ശക്തമായ തിരിച്ചു കയറ്റം; വീണ്ടും പ്രതീക്ഷയോടെ വിപണി; ഫെഡ് തീരുമാനത്തിൽ ആശ്വാസം; മാരുതിയുടെ റിസൽട്ടിൽ നിരാശ; എയർടെൽ ചെയ്യുന്നത് എന്ത്?

കുത്തനെ ഇടിഞ്ഞതിനു ശേഷം ശക്തമായ തിരിച്ചവരവ്. ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണിയുടെ സെൻസെക്സ് 700-ലേറെ പോയിൻ്റിൻ്റെ ചാഞ്ചാട്ടം കാണിച്ചു. ഒടുവിൽ തുടർച്ചയായ മൂന്നാം ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിദേശികൾ വൻതോതിൽ ഓഹരികൾ വിറ്റൊഴിഞ്ഞിട്ടും വലിയ തകർച്ചയില്ലാതെ പിടിച്ചു നിന്നു എന്നതാണ് എടുത്തു പറയണ്ട കാര്യം. ബുള്ളുകൾ കരുത്തു കാണിക്കുകയും സ്വദേശി ഫണ്ടുകൾ സൂചികകളെ താങ്ങി നിർത്താൻ തക്ക രീതിയിൽ വാങ്ങലുകാരാകുകയും ചെയ്തു.

ഇന്നു പ്രതീക്ഷയോടെയാണു വിപണി തുടങ്ങുക. അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡ് വിപണിക്കു സഹായകമായ തീരുമാനങ്ങളാണു കൈക്കൊണ്ടത്. ഏഷ്യൻ വിപണികൾ രാവിലെ ഉണർവോടെ തുടങ്ങി.
ഇന്നലെ സെൻസെക്സ് 0.26 ശതമാനം താണ് 52,447.71 ലും നിഫ്റ്റി 0.24 ശതമാനം താണ് 15,709.4 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അര ശതമാനം വീതം താണു. ബാങ്ക് സൂചിക 0.76 ശതമാനം താഴ്ന്നു.

വിദേശികളുടെ വിൽപന റിക്കാർഡ്

ഇന്നലെ വിദേശ നിക്ഷേപകർ 2274.77 കോടി രൂപയാണ് ഓഹരികളിൽ നിന്നു പിൻവലിച്ചത്.പ്രതിദിന വിൽപനയിലെ റിക്കാർഡാണിത്. ഇതോടെ ഈ മാസം അവരുടെ വിൽപന 18,478.82 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 921.45 കോടി രൂപയുടെ പുതിയ നിക്ഷേപം നടത്തി. ഫണ്ടുകൾ ഈ മാസം ഇതു വരെ 13,390 കോടി രൂപ നിക്ഷേപിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി 15,796.8 വരെ ഉയർന്നാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ നിരക്ക് 15,730 ലേക്കു താണു.

15,500-15,900 മേഖലയിൽ എന്ത്?

താഴുമ്പോൾ വാങ്ങാനും ഉയരുമ്പോൾ പെട്ടെന്നു ലാഭത്തിൽ വിൽക്കാനുമുള്ള പ്രവണത വിപണിയിൽ വർധിച്ചുവരുകയാണെന്നു നിരീക്ഷകർ പറയുന്നു. നിഫ്റ്റി 15,500 നു സമീപത്താകുമ്പോൾ വാങ്ങാനും 15,800-നു മുകളിലാകുമ്പോൾ വിൽക്കാനും വലിയ തിരക്കാണ്. 15,900 നിഫ്റ്റിക്കു ബാലികേറാമലയായി മാറുന്നത് ഇതിൻ്റെ ഫലമാണ്.
മുൻപ് കണക്കാക്കിയിരുന്ന സപ്പോർട്ട് പോയിൻ്റുകൾ കടന്നു നിഫ്റ്റി ഇന്നലെ താഴോട്ടു പോയെങ്കിലും തിരികെ 15,700 നു മുകളിൽ ക്ലോസ് ചെയ്യാൻ കഴിഞ്ഞത് ബുള്ളുകൾക്കു കരുത്തു പകരുന്നതായി സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. 15,820-15,850 മേഖലയിലാണ് വലിയ തടസം പ്രതീക്ഷിക്കുന്നത്.

