ലാഭമെടുക്കൽ ഇന്നും ഓഹരി സൂചികകളെ താഴ്ത്തുമോ? തിരുത്തൽ ഇല്ലാതെ കുതിക്കാൻ പറ്റുമോ? ചൈനീസ് വളർച്ച കുറയുമെന്നു പ്രവചനം; സ്വർണ്ണ വില താഴോട്ട് പോകുമോ?

ലാഭമെടുക്കലിൻ്റെ സമ്മർദത്തിൽ ഓഹരി സൂചികകൾ രാവിലത്തെ നേട്ടമെല്ലാം നഷ്ടപ്പെടുത്തിയ ദിവസമാണു കടന്നു പോയത്. എങ്കിലും മുഖ്യസൂചികകൾ നേരിയ നേട്ടം രേഖപ്പെടുത്തി. സെൻസെക്സ് 60,412.32 ലും നിഫ്റ്റി 17,943.5 ലും പുതിയ സർവകാല റിക്കാർഡ് കുറിച്ച ശേഷമാണ് യഥാക്രമം 60,077.88 ലും 17,855.1 ലും ക്ലാേസ് ചെയ്തത്. ഇന്നും വിപണിയിൽ വിൽപന സമ്മർദം പ്രതീക്ഷിക്കുന്നുണ്ട്.

ഇന്നലെ യൂറോപ്യൻ ഓഹരികൾ താഴാേട്ടു പോയി. ചൈനീസ് വളർച്ചയെപ്പറ്റിയുള്ള ആശങ്കയും വൈദ്യുതി - ഇന്ധന പ്രതിസന്ധിയുമാണു കാരണങ്ങൾ. യുഎസ് വിപണി സമ്മിശ്ര ചിത്രമാണു നൽകിയത്.മുഖ്യസൂചികകൾ താഴ്ചയിൽ നിന്നു ഗണ്യമായി തിരിച്ചു കയറി. ഡൗ ജോൺസ് നേരിയ നേട്ടത്തോടെയും നാസ് ഡാക് നേരിയ താഴ്ചയോടെയും ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ തളർച്ചയിലാണ്. ഏഷ്യൻ സൂചികകൾ നല്ല താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.

ഓട്ടോയും റിയൽറ്റിയും കുതിച്ചു

വാഹന കമ്പനികൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ എന്നിവയിലെ അസാധാരണ കുതിപ്പാണ് ഇന്നലെ ഇന്ത്യൻ വിപണിയെ ഉയർത്തി പകർത്തിയത്. മാരുതി സുസുകി 6.49 ശതമാനവും ടാറ്റാ മോട്ടോഴ്സ് 4.31 ശതമാനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 4.09 ശതമാനവും കുതിച്ചു. ഹീറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ തുടങ്ങിയവയും വലിയ നേട്ടമുണ്ടാക്കി. റിലയൻസ് 1.7 ശതമാനം ഉയർന്നു സർവകാല റിക്കാർഡിൽ എത്തുകയും വിപണി മൂല്യം 16 ലക്ഷം കോടി രൂപയിലധികമാക്കുകയും ചെയ്തു. റിയൽറ്റി സൂചിക 2.99 ശതമാനം ഉയർന്നു. ഇതേ സമയം ഐടി, ഫാർമ, ഹെൽത്ത് കെയർ കമ്പനികളിൽ ലാഭമെടുക്കലിനായുള്ള വിൽപന അവയുടെ വിലയിടിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 594.63 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 1397.69 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.
ഡോളർ വീണ്ടും ഉയർന്നു. ഇന്നലെ 14 പൈസ നേട്ടത്തോടെ 73.83 രൂപയിലെത്തി ഡോളർ.

ഏഷ്യൻ തകർച്ച പ്രതിഫലിക്കുമോ?

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,937.8 വരെ കയറിയിട്ട് 17,880 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,905 വരെ കയറുകയും 17, 825 ലേക്കു വീഴുകയും ചെയ്തു.. വിപണിഗതിയെപ്പറ്റി പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകളാണ് ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
ഏഷ്യൻ വിപണികളുടെ തളർച്ച ഇന്ത്യയിലും പ്രതിഫലിക്കുമെന്നാണു ബ്രോക്കറേജുകൾ കരുതുന്നത്. ഒരു ഹ്രസ്വകാല തിരുത്തലിൻ്റെ സാധ്യത അവർ തള്ളിക്കളയുന്നില്ല.
നിഫ്റ്റിക്ക് 17,800- 17,750 മേഖലയിൽ ശക്തമായ സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സപ്പോർട്ട് വിട്ടു താഴോട്ടു നീങ്ങിയാൽ 17,600 വരെ താഴാം. മുന്നോട്ടുള്ള യാത്രയിൽ 17,950 ലാണു നിഫ്റ്റി വലിയ തടസം നേരിടുക.

