ഈയാഴ്ച ഓഹരി വിപണിയുടെ ഗതി നിർണ്ണയിക്കുന്നത് എന്തെല്ലാമായിരിക്കും?അംബാനിക്കു ജിയോയിൽ തിരിച്ചടി; ക്രൂഡ് ഓയിൽ കയറുന്നു; ലോഹങ്ങൾ താഴുന്നു

കമ്പനികളുടെ റിസൽട്ട് ഗതി നിർണയിക്കുന്ന ഒരാഴ്ചയിലേക്കാണ് ഓഹരി വിപണി പ്രവേശിക്കുന്നത്. കഴിഞ്ഞയാഴ്ച നാലു ദിവസവും താഴ്ന്ന വിപണി ആവേശകരമായ കാര്യങ്ങളൊന്നും കാണുന്നില്ല എന്നതാണു സത്യം. ഒപ്പം തകർച്ച തുടരാനുള്ള പ്രേരകങ്ങളും കുറവ്. അനിശ്ചിതത്വത്തിൻ്റെ പിടിയിൽ നിന്നു മാറ്റാൻ കമ്പനി റിസൽട്ടുകൾ എത്രമാത്രം ശക്തമാകും എന്നതാണു ചോദ്യം.

കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് 101.88 പോയിൻ്റ് താണ് 60,821.62 ലും നിഫ്റ്റി 63.2 പോയിൻ്റ് താണ് 18,114.9 ലും ക്ലാേസ് ചെയ്തു. സെൻസെക്സ് 62,245 ലും നിഫ്റ്റി 18,604-ലും എത്തി പുതിയ സർവകാല റിക്കാർഡ് കുറിച്ച ശേഷമാണ് താഴ്ന്നത്. ബാങ്ക് നിഫ്റ്റി കഴിഞ്ഞയാഴ്ച രണ്ടര ശതമാനം ഉയർന്ന് 40,223.65 ലാണു ക്ലോസ് ചെയ്തത്. എന്നാൽ മിഡ്, സ്മോൾ ക്യാപ് ഓഹരികൾ കഴിഞ്ഞയാഴ്ച വലിയ താഴ്ച നേരിട്ടു. മിഡ് ക്യാപ് സൂചിക 5.9 ശതമാനവും സ്മോൾ ക്യാപ് സൂചിക 6.03 ശതമാനവും ഇടിഞ്ഞു. മുൻ ആഴ്ചകളിൽ റോക്കറ്റ് പോലെ ഉയർന്ന പല ഓഹരികളും അതിനേക്കാൾ വേഗം താഴാേട്ടു വീണു. ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, മെറ്റൽ, ഹെൽത്ത് കെയർ, ഓട്ടോമൊബൈൽ മേഖലകൾ താഴ്ചയിലായി. റിയൽറ്റി ആദ്യം താണെങ്കിലും പിന്നീട് ഉയർന്നു.
വെള്ളിയാഴ്ച യൂറോപ്യൻ ഓഹരികൾ നല്ല ഉയർച്ച കാഴ്ചവച്ചു. യുഎസ് ഓഹരികൾ നല്ല നേട്ടത്തോടെ തുടങ്ങിയിട്ട് അതിൽ നല്ല പങ്ക് നഷ്ടപ്പെടുത്തിയാണു ക്ലോസ് ചെയ്തത്. ഫെഡ് കടപ്പത്രം വാങ്ങൽ ഉടനേ കുറയ്ക്കുമെന്ന പ്രസ്താവനയാണു കാരണം. ഡൗജോൺസ് നേട്ടത്തോടെ പുതിയ റിക്കാർഡിൽ ക്ലോസ് ചെയ്തു. മറ്റു സൂചികകൾ താണു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഏഷ്യൻ ഓഹരികളും താഴ്ന്നാണു തുടങ്ങിയത്.ജപ്പാനിൽ ഭരണകക്ഷിക്കു തിരിച്ചടിയേറ്റതും താഴ്ചയ്ക്കു കാരണമായി.

അനിശ്ചിതത്വത്തിലേക്കു വിപണി?

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ 18,202 വരെ ഉയർന്നു. നേരത്തേ 18,189 വരെ കയറിയിട്ട് 18,136 വരെ താണതാണ്. വലിയ ചാഞ്ചാട്ടം വിപണിയിലെ അനിശ്ചിതത്വത്തിൻ്റെ സൂചനയാണ്.
നിഫ്റ്റി 18,010 -18,050 മേഖലയിൽ സപ്പോർട്ട് കണ്ടെത്തുമെന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. തിരിച്ചു കയറ്റം സാധ്യമാകാൻ 18,300 ൻ്റെ കടമ്പ കടക്കണം.
വെള്ളിയാഴ്ച രാവിലെ വിപണി ആശ്വാസ റാലിക്കു ശ്രമിച്ചെങ്കിലും ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം അതു തടഞ്ഞു. വിദേശ ഫണ്ടുകൾ വിറ്റൊഴിയുന്നതും നിക്ഷേപക കാഴ്ചപ്പാടിനെ ബാധിച്ചു. ഫണ്ടുകൾ ഉപേക്ഷിക്കുന്നതു നിക്ഷേപകർ വാങ്ങിക്കൂട്ടുന്നത് അപകടമാണെന്ന ബോധ്യവും വിപണിയിലുണ്ട്.