വിദേശത്ത് ഉണർവ്

യൂറോപ്യൻ ഓഹരികൾ ഇന്നലെ അൽപം താണെങ്കിലും ഫ്യൂച്ചേഴ്സ് ഉയർച്ച കാണിക്കുന്നു. യു എസ് സൂചികകൾ ഫെഡ് തീരുമാനത്തിനു ശേഷം നഷ്ടം കുറച്ചു. ആൽഫബെറ്റ് (ഗൂഗിൾ) മികച്ച റിസൽട്ട് പുറത്തുവിട്ടതിനാൽ നാസ്ഡാക് 102 പോയിൻ്റ് ഉയർന്നു. ഡൗ ജോൺസ് 128 പോയിൻ്റ് താഴ്ന്നാണു ക്ലാേസ് ചെയ്തതെങ്കിലും ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലാണ്. ഫെഡ് ചെയർമാൻ കാര്യങ്ങൾ വിശദീകരിച്ച ശേഷം വിപണി മനോഭാവത്തിൽ മാറ്റം വന്നതു ഫ്യൂച്ചേഴ്സിൽ പ്രതിഫലിച്ചു.
ജപ്പാനിലടക്കം ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഗണ്യമായ നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. നിക്കെെ തുടക്കത്തിൽ തന്നെ അര ശതമാനം ഉയർന്നു.

ചൈനയിൽ നടക്കുന്നത്

ചൈനയിൽ കുറേ ദിവസങ്ങളായി വിപണി ഇടിയുകയാണ്. വിദേശ മൂലധനം സ്വീകരിച്ച കമ്പനികൾക്കും ഗ്രൂപ്പുകൾക്കുമെതിരേ സർക്കാരും മറ്റും എടുത്ത നടപടികളെ തുടർന്നായിരുന്നു ഈ തകർച്ച. ഒരാഴ്ചകൊണ്ട് ഷാങ്ഹായ് കോംപസിറ്റ് സൂചിക ആറു ശതമാനം ഇടിഞ്ഞു. പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ആയ എവർഗ്രാൻഡിലെ ധനകാര്യ കുഴപ്പങ്ങളും വിപണിയെ ഉലച്ചു. വിപണി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചൈന ഇന്നു ബാങ്കർമാരുടെയും റെഗുലേറ്റർമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

ലോഹങ്ങൾ ഉയരുന്നു

ക്രൂഡ് ഓയിൽ വില ഫെഡ് തീരുമാനത്തെ തുടർന്ന് അൽപം താണു. ബ്രെൻ്റ് ഇനം വീപ്പക്ക് 74.65 ഡോളറിലേക്കാണു കുറഞ്ഞത് .
ഫെഡ് തീരുമാനം സ്വർണത്തിനു കരുത്തായി. ഫെഡ് പ്രഖ്യാപനം വരും മുമ്പ് 1794 ഡോളറിലേക്കു താണ സ്വർണ വില പിന്നീട് 1810 ലേക്കു കയറി. ഇന്നു രാവിലെ 1811-1812 മേഖലയിലാണു വില. ഇനിയും കയറുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങളുടെ വിലക്കയറ്റം തുടരുന്നു. ഒരാഴ്ചകൊണ്ട് അഞ്ചു ശതമാനം കയറിയ ചെമ്പ് ഇന്നലെ നേരിയ താഴ്ച കാണിച്ചു. എന്നാൽ വില ഇനിയും ഉയരുമെന്നാണു പ്രതീക്ഷ. ടണ്ണിന് 9700 ഡോളറിലുള്ള ചെമ്പ് ഇക്കൊല്ലം 10,000 ഡോളർ കടക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.
അലൂമിനിയം ഇന്നലെയും ഒരു ശതമാനം ഉയർന്നു. ഡിമാൻഡ് കൂടുന്നതനുസരിച്ച് ലോഹലഭ്യത കൂടുന്നില്ല. ഇപ്പോൾ ടണ്ണിന് 2526 ഡോളറിലുള്ള അലൂമിനിയം 3000 ഡോളറാണു ലക്ഷ്യമിടുന്നതെന്നു ഗോൾഡ്മാൻ സാക്സ് വിലയിരുത്തി.

ഫെഡ് തീരുമാനത്തിൻ്റെ കാതൽ

അമേരിക്കയിൽ പലിശ നിരക്കിലും കടപ്പത്രം വാങ്ങൽ പരിപാടിയിലും ഒരു മാറ്റവും വേണ്ടെന്നു ഫെഡ് തീരുമാനിച്ചതു പ്രതീക്ഷകൾക്കൊത്തു പോകുന്നതായി. തീരുമാനം ഏകകണ്ഠമായിരുന്നു എന്നതു പ്രതീക്ഷിച്ചതല്ല. ജനുവരിയോടെ കടപ്പത്രം വാങ്ങൽ കുറയ്ക്കണമെന്ന നിലപാട് ചില അംഗങ്ങൾ എടുക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. തൊഴിൽ സംഖ്യ വർധിക്കുകയും കാതൽ വിലക്കയറ്റം രണ്ടു ശതമാനത്തിലേക്കു സുസ്ഥിര തോതിൽ എത്തുകയും ചെയ്തിട്ടേ എന്തെങ്കിലും മാറ്റം ആലോചിക്കു എന്ന് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കി. ഈ വർഷം ഏഴു ശതമാനം ജിഡിപി വളർച്ചയാണു യുഎസ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം ഇപ്പാേൾ അഞ്ചു ശതമാനമാണെങ്കിലും അതു താൽക്കാലികമാണെന്നു ഫെഡ് ആവർത്തിച്ചു പറഞ്ഞു.
ഫെഡ് തീരുമാനത്തിൻ്റെ ചുരുക്കം ഇതാണ്: അമേരിക്കയിൽ പലിശ കൂടുമെന്നു കരുതി വിദേശ നിക്ഷേപകർ ഇന്ത്യയിലെയും മറ്റും നിക്ഷേപം പിൻവലിക്കേണ്ട കാര്യമില്ല. ഇന്ത്യയിലെ ഓഹരി - കടപ്പത്ര വിപണികൾക്കും രൂപയ്ക്കും ആശ്വാസകരമാണ് ഈ തീരുമാനം. അടുത്തയാഴ്ച ചേരുന്ന റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി പലിശ കൂട്ടുകയില്ലെന്നും സർക്കാർ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്നതു തുടരുമെന്നും തീരുമാനിക്കുമെന്ന് ഇതോടെ ഉറപ്പായി.

