Begin typing your search above and press return to search.
ആശങ്കകൾ മുന്നോട്ട്; വിപണികളിൽ ഇടിവ്; ക്രൂഡും ലോഹങ്ങളും താഴ്ന്നു; സ്റ്റാഗ്ഫ്ലേഷൻ വരുമോ? മാരുതിക്ക് സംഭവിച്ചത് ഇതാണ്
ആഗോള സംഘർഷങ്ങളും ആശങ്കകളും വ്യാപാരത്തിൻ്റെ അവസാന മണിക്കൂറിൽ ഇന്ത്യൻ വിപണിയെ ഉലച്ചു. ബുധനാഴ്ച ഓഹരി വിപണി താഴോട്ടു പോയതിൻ്റെ പശ്ചാത്തലമതാണ്. ചൈനയിലെ വൈദ്യുതി ക്ഷാമം, നവ സമ്പന്നർക്കെതിരായ കർശന നീക്കങ്ങൾ, ചൈന - അമേരിക്ക ശീതയുദ്ധം, ഇതെല്ലാം ചേർന്ന് വിലക്കയറ്റത്തിനും വളർച്ച മാന്ദ്യത്തിനും വഴിയൊരുക്കുമെന്ന ആശങ്ക. ജപ്പാൻ മുതൽ ന്യൂയോർക്ക് വരെയുള്ള വിപണികൾ ഇന്നലെ താഴോട്ടു പോയി.ഓഹരി സൂചികകൾ താഴോട്ടു നീങ്ങി, ക്രൂഡ് ഓയിൽ വില ഇടിഞ്ഞു, സ്വർണ വില കൂടി, ഡോളർ താണു, വ്യാവസായിക ലോഹങ്ങൾക്കു വില കുത്തനേ താഴോട്ടു പോയി.
ഇന്നലെ ഇന്ത്യൻ വിപണി ഉയർന്ന നിലവാരത്തിൽ തുടങ്ങി ആ മേഖലയിൽ ഭൂരിപക്ഷം സമയവും വ്യാപാരം തുടർന്നു. യൂറോപ്യൻ വിപണികൾ തുറന്ന ശേഷമാണു താഴോട്ടു നീങ്ങിയത്. സെൻസെക്സ് 61,576.85 വരെ കയറിയിട്ട് 206.93 പോയിൻ്റ് നഷ്ടത്തിൽ 61,143.33 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 57.45 പോയിൻ്റ് ( 0.31 ശതമാനം) താണ് 18,210.95 ൽ വ്യാപാരം അവസാനിപ്പിച്ചു. മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ ചെറിയ നേട്ടമുണ്ടാക്കി.
മെറ്റൽ, മീഡിയ, ബാങ്ക്, ധനകാര്യ സർവീസ്, വാഹന കമ്പനികളിലെ ഇടിവാണു വിപണിയെ താഴോട്ടു വലച്ചത്. ബാങ്ക് - ധനകാര്യ ഓഹരികളിൽ ലാഭമെടുക്കലും വിദേശ ഫണ്ടുകളുടെ വിൽപന സമ്മർദവും തുടരുകയാണ്. ലോഹങ്ങൾക്കു രാജ്യാന്തര വിപണിയിലുണ്ടായ വിലത്തകർച്ച മെറ്റൽ കമ്പനികളെ വീഴ്ത്തി. ഐടി മേഖലയിൽ ഉണർവുണ്ടായി.
