ലാഭമെടുക്കൽ തകൃതി; സമ്മർദം മറികടക്കാൻ ബുള്ളുകൾ; വിലക്കയറ്റ സൂചനകൾ അത്ര നല്ലതല്ല; സീ യിൽ എന്താണു സംഭവിക്കുന്നത്? സൊമാറ്റോയെ പൂട്ടാൻ ജിഎസ്ടി; ക്രൂഡ് വീണ്ടും കയറുന്നു

വിദേശ നിക്ഷേപകർ സജീവമായി രംഗത്തുണ്ട്. ആഭ്യന്തര ഫണ്ടുകളുടെ വിൽപന വളരെ ചെറിയ തോതിലാണ്. റീട്ടെയിൽ നിക്ഷേപകരും സജീവം. എങ്കിലും മുഖ്യ സൂചികകൾ ബുള്ളുകൾ ആഗ്രഹിക്കുന്നതു പോലെ മുന്നേറുന്നില്ല. ഓരോ കയറ്റത്തിലും ലാഭമെടുക്കാനുള്ള തത്രപ്പാടാണു കാരണം.

ഇന്നലെ സെൻസെക്സ് രാവിലെ 58,482.62 വരെ ഉയർന്നെങ്കിലും ഒടുവിൽ വെറും 69.33 പോയിൻ്റ് നേട്ടത്തിൽ 58,247.09 ൽ ക്ലോസ് ചെയ്തു. 17,438.55 വരെ കയറിയ നിഫ്റ്റി 24.7 പോയിൻ്റ് ഉയർച്ചയോടെ 17,380 ലാണു ക്ലോസ് ചെയ്തത്.
17,360- നു താഴോട്ടു നിഫ്റ്റി പോയാൽ ചെറിയ തിരുത്തൽ ഉണ്ടാകുമെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. 17,450 ലെ തടസം മറികടന്നാലേ ബുൾ കുതിപ്പ് തുടരാനാകൂ എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

വിദേശത്തു താഴ്ച

ഇന്നലെ യൂറോപ്യൻ ഓഹരികൾ വലിയ ഏറ്റക്കുറച്ചിൽ ഇല്ലാതെ വ്യാപാരം നടന്നു. എന്നാൽ യു എസ് ഓഹരികൾ താഴുകയായിരുന്നു. ഡൗജോൺസ് 0.84 ശതമാനം താണു. ഇന്നലെ 0.57 ശതമാനം കുറഞ്ഞതോടെ എസ് ആൻഡ് പി സൂചികയിലെ ഈ മാസത്തെ ഇടിവ് 1.8 ശതമാനമായി. അമേരിക്കയിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായിരുന്നെങ്കിലും നികുതി, വളർച്ച തുടങ്ങിയ ആശങ്കകൾ വിപണിയെ താഴ്ത്തുകയായിരുന്നു.
ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ ഓഹരികൾ താഴോട്ടാണ്. അമേരിക്കൻ വിപണിയിൽ നിന്നുള്ള സൂചനകളാണു കാരണം. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് എവർഗ്രാൻഡെ പാപ്പരാകാൻ പോകുന്നതും ഏഷ്യൻ രാജ്യങ്ങളിൽ ചലനം ഉണ്ടാക്കും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,375 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,359 വരെ താണിട്ട് അൽപം കയറി. ഇന്ത്യൻ വിപണിയുടെ തുടക്കം താഴ്ചയോടെയാകുമെന്ന സൂചനയാണ് ഡെറിവേറ്റീവ് വിപണി നൽകുന്നത്.

ക്രൂഡ് 74 ഡോളർ കടന്നു

ക്രൂഡ് ഓയിൽ വില ഉയർച്ച തുടരുകയാണ്. അമേരിക്കയിൽ പുതിയ ചുഴലിക്കാറ്റ് വീശിയതും വിവിധ രാജ്യങ്ങളിൽ ഡിമാൻഡ് ഉയർന്നതും കാരണമായി. ബ്രെൻ്റ്‌ ഇനം ക്രൂഡ് വീപ്പയ്ക്ക് 74.5 ഡോളർ വരെ ഉയർന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിഞ്ഞു. ചിലിയിലെ ഖനിത്തൊഴിലാളി സമരം ഒത്തുതീർന്നത് ചെമ്പ് ലഭ്യതയിലുണ്ടായിരുന്ന ആശങ്ക ഇല്ലാതാക്കി. ചെമ്പ് വില 9400 ഡോളറിനടുത്തേക്കു താണു. അലൂമിനിയം 2830 ഡോളറായി കുറഞ്ഞു. മറ്റു ലോഹങ്ങളും താഴ്ചയിലാണ്.

