പുതിയ സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യ വ്യാപാര സെഷന്‍ നേട്ടത്തിന്റേതാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. ക്രൂഡോയില്‍ വില വര്‍ദ്ധനയും അതുമൂലം പണപ്പെരുപ്പം കൂടുമെന്ന ഭീതിയും നിഴലിച്ചിരുന്നില്ലായിരുന്നെങ്കില്‍ ഓഹരി സൂചികകള്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിക്കുമായിരുന്നു. സെന്‍സെക്‌സ് 114.92 പോയിന്റ് നേട്ടവുമായി 59,106.44ലും നിഫ്റ്റി 38.30 പോയിന്റ് ഉയര്‍ന്ന് 17,398.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് ഉയർന്ന നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികൾ
പണപ്പെരുപ്പ ഭീതി വീണ്ടും ശക്തമായതിനാല്‍ വ്യാപാര സെഷനില്‍ മുന്തിയപങ്ക് സമയവും ഓഹരി സൂചികകള്‍ നഷ്ടത്തിലായിരുന്നു. പിന്നീടാണ് ഹീറോ മോട്ടോകോര്‍പ്പ്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവയിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യത്തിന്റെ പിന്‍ബലത്തില്‍ ഓഹരികള്‍ നേട്ടത്തിലേറിയത്. മാര്‍ച്ചിലെ മികച്ച വില്‍പന നേട്ടം വാഹന ഓഹരികള്‍ക്ക് ഗുണമായി. ഉത്പാദനം കഴിഞ്ഞ 17 വര്‍ഷത്തെ ഉയരത്തിലെത്തിയ കണക്കുകള്‍ കോള്‍ ഇന്ത്യ ഓഹരികള്‍ക്കും കുതിപ്പേകി.
അപ്രതീക്ഷിത തിരിച്ചടി
അപ്രതീക്ഷിതമായാണ് സൗദി അറേബ്യ അടക്കമുള്ള പ്രമുഖ ക്രൂഡോയില്‍ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെക് പ്ലസ്' ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ക്രൂഡോയില്‍ വില മുന്നേറി. ബ്രെന്റ് ക്രൂഡ് വില 5 ശതമാനത്തോളം ഉയര്‍ന്ന് 84.45 ഡോളര്‍ കടന്നു. ഡബ്ല്യു.ടി.ഐ ക്രൂഡും 5 ശതമാനത്തോളം ഉയര്‍ന്ന് 80.1 ഡോളറിലെത്തി.
വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം
ഉപഭോഗത്തിന്റെ 85 ശതമാനത്തോളം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാണ് ഈ വിലക്കയറ്റം. രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇതിടയാക്കും. സാമ്പത്തിക വളര്‍ച്ചയെയും ഇത് സാരമായി ബാധിക്കും. ബി.പി.സി.എല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, അദാനി എന്റര്‍പ്രൈസസ്, ഐ.ടി.സി., ഇന്‍ഫോസിസ് എന്നിവയാണ് നഷ്ടത്തിലേക്ക് വീണ മുന്‍നിര ഓഹരികള്‍. സെബി (SEBI) അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് തളര്‍ന്നു.
സമ്മിശ്ര പ്രകടനം
വാഹന, പി.എസ്.യു ബാങ്ക്, റിയാല്‍റ്റി ഓഹരികള്‍ ഇന്ന് ഒരു ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്.എം.സി.ജി., ഊര്‍ജം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ.ടി ഓഹരികളില്‍ കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായി. ബി.എസ്.ഇ മിഡ്കാപ്പ് സൂചിക 0.4 ശതമാനം ഉയര്‍ന്നു. ഒരു ശതമാനമാണ് സ്‌മോള്‍ കാപ്പ് സൂചികയുടെ നേട്ടം. സെന്‍സെക്‌സില്‍ 2,736 കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു. 900 കമ്പനികള്‍ നഷ്ടത്തിലേക്ക് വീണു. 123 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
മികവോടെ കേരള കമ്പനികള്‍
വണ്ടര്‍ല ഹോളിഡേയ്‌സ് 1.05 ശതമാനം നഷ്ടം നേരിട്ടതൊഴിച്ചാല്‍ കേരളം ആസ്ഥാനമായുള്ള കമ്പനികളുടെ ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പച്ചത് നേട്ടത്തോടെ. ജിയോജിത് (6.64 ശതമാനം), ഫാക്ട് (4.99 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (9.78 ശതമാനം), സി.എസ്.ബി ബാങ്ക് (3.05 ശതമാനം), സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് (5.64 ശതമാനം) എന്നിവ ഉയര്‍ന്ന നേട്ടം കുറിച്ചവയില്‍ പെടുന്നു.