വിറ്റു മാറാൻ വിദേശികൾ

നിഫ്റ്റി 223.6 പോയിൻ്റും സെൻസെക്സ് 484.33 പോയിൻ്റും നഷ്ടപ്പെടുത്തിയ ആഴ്ചയാണു കടന്നു പോയത്. എന്നാൽ വിപണി ആഴമേറിയ തിരുത്തലിൻ്റെ സൂചനയൊന്നും നൽകുന്നില്ല. വിദേശികളും സ്വദേശി ഫണ്ടുകളും വിൽപനക്കാരായി എന്നതാണു ശ്രദ്ധേയമായ കാര്യം. സ്വദേശി ഫണ്ടുകൾ അവസാന രണ്ടു ദിവസം വാങ്ങലുകാരായെങ്കിലും ഒക്ടോബറിൽ ഇതുവരെ അവർ ക്യാഷ് വിപണിയിൽ 4956.24 കോടി രൂപയുടെ വിൽപനക്കാരാണ്. വിദേശികൾ വെള്ളിയാഴ്ച 2697.7 കോടിയുടെ വിൽപന നടത്തി. ഈ മാസം അവരുടെ വിൽപന 9869.93 കോടി രൂപയായി. ഓഗസ്റ്റിലും സെപ്റ്റംബറിലും കണ്ടിരുന്ന സമീപനമല്ല ഈ മാസം വിദേശ ഫണ്ടുകൾക്കുള്ളത്.

ഫെഡ് നീക്കം വീണ്ടും ആശങ്ക കൂട്ടുന്നു

അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡിൻ്റെ ചെയർമാൻ ജെറോം പവൽ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്നത് അവസാനിപ്പിക്കാനുള്ള നടപടി ഉടനേ തുടങ്ങുമെന്നു വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതു യുഎസ് വിപണിയെ ഗണ്യമായി താഴ്ത്തി. ഇന്ന് ഇതിൻ്റെ തുടർചലനങ്ങൾ ഇന്ത്യയിലും ഉണ്ടാകാം. ഫെഡ് ഉത്തേജന നടപടികൾ പിൻവലിക്കുമ്പോൾ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നു.
ഒന്ന്: വിപണിയിലേക്കു വലിയ തോതിൽ പണമൊഴുക്കിയിരുന്ന അധിക പണലഭ്യത കുറയും. അമേരിക്കൻ വിപണിയിൽ മാത്രമല്ല ഇന്ത്യൻ വിപണിയിലും ആ അധിക പണം എത്തിയിരുന്നു. കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അടിച്ചിറക്കിയ അധിക പണം 25 ലക്ഷം കോടി ഡോളറിനു മുകളിലാണ്. യുഎസ് ജിഡിപിയേക്കാൾ കൂടിയ തുക. അത് ഇല്ലാതാകുമ്പോൾ വിപണികൾ ഇടിയും.
രണ്ട്: പലിശ കൂടും. പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ നിന്ന കാലത്തു നിന്നു തിരിച്ചു കയറുമ്പോൾ വിപണിയിൽ മാത്രമല്ല സമ്പദ്ഘടനയിലും ഉലച്ചിൽ സംഭവിക്കും. ഇപ്പോൾത്തന്നെ 10 വർഷ യു എസ് കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (Yield) 1.64 ശതമാനത്തിലേക്ക് ഉയർന്നു. രണ്ടു മാസം മുമ്പ് 1.3 ശതമാനത്തിൽ താഴെയായിരുന്നു. ഇന്ത്യയിൽ 10 വർഷ കടപ്പത്രത്തിൻ്റെ നിക്ഷേപ നേട്ടം 6.35 ശതമാനം ആയി.
സർക്കാർ കടപ്പത്രത്തിലെ നിക്ഷേപനേട്ടം ഏറ്റവും കുറഞ്ഞ പലിശ നിരക്കിനെയാണു കാണിക്കുന്നത്. അതു കൂടുമ്പാേൾ ബാങ്ക് പലിശ കൂടും. വ്യവസായ നിക്ഷേപത്തിനു ചെലവ് കൂടും. നിക്ഷേപവും ലാഭവും കുറയും.
രണ്ടു കാര്യങ്ങളും വിപണിക്കു നല്ലതല്ല. അതു കൊണ്ടാണു പവൽ നൽകിയ മുന്നറിയിപ്പ് വിപണിയെ വിഷമിപ്പിച്ചത്.

