പുതു ഉയരത്തില്‍ മുത്തമിട്ട് സെന്‍സെക്‌സും നിഫ്റ്റിയും, കുതിച്ചുയര്‍ന്ന് വേദാന്തയും ആസ്റ്ററും

ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ പുതു ഉയരം കുറിച്ച സെന്‍സെക്‌സും നിഫ്റ്റിയും പിന്നീട് കനത്ത ലാഭമെടുപ്പില്‍പെട്ടെങ്കിലും നേട്ടത്തോടെ തന്നെ വ്യാപാരം അവസാനിപ്പിച്ചു. 74,413.82 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഒരുവേള 74,501.73 വരെ ഉയര്‍ന്നു. പിന്നീട് 73,485.12 പോയിന്റിലായിരുന്നു ദിവസത്തിന്റെ പാതിയും. വ്യാപാരം അവസാനിക്കുമ്പോള്‍ 444.06 പോയിന്റ് നേട്ടത്തോടെ 74,320.88ലെത്തി.

അതേ സമയം നിഫ്റ്റി 22,592.10 എന്ന റെക്കോഡ് നിലവാരത്തിലാണ് വ്യാപാരത്തിന് തുടക്കമിട്ടത്. പിന്നീട് 22,592.10ലേക്ക് കുതിച്ചുയര്‍ന്നു. തുടര്‍ന്ന് സെന്‍സെക്‌സിന്റെ പാത പിന്തുടര്‍ന്ന് ദിവസത്തിന്റെ നല്ലൊരു പങ്കും നഷ്ടത്തിലാക്കി. വ്യാപാരാന്ത്യത്തില്‍ 80 പോയിന്റ് കയറി 22,514.65ലാണ് നിഫ്റ്റിയുള്ളത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി മിഡ്‌ക്യാപ് 100 ആദ്യമായി 50,000 പോയിന്റ് കടന്നു. 50,152.35 പോയിന്റ് വരെയെത്തിയ ശേഷം 49,743.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ആഗോള വിപണികള്‍ മുന്നേറിയതാണ് ഇന്ത്യന്‍ വിപണിക്കും ഗുണമായത്.
ഡോളറിന്ന് 83.4525 രൂപയിലെത്തി. ഒരു പെസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നാളെ പുറത്തുവിടുന്ന റിസര്‍വ് ബാങ്കിന്റെ പണനയത്തിലാണ് വിപണിയുടെ കണ്ണ്. പണപ്പെരുപ്പ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റിപ്പോനിരക്കുകള്‍ മാറ്റമില്ലാതെ നിലനിറുത്തുമെന്നാണ് കരുതുന്നത്.

ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 0.11 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.54 ശതമാനവും ഉയര്‍ന്നു. ഐ.ടി, ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1.08 ശതമാനം, 0.92 ശതമാനം, 0.83 ശതമാനം എന്നിങ്ങനെയാണ് നേട്ടം.

ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ യഥാക്രം 0.45%, 0.39 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്.എം.സി.ജി ഇന്‍ഡെക്‌സുകളാണ് നഷ്ടമുണ്ടാക്കിയത്.

ബി.എസ്.ഇയില്‍ ഇന്ന് 3,974 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,382 ഓഹരികളും നേട്ടമുണ്ടാക്കി. 1,465 ഓഹരികളുടെ വില താഴ്ന്നു, 100 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

214 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും ഏഴ് ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു. ഇന്ന് അപ്പര്‍ സര്‍കീട്ട് ശൂന്യമായിരുന്നു. ലോവര്‍ സര്‍കീട്ടില്‍ ഒറ്റ ഓഹരി മാത്രമാണുണ്ടായത്.

നേട്ടത്തിലേക്കോടിക്കയറിയവര്‍
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 21 എണ്ണവും ഇന്ന് പച്ചപുതച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക്, ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര. ടി.സി.എസ്, എന്‍.ടി.പി.സി മാരുതി, വിപ്രോ, കോട്ടക് ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടത്തില്‍ മുന്നിലെത്തിയത്.
ധനകാര്യ ഓഹരികള്‍ ഇന്ന് എച്ച്.ഡി.എഫ്.സിയുടെ കരുത്തില്‍ മുന്നേറ്റം കാഴ്ചവച്ചു. മാര്‍ച്ച് പാദത്തിലെ നിക്ഷേപ, വായ്പാ വളര്‍ച്ച മെച്ചപ്പെട്ടതാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളെ ഇന്ന് 2.25 ശതമാനത്തോളം ഉയര്‍ത്തിയത്.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

