മുത്തൂറ്റ് ഫിനാൻസ് ഓഹരി വില 9 ശതമാനത്തോളം ഉയർന്നു, പുറവങ്കര നൽകുന്ന സൂചനയെന്ത്?

വിപണി കരുത്ത് വീണ്ടെടുത്തു. നിഫ്റ്റി 15,650 കടന്നു നീങ്ങി. സെൻസെക്സ് 52,000 നു മുകളിൽ കയറി. ലാഭമെടുക്കുന്നവരുടെ വിൽപന സൂചികകളുടെ ഉയർച്ചയ്ക്കു പ്രതിബന്ധമായേക്കാം.

മേയ് മാസത്തിൽ രാജ്യത്തെ സേവന മേഖല താഴോട്ടു പോയതായി പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ്ഇൻഡെക്സ്) സർവേ കാണിച്ചു. ഏപ്രിലിലെ 54-ൽ നിന്നു സൂചിക 46.4 ആയി താണു. സൂചിക 50-നു താഴെയായതു തളർച്ചയെ സൂചിപ്പിക്കുന്നു. സർവേ ഫലം വിപണിയുടെ ഉയർച്ചയ്ക്കു തടസം സൃഷ്ടിക്കാം.
റിയൽ എസ്റ്റേറ്റ് മേഖല താമസിയാതെ ഉണർവ് വീണ്ടെടുക്കും എന്നു വിപണി കരുതുന്നു. പ്രമുഖ റിയൽറ്റി കമ്പനികൾക്കു വില ഗണ്യമായി കൂടി. പുറവങ്കര ഓഹരിക്ക് 13 ശതമാനം വില ഉയർന്നു.
കുറച്ചു ദിവസങ്ങളായി ഉയരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിക്ക് ഇന്നു രാവിലെയും വില കൂടി.
സ്റ്റീൽ, മെറ്റൽ കമ്പനികൾ ഇന്നു ചെറിയ ഉയർച്ച കാണിച്ചു. അതേസമയം ടാറ്റാ സ്റ്റീൽ രാവിലെ താഴ്ചയിലാണ്.
5000 കോടി രൂപയുടെ ധനസമാഹരണത്തിനു തീരുമാനമെടുത്ത മുത്തൂറ്റ് ഫിനാൻസിൻ്റെ ഓഹരി ഇന്നു രാവിലെ ഒൻപതു ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ നാലാംപാദ ലാഭ വർധനയും കടം തിരിച്ചടവിലെ മികവുമാണ് പ്രധാന കാരണം. കമ്പനിയുടെ സ്വർണശേഖരം 171 ടൺ ഉണ്ട്.
ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക് ഓഹരികൾക്ക് ഇന്നു രാവിലെ വില ഉയർന്നു. ധനലക്ഷ്മി ബാങ്കിനു രാവിലെ വില കുറഞ്ഞു.
ലോക വിപണിയിൽ ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില വീപ്പയ്ക്ക് 71.85 ഡോളർ ആയി.
ഡോളർ ഏഴു പൈസ നേട്ടത്തിൽ 73.16 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പക്ഷേ പിന്നീടു താണ് 73.05 രൂപയിലെത്തി.
ലോക വിപണിയിൽ സ്വർണ വില ഔൺസിന് 1904 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കൂടി 36,960 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it