സ്വർണം കയറി

സ്വർണം ഉയർന്നു. ഡോളർ സൂചിക താണതും യുഎസ് കടപ്പത്രവില വർധിച്ചതുമാണു കാരണം. ഇന്നലെ 1781-1809 ഡോളർ മേഖലയിൽ ചാഞ്ചാടിയ സ്വർണം ഇന്നു രാവിലെ 1802 - 1804 മേഖലയിൽ വ്യാപാരം നടക്കുന്നു. കേരളത്തിൽ സ്വർണ വില ഇന്ന് അൽപം ഉയരാം.
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1649.6 കോടി രൂപ ക്യാഷ് വിപണിയിൽ ഓഹരികൾക്കായി ചെലവഴിച്ചു. ഇന്ത്യൻ ഫണ്ടുകൾ 310.31 കോടിയുടെ ഓഹരികൾ വിറ്റു.

സീയിൽ നടക്കുന്നത്

സുഭാഷ് ചന്ദ്രയുടെ സീ ഗ്രൂപ്പിലെ കോളിളക്കം തുടരുന്നു. സീ എൻറർടെയ്ൻമെൻ്റിൻ്റെ ഓഹരി വില ഇന്നലെ 40 ശതമാനത്തിലധികം വർധിച്ചു. ഓപ്ഷൻസ് വിപണിയിൽ അവിശ്വസനീയമായ 9500 ശതമാനം കുതിപ്പാണു് സീക്കുണ്ടായത്. കമ്പനിയുടെ എംഡിയെ മാറ്റാൻ വലിയ നിക്ഷേപക ഗ്രൂപ്പ് നോട്ടീസ് നൽകി. നിക്ഷേപകരുടെ എതിർപ്പിനെ തുടർന്നു രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാർ രാജിവച്ചു. ഇതേ സമയം രാകേഷ് ജുൻജുൻ വാലയും ബാങ്ക് ഓഫ് അമേരിക്കയും സീയുടെ ഓഹരികളിൽ 225 കോടി രൂപ നിക്ഷേപിച്ചു. ഹിന്ദുസ്ഥാൻ ടൈംസും സീയിൽ വലിയ നിക്ഷേപം നടത്തി.
ടെലികോം മേഖലയ്ക്കുള്ള ആശ്വാസ പാക്കേജ് ഇന്നു കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യുമെന്നു റിപ്പോർട്ടുണ്ട്. വോഡഫോൺ ഐഡിയയുടെ ഓഹരി വില ഇന്നലെ 10 ശതമാനത്തോളം കയറി.

ഫുഡ് ഡെലിവറിക്കാരെ ജിഎസ്ടി പിടികൂടും

ഫുഡ് ഡെലിവറി കമ്പനികളും അവർക്കു സാധനങ്ങൾ നൽകുന്ന റസ്റ്ററൻറുകളും നികുതി വെട്ടിക്കുന്നതു തടയാൻ ജിഎസ്ടി കൗൺസിൽ ഒരുങ്ങുന്നു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയ്ക്കു ക്ഷീണം വരുത്തുന്നതാണു നീക്കം. ഡെലിവറി കമ്പനികളെയും നികുതിക്കു ബാധ്യതപ്പെടുത്തും. ഇതിനിടെ സൊമാറ്റോയുടെ ഒരു സഹസ്ഥാപകൻ ഗൗരവ് ഗുപ്ത കമ്പനിയിൽ നിന്നു മാറുന്നതായി പ്രഖ്യാപിച്ചു.

വെളിച്ചെണ്ണ: ചെറിയ കുപ്പികൾക്ക് വലിയ നികുതി

ഒരു ലിറ്ററിൽ കുറഞ്ഞ വെളിച്ചെണ്ണ ബോട്ടിലുകൾക്കു 18 ശതമാനം നികുതി ചുമത്താനും ജിഎസ്ടി കൗൺസിൽ തീരുമാനിക്കുമെന്നു റിപ്പോർട്ടുണ്ട്. ഈ ബോട്ടിലുകൾക്കു ഹെയർ ഓയിലിൻ്റെ നിരക്കാണ് ഇനി ചുമത്തുക. ഇതു വരെ അഞ്ചു ശതമാനമായിരുന്നു നിരക്ക്. പാരഷൂട്ട് നിർമാതാക്കളായ മാരികോയെ ഇതു ബാധിക്കും.