കടപ്പത്രങ്ങള്‍ വഴി 250 കോടി ഡോളര്‍ സമാഹരിക്കുന്നത് വേദന്ത ഓഹരികളെ 11 ശതമാനത്തിലധികം ഉയര്‍ത്തി. ജി.ഐ.സിയും കടപ്പത്രങ്ങള്‍ വഴി 2,500 കോടി സമാഹരിക്കുന്നുവെന്ന വാര്‍ത്തകള്‍ ഓഹരിയെ 4.75 ശതമാനം ഉയര്‍ത്തി. അവന്യൂ സൂപ്പര്‍മാര്‍ട്ട് ഓഹരികളിന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 3.39 ശതമാനമാണ് ഓഹരിയുടെ നേട്ടം. പൂനവാല ഫിന്‍കോര്‍പ് മികച്ച നാലാം പാദ പ്രവര്‍ത്തനഫല കണക്കുകള്‍ പുറത്തുവിട്ടത് ഓഹരിയെ ഉയര്‍ത്തി.
നാലാംപാദഫലങ്ങള്‍ പ്രതീക്ഷയുളവാക്കിയത് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരിയെ 6 ശതമാനം ഉയര്‍ത്തി.
സൊമാറ്റോ, ബന്ധന്‍ ബാങ്ക്, വേദാന്ത, ഇപ്ക ലബോറട്ടറീസ്, യു.പി.എല്‍ തുടങ്ങിയവയാണ് നിഫ്റ്റി 200ലെ ഇന്നത്തെ താരങ്ങള്‍.
നഷ്ടം പുതച്ചവര്‍
നെസ്‌ലെ, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഐ.ടി.സി, പവര്‍ഗ്രിഡ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവയിന്ന് നഷ്ടത്തിന് നേതൃത്വം കൊടുത്തു.
നിഫ്റ്റി 200ല്‍ ഡാബര്‍, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, കോള്‍ഗേറ്റ് പാമോലീവ്, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയും നഷ്ടത്തില്‍ മുന്നിലെത്തി.

ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ ടാക്‌സ് ഉയര്‍ത്തിയതോടെ പൊതുമേഖല എണ്ണക്കമ്പനികളായ ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ എന്നിവയുടെ ഓഹരികളിന്ന് 4 ശതമാനത്തോളം ഇടിഞ്ഞു. ഇന്നു മുതല്‍ പെട്രോളിയം ക്രൂഡ് വിന്‍ഡ്ഫാള്‍ ടാക്‌സ് മെട്രിക് ടണ്ണിന് 49,00 രൂപയില്‍ നിന്ന് 6,800 രൂപയായാണ് ഉയര്‍ത്തിയത്. രണ്ടാഴ്ച കൂടുമ്പോഴാണ്
വിന്‍ഡ്ഫാള്‍
ടാക്‌സ് പരിഷ്‌കരിക്കുന്നത്. ഡീസലിനും വ്യോമയാന ഇന്ധനത്തിനും പൂജ്യത്തില്‍ തന്നെ നിലനിറുത്തി. ഫെബ്രുവരി മുതല്‍ അഞ്ച് തവണ വിന്‍ഡ്ഫാള്‍ ടാക്‌സ് ഉയര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 15ന് 4600 രൂപയില്‍ നിന്ന് 4,900 രൂപയായാണ് ഉയര്‍ത്തിയിരുന്നത്.
തിളങ്ങി ആസ്റ്ററും ഇസാഫും


കേരള കമ്പനികളില്‍ ഇന്ന് നേട്ടത്തില്‍ മുന്നില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറും ഈസ്റ്റേണ്‍ ട്രെഡ്‌സുമാണ്. ഗള്‍ഫ്-ഇന്ത്യ ബിസിനസ് വിഭജനം പൂര്‍ത്തിയായതായി ആസ്റ്റര്‍ ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. ഒപ്പം ഓഹരിയൊന്നിന് 110-120 രൂപ നിരക്കില്‍ ഡിവിഡന്റ് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു. ഇതാണ് ഇന്ന് ഓഹരികളെ ഉയര്‍ത്തിയത്. 9.66 ശതമാനം ഉയര്‍ന്ന് 458.55 രൂപയിലാണ് ഓഹരി വിലയുള്ളത്. ഈസ്‌റ്റേണ്‍ ഓഹരി 7.30 ശതമാനം ഉയര്‍ന്ന് 41.32 രൂപയിലും എത്തി.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ ഓഹരികളും നേട്ടത്തില്‍ മുന്നിലെത്തി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ്, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, അപ്പോളോ ടയേഴ്‌സ്, പി.ടി.എല്‍ എന്റര്‍പ്രൈസസ് എന്നീ ഓഹരികളാണ് നഷ്ടത്തില്‍ മുന്നിലെത്തിയ കേരള കമ്പനികള്‍.

Resya R
Resya R  

Related Articles

Next Story

Videos

Share it