മാരുതി നിരാശപ്പെടുത്തി

മാരുതി സുസുകിയുടെ ഒന്നാം പാദ റിസൽട്ട് പ്രതീക്ഷകൾക്കു വിപരീതമായി. വിൽപന കുറഞ്ഞതും മറ്റും വിപണിക്ക് അറിവുള്ളതായിരുന്നു. ലാഭം കുറവാകുമെന്നും കരുതി.എന്നാൽ ലാഭ മാർജിൻ ഇത്രയും താഴോട്ടു പോകുമെന്നു കരുതിയില്ല. ജനുവരി-മാർച്ചിലെ 8.3 ശതമാനത്തിൽ നിന്നു ലാഭ മാർജിൻ ഏപ്രിൽ- ജൂണിൽ 4.6 ശതമാനമായി താണു. ലോഹങ്ങളുടെയും ഘടകപദാർഥങ്ങളുടെയും പെയിൻ്റിൻ്റെയും മൈക്രോ ചിപ്പുകളുടെയും വിലവർധനയ്ക്കനുസരിച്ചു വാഹനവില കൂട്ടാൻ കമ്പനിക്കു സാധിച്ചില്ല. ജനുവരി മുതൽ മൂന്നു തവണ വില കൂട്ടിയെങ്കിലും അധികച്ചെലവിൻ്റെ വലിയ ഭാഗം കമ്പനി തന്നെ വഹിച്ചു. ഇതാണു ജനുവരി-മാർച്ചിലെ 1166 കോടി അറ്റാദായം ഏപ്രിൽ - ജൂണിൽ 441 കോടിയായി കുറയാൻ കാരണം.
വാഹനങ്ങൾക്കു ഡിമാൻഡ് വർധിച്ചു വരുന്നുണ്ടെന്നും ജൂലൈയിൽ അന്വേഷണങ്ങൾ മുൻ വർഷത്തേതിൻ്റെ 85 ശതമാനം ആയെന്നും സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. കോംപാക്റ്റ് എസ് യു വി വിപണിയിൽ മാരുതിയുടെ പങ്ക് 10 ശതമാനം വർധിച്ചു. എന്നാൽ മിഡ് ലെവലിലും വലിയ ഇനങ്ങളിലും കമ്പനി വളരെ പിന്നിലാണ്.

എയർടെൽ നിരക്ക് കൂട്ടി

ഭാരതി എയർടെൽ പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചത് ഇന്നലെ ഓഹരി വില അഞ്ചു ശതമാനം കൂടാൻ കാരണമായി. ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് വൗച്ചറിനു 49 രൂപയിൽ നിന്ന് 79 രൂപയിലേക്കാണു വർധന. 60 ശതമാനം കൂടുതൽ. എയർടെലിൻ്റെ വരിക്കാരിൽ 95 ശതമാനവും പ്രീപെയ്ഡുകാരാണ്. വരുമാനത്തിൻ്റെ 75 ശതമാനം പ്രീപെയ്ഡുകാരിൽ നിന്നു കിട്ടുന്നു. പോസ്റ്റ് പെയ്ഡ് നിരക്ക് കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. കമ്പനിയുടെ എ ആർ പി യു (ഓരോ കണക്ഷനിൽ നിന്നുമുള്ള പ്രതിമാസ വരുമാനം) 145 രൂപയിൽ നിന്നു ഗണ്യമായി കൂട്ടാൻ ഇതു സഹായിക്കും.
മറ്റു കമ്പനികളും നിരക്ക് കൂട്ടുമെന്നാണു സൂചന.
വോഡഫോൺ ഐഡിയയുടെ ഭാവി സംബന്ധിച്ചു വ്യക്തത ഉണ്ടായിട്ടില്ല. കമ്പനിയെ സർക്കാർ ഏറ്റെടുത്തു ബി എസ് എൻ എലിൽ ലയിപ്പിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it