പ്രവര്‍ത്തനഫലങ്ങള്‍ തുണച്ചു; നേട്ടം തുടര്‍ന്ന് ഓഹരി വിപണി

തുടര്‍ച്ചയായ എട്ടാംദിവസവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഭേദപ്പെട്ട നാലാംപാദ (ജനുവരി-മാര്‍ച്ച്) കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങളും അനുകൂലമായ ആഭ്യന്തര വളര്‍ച്ചാ സൂചകങ്ങളും ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) നിലപാടുമാണ് കരുത്താകുന്നത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


ഇന്ന് സെന്‍സെക്‌സ് 242.27 പോയിന്റ് (0.40 ശതമാനം) ഉയര്‍ന്ന് 61,354.71ലും നിഫ്റ്റി 82.65 പോയിന്റ് (0.46 ശതമാനം) നേട്ടവുമായി 18,147.65ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

നേട്ടം കുറിച്ചവര്‍
ബാങ്കിംഗ്, ധനകാര്യം, വാഹനം, ഐ.ടി തുടങ്ങിയ ഓഹരി വിഭാഗങ്ങളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യമാണ് ഇന്നും ഓഹരികളെ നേട്ടത്തിന്റെ ട്രാക്കില്‍ നിലനിര്‍ത്തിയത്. ടെക് മഹീന്ദ്ര, എന്‍.ടി.പി.സി., ടാറ്റാ സ്റ്റീല്‍, മാരുതി, ഇന്‍ഫോസിസ് എന്നിവ കുറിച്ച നേട്ടമാണ് സെന്‍സെക്‌സിന് കരുത്തായത്.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവ

ഐ.ആര്‍.എഫ്.സി., ദേവയാനി ഇന്റര്‍നാഷണല്‍, ആദാനി പവര്‍, ട്രൈഡന്റ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നിവയാണ് ഏറ്റവുമധികം നേട്ടം കൈവരിച്ച ഓഹരികള്‍. മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് അദാനി ഗ്രീന്‍ ഓഹരികള്‍ മൂന്ന് ശതമാനവും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ 3.6 ശതമാനവും ഉയര്‍ന്നു.
തളര്‍ന്നവര്‍
സൊമാറ്റോ, ഹീറോ മോട്ടോകോര്‍പ്പ്, ഡെല്‍ഹിവെറി, മദേഴ്‌സണ്‍ സുമി, യുണൈറ്റഡ് ബ്രൂവറീസ് എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. സണ്‍ഫാര്‍മ, അള്‍ട്രാടെക് സമിന്റ്, ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടോഴ്‌സ്, കോട്ടക് ബാങ്ക് എന്നിവയും നഷ്ടത്തിലാണുള്ളത്.
ഇന്ന് ഏറ്റവുമധികം ഇടിവ് നേരിട്ട ഓഹരികൾ

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ പണനയം നാളെ പ്രഖ്യാപിക്കുകയാണെന്നതിനാല്‍, ഇന്ന് ഏറെ ജാഗ്രതയോടെയാണ് നിക്ഷേപകര്‍ ഓഹരിവിപണിയെ സമീപിച്ചത്. അതേസമയം, ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന എഫ്.ഐ.ഐ നടപടി ഓഹരികള്‍ക്ക് കരുത്തായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം അവര്‍ വാങ്ങിയത് 3,304 കോടി രൂപയുടെ ഓഹരികളാണ്. വ്യാവസായിക രംഗത്ത് ഉണര്‍വ് പ്രകടമാണെന്ന് വ്യക്തമാക്കി ഏപ്രിലില്‍ മാനുഫാക്ചറിംഗ് പി.എം.ഐ 4-മാസത്തെ ഉയരത്തിലെത്തിയതും നേട്ടമായി.
രൂപയും ക്രൂഡോയിലും
ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ കൂട്ടിയേക്കുമെന്ന സൂചനയുള്ളതിനാല്‍ ഡോളര്‍ ഇന്ന് ശക്തമായിരുന്നു. രൂപ ഡോളറിനെതിരെ 81.88ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞവാരം മൂല്യം 81.82 ആയിരുന്നു. ചൈനയുടെ സമ്പദ്സ്ഥിതി വീണ്ടും മോശമാകുന്നുവെന്ന റിപ്പോര്‍ട്ടുകളും അമേരിക്കന്‍ പലിശപ്പേടിയും ക്രൂഡോയില്‍ വിലയെയും താഴേക്ക് നയിച്ചു. ബാരലിന് 0.44 ശതമാനം ഇടിവുമായി 75.22ലാണ് ഡബ്‌ള്യു.ടി.ഐ ക്രൂഡ് വിലയുള്ളത്. ബ്രെന്റ് ക്രൂഡ് വില 0.54 ശതമാനം താഴ്ന്ന് 78.88 ഡോളറായി.
കുതിച്ച് കൊച്ചി കപ്പല്‍ശാല
കേരളം ആസ്ഥാനമായുള്ള ഓഹരികളില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്ന് 6.30 ശതമാനം മുന്നേറി. എ.വി.ടി., സി.എസ്.ബി ബാങ്ക്, ഫാക്ട്, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും മികച്ച പ്രകടനം നടത്തി.
കേരള കമ്പനികളുടെ ഇന്നത്തെ നിലവാരം

പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ ഓഹരിവില 10.11 ശതമാനം ഇടിഞ്ഞു. വണ്ടര്‍ല 2.11 ശതമാനവും വി-ഗാര്‍ഡ് 1.91 ശതമാനവും നിറ്റ ജെലാറ്റിന്‍ 1.92 ശതമാനവും ജിയോജിത് 1.81 ശതമാനവും നഷ്ടം കുറിച്ചു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it