എഫ്എംസിജി കമ്പനികൾ വില വർധിപ്പിക്കുമെന്ന സൂചന അവയുടെ വില കൂട്ടി. പ്രോക്ടർ ആൻഡ് ഗാംബിൾ വിലവർധന പ്രഖ്യാപിക്കുകയും ചെയ്തു. പെയിൻ്റ് കമ്പനികളും വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗാേള സൂചനകൾ താഴോട്ട്
ഇന്നലെ യൂറോപ്യൻ ഓഹരി സൂചികകൾ അര ശതമാനത്തോളം താണു. യുഎസ് ഓഹരികൾ നേട്ടത്തോടെ തുടങ്ങിയെങ്കിലും ഒടുവിൽ മുഖ്യസൂചികകൾ നഷ്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് സൂചിക മുക്കാൽ ശതമാനം താണു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴോട്ടാണ്. ജപ്പാനിലെ നിക്കെെ സൂചിക തുടക്കത്തിലേ ഒരു ശതമാനത്തിലധികം താണു. ചൈനീസ് വിപണി ഇന്നും താഴോട്ടു നീങ്ങുമെന്നാണു സൂചന. തകർച്ചയിലായ എവർഗ്രാൻഡെയുടെ പ്രൊമോട്ടർ സ്വകാര്യ സമ്പത്ത് വിറ്റു കമ്പനിയുടെ ബാധ്യത തീർക്കാൻ സർക്കാർ നിർദേശം നൽകി. ഇതു ചൈനയിലെ നവ സമ്പന്നരെ ഞെട്ടിച്ചു. ഇതിനിടെ ചൈനാ ടെലികാേമിനും മറ്റു ചില കമ്പനികൾക്കും അമേരിക്ക വിലക്കു പ്രഖ്യാപിച്ചതു ടെക് - ടെലികോം മേഖലയ്ക്കു തിരിച്ചടിയാകും.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി വലിയ ചാഞ്ചാട്ടം കാണിച്ചു.18,276 വരെ കയറുകയും 18,212 വരെ താഴുകയും ചെയ്തു.
സ്റ്റാഗ്ഫ്‌ളേഷൻ ഭീതി വീണ്ടും
ചില ആശങ്കകൾ പർവതീകരിച്ചവയാണ്. അവയിൽ തിരുത്തലുണ്ടാകും. ചില കാര്യങ്ങൾ ഇനിയും വേണ്ട ഗൗരവത്തിൽ കണ്ടിട്ടില്ല. അവ തിരിച്ചറിയുമ്പോൾ വീണ്ടും ഉലച്ചിൽ ഉണ്ടാകാം. ഇവയുടെ സമ്മിശ്ര ഫലം സംബന്ധിച്ച വിലയിരുത്തലുകളിലും ഭിന്നതയുണ്ടാകാം. എങ്കിലും ഒരു വശത്ത് ഉയർന്ന വിലക്കയറ്റം, മറുവശത്ത് ദുർബല വളർച്ച എന്ന സ്റ്റാഗ്ഫ്ലേഷനാണു മുന്നിൽ എന്നാണു സാമാന്യ വിലയിരുത്തൽ.
എല്ലാം ശുഭം. V പോലെ സമ്പദ്ഘടന തിരിച്ചു കയറുന്നു എന്ന് അവകാശപ്പെട്ടവർ സോപ്പ് മുതൽ കാർ വരെയുള്ളവയുടെ വിൽപന കുറഞ്ഞതിനു വിശദീകരണം നൽകുന്നില്ല. തലേവർഷം രണ്ടാം പാദത്തിലെ ദുർബല ബിസിനസുമായുള്ള താരതമ്യത്തിൽ കേമപ്പെട്ട വളർച്ച കാണിക്കുന്ന കമ്പനികൾക്കു തലേ മൂന്നു മാസത്തേതിൽ നിന്നു വളരാൻ പറ്റാത്തതിനു വിശദീകരണം നൽകാൻ പറ്റുന്നില്ല. ഇന്ത്യയും സ്റ്റാഗ്ഫ്ലേഷനിലേക്കു പതിക്കില്ലെന്നു പറയാനാവില്ല.
വിദേശികൾ വിൽപന തുടരുന്നു
വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളുടെ വിൽപന തുടരുകയാണ്. ഇന്നലെ 1913.86 കോടിയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റൊഴിഞ്ഞു. കഴിഞ്ഞ ഏഴു വ്യാപാര ദിനങ്ങളിലും അവർ വിൽപനക്കാരായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയിൽ ആകെ മൂന്നു ദിവസമേ അവർ വാങ്ങലുകാരായിരുന്നുള്ളു. ഈ മാസം അവർ ക്യാഷ് വിപണിയിൽ വിറ്റൊഴിഞ്ഞത് 16,611 കോടി രൂപയുടെ ഓഹരികളാണ്. സ്വദേശി ഫണ്ടുകൾ ഇന്നലെ 472.48 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വാങ്ങി. ഡെറിവേറ്റീവ് വിപണിയിൽ വിദേശ ഫണ്ടുകളുടെ വലിയ ഇടപെടൽ ഉണ്ടെങ്കിലും സൂചിക താഴ്ത്തുന്ന തരത്തിലാണ് അവരുടെ വ്യാപാരം.
