്വാസ റാലിയെങ്കിലും ഉണ്ടാകുമെന്നാണു ബ്രോക്കറേജുകൾ കരുതുന്നത്.
തിരിച്ചു കയറിയതു നല്ല സൂചനയെന്ന്
ചില സാങ്കേതിക വിശകലന വിദഗ്ധർ 18,008-18,050 മേഖലയിൽ നിഫ്റ്റിക്കു ശക്തമായ സപ്പോർട്ട് ഉണ്ടെന്നും ഒരു ഉണർവിൻ്റെ സൂചനകൾ ഉണ്ടെന്നും പറയുന്നു. ഇന്നലെ വ്യാപാരത്തിനിടയിൽ എത്തിയ താഴ്ന്ന നിലയിൽ (18,048) നിന്ന് 130 പോയിൻ്റ് ഉയർന്നു ക്ലോസ് ചെയ്തത് വിപണി തിരിച്ചു കയറുന്നതിൻ്റെ സൂചനയായും ചിലർ കണക്കാക്കുന്നു. 18,300 നു മുകളിൽ ക്ലോസ് ചെയ്താൽ 18 ,900നു മുകളിലേക്കു യാത്ര പുനരാരംഭിക്കാം എന്നാണു വിലയിരുത്തൽ. ഓപ്ഷൻസ് വ്യാപാരത്തിൽ 18,500 ലാണു കുടുതൽ കോൺട്രാക്റ്റുകൾ. ഇതും ഉയർച്ചയ്ക്കു സാധ്യത കാണിക്കുന്നു.
ഇന്നു വ്യാപാരത്തിൽ 18,150 നു മുകളിൽ നില നിൽക്കാനായില്ലെങ്കിൽ വിപണി 18,000 നു താഴോട്ടു വീഴുമെന്നു മുന്നറിയിപ്പ് നൽകുന്നവരുണ്ട്. 18,025 ലും പിന്നീടു 17,870ലുമാണ് അവർ സപ്പോർട്ട് കാണുന്നത്. ഉയർച്ചയിൽ 18,360 ലും 18,540 ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ താഴ്ചയിലാണ് അവസാനിച്ചത്. യുഎസിൽ ഡൗജോൺസ് നേരിയ തോതിൽ താണപ്പാേൾ എസ് ആൻഡ് പി ചെറിയ കയറ്റത്തോടെ റിക്കാർഡ് തിരുത്തി. ഇൻ്റൽ, ഐബിഎം തുടങ്ങിയ പഴയ കുതിരകൾ മോശം റിസൽട്ട് പുറത്തിറക്കിയെങ്കിലും പുതുതലമുറ ടെക് കമ്പനികൾ വിപണിയെ ഉയർത്തി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴോട്ടാണ്.
എവർഗ്രാൻഡെ പാപ്പർ നടപടിയിലേക്കോ?
ഏഷ്യൻ വിപണികൾ ഇന്നും താഴ്ന്നാണ് വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ അര ശതമാനം താഴ്ന്നിട്ടു പിന്നീടു നേട്ടത്തിലായി. ചൈനയിലെ കാര്യങ്ങളെപ്പറ്റിയുള്ള ആശങ്ക ജപ്പാനിലും കൊറിയയിലും പ്രകടമാണ്. റിയൽറ്റി കമ്പനി എവർഗ്രാൻഡെ പലിശ മുടക്കിയതിൻ്റെ പ്രത്യാഘാതം ഈ വാരാന്ത്യത്തിൽ അറിവാകും. കഴിഞ്ഞ ദിവസം വ്യാപാരം പുനരാരംഭിച്ചപ്പോൾ എവർഗ്രാൻഡെ ഓഹരിയുടെ വില കുത്തനെ ഇടിഞ്ഞു. കമ്പനിക്കെതിരേ പാപ്പർനിയമപ്രകാരമുള്ള നടപടിക്കു കടപ്പത്ര ഉടമകൾ നീങ്ങുമോ എന്നു രണ്ടു ദിവസത്തിനകം അറിവാകും. എവർഗ്രാൻഡെയുടെ പ്രത്യാഘാതം പരിമിതമായിരിക്കുമെന്നാണ് ഇപ്പാേഴും ചൈനീസ് അധികൃതർ പറയുന്നത്.
ലോഹങ്ങൾ താഴാേട്ട്
ലോഹ വിപണി താഴാേട്ടു വീഴുന്നതിൻ്റെ വെപ്രാളം കാണിക്കുന്നുണ്ട്. ആഗോളതലത്തിൽ വളർച്ച, വിലക്കയറ്റം, ഇന്ധനലഭ്യത, ചരക്കുനീക്ക തടസങ്ങൾ തുടങ്ങിയവ വളർച്ചയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യാവസായിക ലോഹവിലകൾ താഴോട്ടു നീങ്ങുന്നത്. അലൂമിനിയം ഇന്നലെ 5.18 ശതമാനം ഇടിഞ്ഞ് 2910 ഡോളറിലെത്തി. മൂന്നാഴ്ചയ്ക്കു ശേഷമാണ് അലൂമിനിയം 3000 ഡോളറിനു താഴെയാകുന്നത്. ചെമ്പ് വീണ്ടും താണ് ടണ്ണിനു 10,050 ഡോളറായി. ഇരുമ്പയിരും താഴാേട്ടു നീങ്ങി. ദൗർലഭ്യം മൂലം നിക്കൽ ഇന്നലെ രണ്ടര ശതമാനം ഉയർന്നു.
ശീതകാലത്തു തണുപ്പു കുറയും; ക്രൂഡ് താണു
ക്രൂഡ് ഓയിൽ വില ഇന്നലെ രണ്ടു ശതമാനത്തിലധികം താണു. അമേരിക്കയിൽ ഈ ശീതകാലം തണുപ്പു കുറഞ്ഞതാകുമെന്ന കാലാവസ്ഥാ പ്രവചനമാണു കാരണം. തണുപ്പു കുറവായാൽ വീടുകളും ഓഫീസുകളും ചൂടാക്കാനുള്ള ഇന്ധന ഉപയോഗം കുറയും. ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില 84.6 ഡോളറിലേക്കു താഴ്‌ന്നു.
സ്വർണവില ചെറിയ കയറ്റിറക്കങ്ങൾ മാത്രം കാണിച്ചു. ഔൺസിന് 1786-1788 ഡോളർ മേഖലയിലാണ് ഇന്നു രാവിലെ വ്യാപാരം.
റിലയൻസ് റിസൽട്ട് മെച്ചമാകും
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ രണ്ടാം പാദ റിസൽട്ട് ഇന്നു വ്യാപാര സമയത്തിനു ശേഷം പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷത്തെ രണ്ടാം പാദം മോശമായിരുന്നാൽ വരുമാനത്തിലും ലാഭത്തിലും 35 മുതൽ 40 വരെ ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഒന്നാം പാദത്തെ അപേക്ഷിച്ച് ഏഴോ എട്ടോ ശതമാനം വളർച്ചയേ നിരീക്ഷകർ പ്രതീക്ഷിക്കുന്നുള്ളു. പാദവരുമാനം 1.5 ലക്ഷം കവിയുമെന്നും അറ്റാദായം 13,000 കോടി രൂപയ്ക്കു മുകളിലാകുമെന്നുമാണു നിഗമനം. പെട്രോ - കെമിക്കൽ, റീട്ടെയിൽ, ടെലികോം മേഖലകളിലെല്ലാം വരുമാനവും ലാഭവും ഗണ്യമായി വർധിക്കും എന്നാണു സൂചന.
This section is powered by Muthoot Finance
Next Story
Videos