വിപണിയില്‍ കാളക്കൂറ്റന്മാരുടെ ന്യൂ ഇയര്‍ പാര്‍ട്ടി, ബുള്ളറ്റ് കരുത്തില്‍ ഐഷർ, അപ്പര്‍ സര്‍ക്യൂട്ടില്‍ തുടര്‍ന്ന് കിറ്റെക്‌സ്

പുതുവര്‍ഷത്തിലെ രണ്ടാം ദിനത്തിലും ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍. പതിഞ്ഞ താളത്തില്‍ വില്‍പ്പന ആരംഭിച്ച സൂചികകള്‍ ഉച്ചക്ക് ശേഷം കത്തിക്കയറി. പോയ വര്‍ഷത്തെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവന്നതോടെ വാഹന നിര്‍മാണ കമ്പനികളുടെ ഓഹരി വില വര്‍ധിച്ചതാണ് നേട്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നിഫ്റ്റി ഓട്ടോ സൂചിക 3.79 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. ബാങ്കിംഗ്, ഐ.റ്റി സൂചികകളും മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 444.43 ലക്ഷം കോടി രൂപയില്‍ നിന്നും 450.32 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപകരുടെ സമ്പാദ്യത്തില്‍ 5.8 ലക്ഷം രൂപയുടെ നേട്ടമുണ്ടായി.
പ്രധാന സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും 1.8 ശതമാനമാണ് ഉയര്‍ന്നത്. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സ് 1,436.30 പോയിന്റുകള്‍ ഉയര്‍ന്ന് 79,943.71 എന്ന നിലയിലാണ്. നിഫ്റ്റിയാകട്ടെ 445.75 പോയിന്റുകള്‍ ഉയര്‍ന്ന് 24,188.65 എന്ന നിലയിലെത്തി. ഇന്‍ട്രാഡേയില്‍ 24,200 പോയിന്റ് കടക്കാനും നിഫ്റ്റിക്കായി. വ്യാപാരത്തിനെത്തിയ 2,312 ഓഹരികളും നേട്ടത്തിലായപ്പോള്‍ 1,496 ഓഹരികള്‍ നഷ്ടത്തിലായി. 108 ഓഹരികള്‍ക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

വിശാല വിപണിയില്‍ നിഫ്റ്റി മീഡിയ ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് പച്ച കത്തി. 0.11 ശതമാനം ഇടിഞ്ഞ നിഫ്റ്റി മീഡിയ മാത്രമാണ് നഷ്ടത്തിലായത്. നിഫ്റ്റി മിഡ്ക്യാപ് 1.14 ശതമാനവും സ്‌മോള്‍ ക്യാപ് 0.64 ശതമാനവും ഉയര്‍ന്നു.

റോയല്‍ എന്‍ഫീല്‍ഡിന് 25 ശതമാനം വില്‍പ്പന കൂടി

15.62 ശതമാനം ഓഹരി വില ഉയര്‍ന്ന സുന്ദരം ഫിനാന്‍സാണ് വിപണിയിലെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഉടമകളായ ഐഷര്‍ മോട്ടോര്‍സും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ഡിസംബര്‍ മാസത്തെ വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കമ്പനിയുടെ ഓഹരി വില കുത്തനെ ഉയര്‍ന്നത്. മുന്‍വര്‍ഷം ഡിസംബറില്‍ 63,387 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയപ്പോള്‍ 2024ല്‍ 79,466 യൂണിറ്റുകള്‍ നിരത്തിലെത്തിച്ചെന്ന് കമ്പനി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. കമ്പനിയുടെ ആഗോള ബിസിനസും നല്ല രീതിയില്‍ മുന്നോട്ടു പോവുകയാണ്. ബ്രോക്കറേജ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് ബൈ റേറ്റിംഗ് നല്‍കിയതിന് പിന്നാലെ ബജാജ് ഫിന്‍സെര്‍വിന്റെ ഓഹരി വിലയും കുതിച്ചുയര്‍ന്നു. ഇന്ന് കമ്പനിയുടെ ഓഹരി വില 7.84 ശതമാനമാണ് ഉയര്‍ന്നത്. ചോള ഫിനാന്‍സ്, ബജാജ് ഫിനാന്‍സ് എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് നേട്ടത്തിലാണ്.

ഊര്‍ജ വിതരണ കമ്പനികളാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്. പെട്രോനെറ്റ് എല്‍.എന്‍.ജി, സുസ്‌ലോണ്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ, എസ്.ജെ.വി.എന്‍ എന്നീ കമ്പനികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

അപ്പര്‍ സര്‍ക്യൂട്ടില്‍ കിറ്റെക്‌സ്

പുതുവര്‍ഷത്തില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്നും നേട്ടം തുടര്‍ന്നു. ഡിസംബര്‍ പാദത്തില്‍ വായ്പയിലും നിക്ഷേപത്തിലും ഗണ്യമായ നേട്ടം കൈവരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്ക് 2.71 ശതമാനം നേട്ടത്തിലായി. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍ മലയാളം, മുത്തൂറ്റ് മൈക്രോഫിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടോളിന്‍സ് ടയേര്‍സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനത്തിലധികം നേട്ടത്തിലാണ്.

അതേസമയം, വെര്‍ടെക്‌സ് സെക്യൂരിറ്റീസ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, പ്രൈമ അഗ്രോ, പോപ്പീസ് കെയര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയ കമ്പനികള്‍ ഇന്ന് നഷ്ടത്തിലുമായി.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it