വിപണി അനിശ്ചിത നിലയിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നലെ നിഫ്റ്റി എത്തിയ 18,342 പോയിൻ്റ് വലിയ പ്രതിരോധ മേഖലയാണ്. അവിടം ശക്തമായി ഭേദിച്ചു കയറിയാലേ കൂടുതൽ ഉയരങ്ങൾ ചിന്തിക്കാനാവൂ എന്നാണു വിശകലനം. 18,100-ലെ സപ്പോർട്ട് നഷ്ടമായാൽ 17,950 വരെ താഴ്ച പ്രതീക്ഷിക്കാമെന്നാണു നിഗമനം.
ക്രൂഡ് താഴോട്ട്, സ്വർണം കയറി
അമേരിക്കയിൽ ഇന്ധന സ്റ്റോക്ക് അപ്രതീക്ഷിതമായി കൂടിയതും വളർച്ചയെപ്പറ്റി ആശങ്ക വളർന്നതും ക്രൂഡ് ഓയിൽ വില ഇടിച്ചുതാഴ്ത്തി. ബ്രെൻ്റ് ഇനം രണ്ടര ശതമാനം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ വീപ്പയ്ക്ക് 83.31 ഡോളറിലാണു വ്യാപാരം. വില കുറച്ചു കൂടി താഴ്ന്നിട്ടേ തിരിച്ചു കയറൂ.
സ്വർണം ഇന്നലെ 1783 ഡോളർ വരെ താണിട്ട് 1798 ഡോളറിലേക്കു തിരിച്ചു കയറി. ഇന്നു രാവിലെ 1794-1796 ഡോളറിലാണു വ്യാപാരം. 94 പോയിൻ്റിനു മുകളിൽ കയറിയ ഡോളർ സൂചിക താഴോട്ടു പോന്നതും സ്വർണത്തെ ഉയർത്തി.
ഇന്നലെ 75.03 രൂപയിലേക്കു കയറിയാണു ഡോളർ ക്ലോസ് ചെയ്തത്.
ലോഹങ്ങൾക്കു തകർച്ച
വ്യാവസായിക ലോഹങ്ങൾക്കു സമീപകാലത്തെ ഏറ്റവും വലിയ വിലത്തകർച്ചയാണ് ഇന്നലെ നേരിട്ടത്. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് 3.2 ശതമാനം താണ് ടണ്ണിനു 9667 ഡോളറിലെത്തി. അലൂമിനിയം 5.3 ശതമാനം ഇടിഞ്ഞ് 2684 ഡോളറിലായി. ലെഡ്, നിക്കൽ, സിങ്ക് തുടങ്ങിയവയും താഴ്ചയിലാണ്. വളർച്ച കുറയുമ്പോൾ ഉൽപന്ന ഡിമാൻഡ് കുറയും എന്ന ആശങ്കയാണു വിപണിയെ നയിക്കുന്നത്. ഇതിൻ്റെ പ്രത്യാഘാതം ഇന്ത്യയിലെ ലോഹകമ്പനികളുടെ ഓഹരി വിലയിലും പ്രതിഫലിക്കും.
കമ്പനിഫലങ്ങൾ മികവു കാണിക്കുന്നില്ല
മാരുതി സുസുകിയും ലാർസൻ ആൻഡ് ടൂബ്രാേയും (എൽ ആൻഡ് ടി) പ്രതീക്ഷയേക്കാൾ മോശമായ രണ്ടാം പാദ റിസൽട്ടാണ് ഇന്നലെ പുറത്തുവിട്ടത്.