മൊത്തവിലയും ചില്ലറവിലയും രണ്ടു വഴിക്കു നീങ്ങുമ്പോൾ

ഓഗസ്റ്റിലെ മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ഓഗസ്റ്റിൽ 11.39 ശതമാനത്തിലേക്കു കയറി. ജൂലൈയിൽ 11.16 ശതമാനമായിരുന്നു. ഏപ്രിൽ മുതൽ ഇരട്ടയക്കത്തിലാണു മൊത്തവിലക്കയറ്റം.
ചില്ലറ വിലക്കയറ്റത്തോത് ഓഗസ്റ്റിൽ നാലു മാസത്തെ താഴ്ന്ന നിലയായ 5.3 ശതമാനത്തിൽ എത്തിയെങ്കിലും ആശ്വസിക്കാൻ കാര്യമില്ലെന്നാണു മൊത്ത വിലക്കയറ്റ കണക്കു പറയുന്നത്. ചില്ലറവില സൂചികയിൽ പകുതിയാേളം ഭക്ഷ്യവസ്തുക്കളുടെ വിലയാണ്. മൊത്തവില സൂചികയിൽ ആ പങ്ക് ഫാക്ടറി ഉത്പന്നങ്ങൾക്കാണ്. ഫാക്ടറി ഉൽപന്നങ്ങളുടെയും ധാതുക്കളുടെയും എണ്ണക്കുരുക്കളുടെയും വില ഉയർന്നു പോകുന്നതായി മൊത്തവില സൂചിക കാണിക്കുന്നു. ഇതു വരും മാസങ്ങളിൽ ചില്ലറവില സൂചികയിൽ പ്രതിഫലിക്കും.
ഭക്ഷ്യ വിലകൾ കുറയുകയാണ്. മറിച്ചൊന്നും സംഭവിക്കുന്നില്ലെങ്കിൽ നവംബർ വരെ ഈ താഴ്ച തുടരും. അതേസമയം ക്രൂഡ് ഓയിൽ, പ്രകൃതി വാതകം തുടങ്ങിയവയുടെ വില ഉയരുന്നതും ലോഹങ്ങൾ ഉയർന്ന നിലവാരത്തിൽ നിന്നു താഴാത്തതും മൊത്തവിലയിലും ചില്ലറ വില്ലയിലും കാര്യമായ വർധനയ്ക്കു കാരണമാകും. ഒറ്റനോട്ടത്തിൽ കാണുന്നതുപോലെ ഭദ്രമല്ല ഇന്ത്യയിലെ വിലക്കയറ്റനില എന്നു ചുരുക്കം. ക്രൂഡ് വില 74 ഡോളർ കടന്നത് ആശങ്കാജനകമാണ്.

യുഎസ് വിലക്കയറ്റത്തിലെ സൂചനകൾ

ഓഗസ്റ്റിലെ യുഎസ് ചില്ലറ വിലക്കയറ്റത്തിൻ്റെ തോത് കുറഞ്ഞത് വിലക്കയറ്റം താൽക്കാലികമാണെന്ന ഫെഡ് നിലപാടിനെ ശരിവച്ചു. ഫെഡ് പലിശ കൂട്ടലും മറ്റും സാവകാശമേ നടത്തൂ എന്ന് ഉറപ്പു വരുത്തുന്നതായി അത്. എന്നാൽ ഫെഡ് കടപ്പത്രം തിരിച്ചു വാങ്ങൽ പരിപാടി ചെറുതാക്കുന്നത് നവംബറിൽ തന്നെ പ്രഖ്യാപിക്കും എന്നാണു ധനകാര്യ വിദഗ്ധർ പറയുന്നത്. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ ചില്ലറ വിലക്കയറ്റം ജൂലൈയിലെ 4.3 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ നാലു ശതമാനമായി കുറഞ്ഞു. 4.2 ശതമാനമാകും എന്നായിരുന്നു നിഗമനം. മൊത്തം ചില്ലറ വിലക്കയറ്റം 5.3 ശതമാനം കൂടി. ജൂലൈയിൽ 5.4 ശതമാനമായിരുന്നു.
വിലക്കയറ്റ കണക്കു യുഎസ് ഓഹരികളെ താഴ്ത്തി; ഡോളറിനും ക്ഷീണമായി; യു എസ് കടപ്പത്രവിലകൾ കൂടി.

അമേരിക്കൻ കമ്പനികൾക്കു നികുതി കൂട്ടുന്നു

യു എസ് ഓഹരികൾക്കു കമ്പനി നികുതി വർധിക്കാനുള്ള സാധ്യതയും ഭീഷണിയായി. ഇപ്പോഴത്തെ 21 ശതമാനത്തിൽ നിന്ന് 26.5 ശതമാനമാക്കണമെന്ന് ഡെമോക്രാറ്റുകൾ നിർദേശിക്കുന്നു. പ്രസിഡൻ്റ് ബൈഡൻ്റെ 3.5 ലക്ഷം കോടി ഡോളർ ബജറ്റ് നടപ്പാക്കണമെങ്കിൽ നികുതി കൂട്ടണം. ചെറിയ നീക്കുപോക്കുകൾക്കു ഡെമോക്രാറ്റുകൾ വഴങ്ങിയാലും നികുതി ഗണ്യമായി വർധിക്കുമെന്ന് ഉറപ്പാണ്.
ആപ്പിൾ കമ്പനി ഐഫോൺ 13 - ഉം മറ്റു കുറേ ഉൽപന്നങ്ങളും ഇന്നലെ അവതരിപ്പിച്ചെങ്കിലും ആപ്പിൾ ഓഹരികൾക്കു വിലയിടിഞ്ഞു. സൂചികകളെ വലിച്ചു താഴ്ത്തിയതും ആപ്പിൾ ആണ്.


This section is powered by Muthoot Finance


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it