മികവില്ലാതെ റിലയൻസ്

റിലയൻസും ഐസിഐസിഐ ബാങ്കും കഴിഞ്ഞയാഴ്ച മികച്ച ലാഭവർധനയുമായി രണ്ടാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചു. റിലയൻസ് ലാഭ മാർജിൻ പ്രതീക്ഷ പോലെ വന്നെങ്കിലും പുതിയ വളർച്ച മേഖലകളിലല്ല നേട്ടം എന്നതു നിരാശപ്പെടുത്തും. പെട്രാേ കെമിക്കൽ ബിസിനസാണു ലാഭ നേട്ടത്തിൻ്റെ സിംഹഭാഗവും നൽകിയത്.
റീട്ടെയിൽ സ്റ്റോറുകളും ഇടപാടുകളും വർധിച്ചു. മഹാമാരിക്കു മുമ്പുള്ളതിനേക്കാൾ വിറ്റുവരവും ലഭിച്ചു. എന്നാൽ വളർച്ചയ്‌ക്ക് ആനുപാതികമായില്ല ലാഭമാർജിനിലെ വളർച്ച.
ജിയോയിൽ വരിക്കാരുടെ എണ്ണം കുറഞ്ഞു. ഇങ്ങനെ സംഭവിക്കുന്ന ആദ്യ പാദമാണിത്. 4.67 കോടി വരിക്കാർ ജിയോ വിട്ടു പോയി. പുതിയ 3.56 കോടി വരിക്കാരെ കിട്ടി. നഷ്ടം 1.11 കോടി വരിക്കാർ. വരുമാനവും (ക്യാഷ് ഫ്ലോ) കുറഞ്ഞു.
പല ബ്രോക്കറേജുകളും റിലയൻസ് ഓഹരിയെപ്പറ്റിയുള്ള പ്രതീക്ഷ താഴ്ത്തുന്ന വിശകലനമാണു നടത്തിയത്. ഇന്നു വിപണിയിൽ ഇതിൻ്റെ പ്രതികരണം ഉണ്ടാകും.

ഐസിഐസിഐ ബാങ്ക് മികവോടെ

ഐസിഐസിഐ ബാങ്ക് ലാഭത്തിൽ 30 ശതമാനം വർധന കാണിച്ചു. അറ്റ പലിശ വരുമാനം 25 ശതമാനം വർധിച്ചു. പലിശമാർജിൻ നാലു ശതമാനത്തിലേക്ക് ഉയർന്നു. പ്രശ്ന കടങ്ങൾക്കുള്ള വകയിരുത്തൽ ഗണ്യമായി കുറഞ്ഞു. നിഷ്ക്രിയ ആസ്തിയുടെ അനുപാതത്തിൽ കുറവുണ്ട്. ബാങ്കിലെ നിക്ഷേപവും ബാങ്ക് നൽകിയ വായ്പയും 17 ശതമാനം വീതം വർധിച്ചു. ബാങ്ക് ഓഹരിയെപ്പറ്റി ബ്രോക്കറേജുകൾ നല്ല വിലയിരുത്തൽ നടത്തിയിട്ടുണ്ട്.

ലോഹങ്ങൾ താഴോട്ട്

ആഗോള വിപണിയിൽ വ്യാവസായിക ലോഹങ്ങൾക്കു വില വീണ്ടും താണു. ചെമ്പ് 10,000 ഡോളറിനു താഴെ വന്നു. അലൂമിനിയം 2900 ഡോളറിനു താഴെയായി. സിങ്ക്, നിക്കൽ തുടങ്ങിയവയും താഴ്ന്നു. ചൈനീസ് ഡിമാൻഡ് കുറയുന്നതാണു പ്രധാന കാരണം. ലോഹ കമ്പനികളുടെ ഓഹരി വില താഴോട്ടാണ്.

സ്വർണം കയറിയിറങ്ങി

സ്വർണം കഴിഞ്ഞയാഴ്ച 1800 ഡോളറിനപ്പുറത്തേക്കു കടന്നെങ്കിലും പിടിച്ചു നിൽക്കാനായില്ല. ഇന്നു രാവിലെ 1797-1799 ഡോളറിലേക്കു കയറിയിട്ടു സ്വർണം 1793 -1794 ഡോളർ മേഖലയിലേക്കു തിരിച്ചു താണു.
ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലാണ്. രാവിലെ ബ്രെൻ്റ് ഇനം 85.98 ഡോളറിലെത്തി. ശീതകാലം വരുമ്പോഴേക്കു 90 ഡോളറിൽ എത്തുമെന്നാണു നിരീക്ഷണം.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it