ഉയർച്ചയ്ക്കു വഴി കാണാതെ സ്വർണം

സ്വർണം ഇന്നലെ ലോക വിപണിയിൽ 1744-1761 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1750 ഡോളറിലാരംഭിച്ച വ്യാപാരത്തിൽ വില 1748 ലേക്കു താണു. വില ഉയരാനുള്ള ചോദനങ്ങളൊന്നും വിപണിയിൽ കാണുന്നില്ല. യുഎസിലടക്കം കടപ്പത്ര വില താഴോട്ടു പോരുന്നതും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (Yield) ഉയരുന്നതും പലിശവർധനയിലേക്കു വിരൽ ചൂണ്ടുന്നു. അതു ഡാേളർ നിരക്ക് ഉയരാനും സ്വർണം താഴോട്ടു പോകാനും കാരണമാകും. വലിയ സ്വർണ ഇടിഎഫുകളിൽ നിന്നു വലിയ നിക്ഷേപകർ പിന്മാറുന്നത് ഈ സാഹചര്യത്തിലാണ്.

ക്രൂഡ് വീണ്ടും ഉയരുന്നു; 90 ഡോളറിലേക്കു നീങ്ങും

ക്രൂഡ് ഓയിൽ വില 80 ഡോളറിൽ സ്പർശിച്ച ശേഷം ഇന്നലെ താണു. എന്നാൽ പിന്നീട് ഉയർച്ചയുടെ വഴിയിലാണ്. രണ്ടു ശതമാനത്തോളം ഉയർന്ന് ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 79.8 ഡോളറിൽ എത്തിയിട്ട് 79.3 ഡോളറിലേക്കു താണു. വില ഉയരുമെന്നാണു വിലയിരുത്തൽ. ശീതകാലമാകുമ്പോൾ ഉള്ള വർധിച്ച ആവശ്യത്തിനനുസരിച്ച് ഉൽപാദനം കൂടുന്നില്ല. പ്രകൃതി വാതക ലഭ്യത വീണ്ടും കുറഞ്ഞു. ഡിസംബറോടെ ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 90 ഡോളറാകുമെന്നു ഗോൾഡ്മാൻ സാക്സ് പ്രവചിച്ചു.
വ്യാവസായിക ലോഹങ്ങൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ചെമ്പ്, ഇരുമ്പയിര്, ലെഡ് തുടങ്ങിയവയ്ക്കു വില കൂടിയപ്പോൾ അലൂമിനിയവും ടിന്നും സിങ്കും നിക്കലും താണു.

ചൈനയിൽ വളർച്ച കുറയുന്നു

ചൈനയിൽ വൈദ്യുതി ക്ഷാമം മൂലം ഫാക്ടറികളുടെ പ്രവർത്തനം കുറയുന്നത് ലോഹങ്ങൾക്കു മാത്രമല്ല റബർ അടക്കം അസംസ്കൃത പദാർഥങ്ങൾക്കും വിലയിടിവിനു കാരണമായിട്ടുണ്ട്. ചൈനീസ് വ്യാപാരികൾ ഉൽപന്നം വാങ്ങൽ കുറച്ചു തുടങ്ങി. ചൈനയുടെ ഈ വർഷത്തെ ജിഡിപി വളർച്ച 7.48 ശതമാനമായി കുറയുമെന്നു ഗോൾഡ്മാൻ സാക്സ് ഇന്നലെ വിലയിരുത്തി. 8.2 ശതമാനമായിരുന്നു അവരുടെ മുൻ വിലയിരുത്തൽ. ചൈനീസ് വളർച്ച കുറയുന്നത് ചൈനയിലേക്കുള്ള കയറ്റുമതി കുറയ്ക്കും. ലോഹങ്ങൾ, രാസവസ്തുക്കൾ, ധാന്യങ്ങൾ, പരുത്തി തുടങ്ങിയവയുടെ വിലയെ അതു ബാധിക്കും.

എവർഗ്രാൻഡെ: പണം നൽകിയവർ നഷ്ടം സഹിക്കേണ്ടി വരും

ചൈനയിലെ എവർഗ്രാൻഡെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. എവർഗ്രാൻഡെയിൽ നിന്നു പാർപ്പിടങ്ങൾ വാങ്ങിയവരുടെ പണം നഷ്ടപ്പെടുകയില്ലെന്നും ഫ്ലാറ്റുകൾ പൂർത്തിയാക്കുമെന്നും ചൈനയുടെ കേന്ദ്ര ബാങ്ക് ഇന്നലെ ഉറപ്പു നൽകി. എന്നാൽ എവർഗ്രാൻഡെയുടെ കടപ്പത്രങ്ങൾ കൈവശമുള്ളവരുടെ കാര്യത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. കടപ്പത്രങ്ങളിൽ നിക്ഷേപിച്ചവർ വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്നാണു സൂചന. കടപ്പത്രങ്ങൾ തിരിച്ചു വാങ്ങാൻ കമ്പനി കൂടുതൽ കാലാവധി ചോദിക്കുമെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടം പുനർ ക്രമീകരിക്കാൻ ബാങ്കുകളും കടപ്പത്ര ഉടമകളും സമ്മതിച്ചാൽ എവർഗ്രാൻഡെയുടെ സമ്പൂർണ തകർച്ച ഒഴിവാക്കാം.


This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it