Begin typing your search above and press return to search.
ഓഹരി വിപണി ഉണർവിൽ; ഇപ്പോൾ നിക്ഷേപകർ എന്തൊക്കെ ശ്രദ്ധിക്കണം? ഇഷ്ട കാർ മോഡൽ കിട്ടാൻ ഏറെ കാത്തിരിക്കേണ്ടി വരും; കാരണം ഇതാണ്
വിപണി വീണ്ടും ഉഷാറായി. ബുള്ളുകൾ വിപണിയുടെ നിയന്ത്രണം ഏറ്റെടുത്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപന തുടരുന്നത് ഒരു പ്രശ്നമായി കാണാതെ മുന്നോട്ടു നീങ്ങാൻ വിപണി കരുത്താർജിച്ചു.
ആഗോള വിപണികളും ഉത്സാഹത്തിലായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ അൽപം താണു. സിംഗപ്പുർ ഡെറിവേറ്റീവ് വിപണിയിൽ നിഫ്റ്റി ഫ്യൂച്ചേഴ്സും ഉയരത്തിലായി. എന്നാൽ വിലക്കയറ്റ ഭീഷണിയും ചില വമ്പൻ ആഗോള കമ്പനികളുടെ മോശം റിസൽട്ടും ഇന്നു രാവിലെ ഏഷ്യൻ ഓഹരി സൂചികകളെ താഴോട്ടു വലിച്ചു. രാവിലെ നേട്ടത്തിൽ തുടങ്ങിയ ജാപ്പനീസ് സൂചികകൾ താമസിയാതെ താഴോട്ടു നീങ്ങി.
വിപണി മനോഭാവം ബുളളിഷ് ആയതോടെ മിഡ്- സ്മോൾ ക്യാപ് ഓഹരികളും നേട്ടത്തിലായി. സമീപ ആഴ്ചകളിൽ യുക്തിസഹമല്ലാത്ത ഉയരങ്ങളിലെത്തിയിട്ടു താഴെ വീണ ഓഹരികൾ ഇപ്പോഴും അവിടെത്തന്നെ കിടക്കുന്നു. അവയുടെ പുതിയ ഉടമകൾക്കു തൽക്കാലം രക്ഷാമാർഗം തെളിഞ്ഞിട്ടില്ല. എന്നാൽ പുതിയ ബുൾ ആവേശം കുറേ കഴിയുമ്പോൾ അത്തരം ഓഹരികളും പറക്കാൻ തുടങ്ങും. നിക്ഷേപകർ ശരിയായി പഠിച്ചു മാത്രം നീങ്ങിയില്ലെങ്കിൽ പിന്നീടു തിരിച്ചടി ഉണ്ടാകും. ഉയരുന്നതെല്ലാം വാങ്ങാവുന്നതല്ലെന്ന് ഓർക്കണം.
ഇന്നലെ ഒട്ടെല്ലാ വ്യവസായ മേഖലകളിലും കുതിപ്പു കാണപ്പെട്ടു. റിയൽറ്റി സൂചിക 3.62 ശതമാനം ഉയർച്ചയോടെ മുന്നിൽ നിന്നു. ലോഹ കമ്പനികളും കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികളും വാഹനംമേഖലയും നല്ല ഉത്സാഹത്തിലായിരുന്നു. സെൻസെക്സ് 383.21 പോയിൻ്റ് (0.63%) ഉയർന്ന് 61,350.26 ലും നിഫ്റ്റി 143 പോയിൻ്റ് (0.79%) കയറി 18,268.4 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.8 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.57 ശതമാനവും ഉയർന്ന് പുതിയ കുതിപ്പിൽ വിശാലവിപണിക്കു മുൻതൂക്കം നൽകി.
ടാറ്റാ മോട്ടോഴ്സ് (5.99 ശതമാനം), ടാറ്റാ സ്റ്റീൽ (3.89%), ടൈറ്റൻ (3.18%) തുടങ്ങിയവ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. ലാഭമെടുക്കലിൽ ഐസിഐസിഐ ബാങ്ക് 1.46 ശതമാനം താണു.
യൂറോപ്യൻ - അമേരിക്കൻ സൂചികകൾ ഇന്നലെയും റിക്കാർഡ് കുറിച്ചു. ഫേയ്സ്ബുക്ക് റിസൽട്ട് പ്രതീക്ഷ പോലെ മെച്ചമാകാത്തതിനാൽ യുഎസ് സൂചികകൾ വ്യാപാരത്തിനിടെ എത്തിയ ഉയരങ്ങളിൽ നിന്നു പിൻവാങ്ങിയാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് അൽപം താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 18,374 വരെ ഉയർന്നിട്ട് ഇന്നു രാവിലെ 18,345 ലേക്കു താണു. ഇന്ന് ഇന്ത്യൻ വിപണി ചെറിയ ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
വിപണി മനോഭാവം ബുളളിഷ് ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 17,950 നു മുകളിൽ തുടർന്നാൽ മികച്ച മുന്നേറ്റം ഉറപ്പാണത്രെ. 18,360- ഉം 18,460 - ഉം ആകും നിഫ്റ്റിയുടെ പ്രാരംഭ ലക്ഷ്യങ്ങൾ.