മാരുതിക്ക് ചിപ് ക്ഷാമം മൂലം ആവശ്യത്തിനനുസരിച്ചു കാർ നിർമിക്കാനായില്ല. സാധാരണയേക്കാൾ 1.16 ലക്ഷം കാറുകൾ കുറവാണ് കഴിഞ്ഞ പാദത്തിൽ നിർമിച്ചത്. ഇതു വരുമാനം ഇടിച്ചു. ഒപ്പം അസംസ്കൃത പദാർഥങ്ങൾക്കും ഘടകവസ്തുക്കൾക്കും വില കൂടി. വിറ്റുവരവിൻ്റെ 80.4 ശതമാനമായി ഉൽപാദനസാമഗ്രികൾക്കുള്ള ചെലവ്. വാഹന വിൽപന മൂന്നു ശതമാനം കുറഞ്ഞു. വിറ്റുവരവ് 17 ശതമാനം കൂടി. ലാഭം 66 ശതമാനം ഇടിഞ്ഞു.
എൽ ആൻഡ് ടി യുടെ വരുമാനം 12 ശതമാനം മാത്രമേ വർധിച്ചുള്ളു. അറ്റാദായം 67 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ചില ബിസിനസുകൾ വിറ്റതിൻ്റെ വലിയ വരുമാനം ലാഭക്കണക്ക് വർധിപ്പിച്ചിരുന്നു. എങ്കിലും അനാലിസ്റ്റുകൾ കണക്കുകൂട്ടിയതിലും കുറവായി വരുമാനവും ലാഭവും.
കയറ്റുമതിയിലെ വലിയ വളർച്ച ബജാജ് ഓട്ടോയുടെ വിറ്റുവരവും അറ്റാദായവും വർധിപ്പിച്ചു. എന്നാൽ ലാഭ മാർജിൻ 18.2 ശതമാനത്തിൽ നിന്ന് 16.4 ശതമാനമായി താണു. പ്രതീക്ഷയിലും മെച്ചമായി കമ്പനിയുടെ റിസൽട്ട്.
ഐടിസി ലിമിറ്റഡിന് രണ്ടാം പാദത്തിൽ വിറ്റുവരവും ലാഭവും മെച്ചപ്പെട്ടു. വിറ്റുവരവ് 12.9 ശതമാനം കൂടിയപ്പോൾ അറ്റാദായം 10.09 ശതമാനം ഉയർന്നു. സിഗററ്റ് വിൽപന ഗണ്യമായി കൂടിയെങ്കിലും എഫ്എംസിജിയിൽ വരുമാന വർധന നാമമാത്രമായിരുന്നു. കമ്പനി പറയുന്നത് തലേവർഷം രണ്ടാം പാദത്തിലെ വിൽപന അസാധാരണമായിരുന്നെന്നാണ്. ഈ വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് 8.4 ശതമാനം വർധന എഫ്എംസിജിയിൽ ഉണ്ടെന്നാണ്.
ടൈറ്റൻ രണ്ടാം പാദത്തിൽ 78 ശതമാനം വർധന വിറ്റുവരവിലും 270 ശതമാനം വളർച്ച അറ്റാദായത്തിലും നേടി. ആഭരണ വിഭാഗമാണു കമ്പനിക്കു വലിയ നേട്ടം നൽകിയത്.
വിലക്കയറ്റത്തിൻ്റെ ആഘാതം തുടരുന്നു
കമ്പനി റിസൽട്ടുകൾ വർധിച്ച ഉൽപാദനച്ചെലവു മൂലം ലാഭം വർധിക്കുന്നില്ല എന്ന സത്യമാണു വെളിപ്പെടുത്തുന്നത്. ലോഹങ്ങൾ, പിവിസി അടക്കം പെട്രോ കെമിക്കലുകൾ, ഗ്ലാസ്, റബർ, രാസവസ്തുക്കൾ തുടങ്ങിയവയ്ക്കെല്ലാം അസാധാരണമായി വില കൂടി. ഇപ്പോൾ ഇന്ധന വില കൂടുന്നതിൻ്റെ ആഘാതം മൂന്നാം പാദ ഫലങ്ങളിൽ കാണാം. വൈദ്യുതി നിലയങ്ങളിലേക്കു കൽക്കരി ഉറപ്പാക്കാനുള്ള സർക്കാർ ശ്രമം ലോഹ നിർമാണം മുതൽ സിറാമിക്സ്, ടെക്സ്റ്റൈൽസ്, ഭക്ഷ്യ സംസ്കരണ മേഖലകളെ വരെ ബാധിച്ചിട്ടുണ്ട്.
This section is powered by Muthoot Finance
Next Story
Videos