ലോഹങ്ങൾ ഉയർന്നു തന്നെ
വ്യാവസായിക ലോഹങ്ങൾ ഉയർന്ന നിലവാരത്തിൽ തുടരുന്നു. ആവശ്യം വർധിക്കുമ്പോൾ ലോഹലഭ്യത കുറയുന്നതാണു പ്രശ്നം. ലഭ്യത കൂട്ടാനായി മലിനീകരണ നിയന്ത്രണ നിയമങ്ങളിൽ ഇളവു നൽകുമെന്നു ചൈന സൂചിപ്പിച്ചെങ്കിലും ഒന്നും നടന്നിട്ടില്ല. ഇന്നലെ ചെമ്പ്, അലൂമിനിയം വിലകൾ അൽപം താണു.
ക്രൂഡ് ഓയിൽ വില ചെറിയ മേഖലയിൽ കയറിയിറങ്ങുന്നു. ബ്രെൻ്റ് ഇനം 86.55 ഡോളർ വരെ കയറിയിട്ട് 86.1 ഡോളറിലേക്കു താണു.
സ്വർണം 1800 ഡോളറിനു മുകളിൽ നിൽക്കുന്നതിൽ വീണ്ടും പരാജയപ്പെട്ടു. ഒരു ദിവസം മുഴുവൻ ഉയർന്നു നിന്നു എന്ന ആശ്വാസം മിച്ചം. ഇന്നു രാവിലെ 1793-1795 ഡോളറിലാണ് സ്വർണ വ്യാപാരം.
യുഎസ് ഡോളർ സൂചിക 93.93 വരെ ഉയർന്നു. ഇന്നലെ ഡോളർ 13 പൈസ നഷ്ടപ്പെടുത്തി 74.96 രൂപയിലേക്കു താണു.
വിദേശികൾ വിറ്റൊഴിയുന്നു
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ ഇന്നലെ 2368.66 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ ഈ മാസത്തെ വിൽപന 14,697.69 കോടി രൂപയായി. യുഎസ് ഫെഡ് കടപ്പത്രം വാങ്ങൽ കുറയ്ക്കും എന്ന പ്രഖ്യാപനത്തെ തുടർന്നാണു വിദേശികൾ വലിയ തോതിൽ വിൽപനക്കാരായത്. ബാങ്കുകൾ, ഐടി കമ്പനികൾ, വാഹന കമ്പനികൾ എന്നിവയിലാണു വിദേശികളുടെ വിൽപന. സ്വദേശി ഫണ്ടുകൾ ഇന്നലെ 1385.41 കോടിയുടെ ഓഹരികൾ വാങ്ങി.
ചിപ് ക്ഷാമം തുടരുന്നു
മൈക്രാേചിപ്പുകളുടെ ദൗർലഭ്യം രാജ്യത്തു കാർ- എസ് യു വി ഉൽപാദന വർധന 11-13 ശതമാനത്തിലേക്കു താഴ്ത്തുമെന്ന് റേറ്റിംഗ് ഏജൻസി ക്രിസിൽ വിലയിരുത്തി. 15 മുതൽ19 വരെ ശതമാനം വളർച്ച ഉണ്ടാകാമായിരുന്ന സ്ഥാനത്താണിത്. പല മോഡലുകളും കിട്ടാൻ അഞ്ചും ആറും മാസം കാത്തിരിക്കേണ്ട നിലയാണ്. വാഹനങ്ങളെ മാത്രമല്ല ചിപ് ക്ഷാമം ബാധിക്കുന്നത്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹാേപകരണങ്ങൾ തുടങ്ങിയവയുടെ ഉൽപാദനത്തെയും ചിപ് ദൗർലഭ്യം ബാധിച്ചിട്ടുണ്ട്. മാരുതി സുസുകി രണ്ടു മൂന്നു മാസത്തിനകം ചിപ് ക്ഷാമം മറികടന്ന് ഉൽപാദനം മുൻ നിലവാരത്തിൽ എത്തിക്കാമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
ബാങ്കുകൾക്കു നല്ല റിസൽട്ട്; കൊട്ടക് ബാങ്ക് മോശമായി
ബാങ്കിംഗ് മേഖലയുടെ നില മെച്ചമാണെന്നു കാണിക്കുന്ന റിസൽട്ടുകളാണ് ഇന്നലെ പുറത്തുവന്നത്. ആക്സിസ്, കനറ, സെൻട്രൽ ബാങ്കുകൾ പ്രതീക്ഷയ്ക്കനുസരിച്ച ലാഭ വർധന കാണിച്ചു. നിഷ്ക്രിയ ആസ്തി കുറഞ്ഞു.
കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ അറ്റാദായം ഏഴു ശതമാനം കുറഞ്ഞു. എന്നാൽ അനാലിസ്റ്റുകളുടെ പ്രതീക്ഷയേക്കാൾ ഗണ്യമായി കൂടുതലാണ് അറ്റാദായം. അറ്റ പലിശ വരുമാനം മൂന്നു ശതമാനം മാത്രമേ വർധിച്ചുള്ളു. പലിശമാർജിൻ വാർഷികാടിസ്ഥാനത്തിൽ 0.05 ശതമാനവും തലേ പാദത്തിൽ നിന്ന് 0.15 ശതമാനവും കുറവായതു വിപണിയുടെ നിലപാടിനെ സ്വാധീനിക്കും. നിഷ്ക്രിയ ആസ്തിയുടെ തോത് ഉയർന്നതും വിപണിക്കു രസിക്കുന്നതല്ല.
This section is powered by Muthoot Finance
Next Story
Videos