ഐ.ടിയുടെ കരുത്തില്‍ നേട്ടം തിരിച്ചു പിടിച്ച്‌ സൂചികകള്‍, പുതിയ നാഴികക്കല്ല്‌ പിന്നിട്ട് ടി.സി.എസ്

രാവിലെ ചാഞ്ചാട്ടത്തില്‍ തുടങ്ങിയ ഓഹരി വിപണി വ്യാപാരാന്ത്യം മികച്ച നിലയില്‍. ഇന്നലത്തെ നഷ്ടത്തിൽ നിന്ന് കരകയറിയ സെന്‍സെക്‌സ് 454.67 പോയിന്റ് ഉയര്‍ന്ന് 72,186.09ലും നിഫ്റ്റി 167.50 പോയിന്റ് നേട്ടത്തോടെ 21,929ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളാണ് ഇന്ന് വിപണിയില്‍ നേട്ടക്കുതിപ്പിന് കാരണമായത്.

ബി.എസ്.ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ഐ.ടി സൂചികകള്‍ ഇന്ന് 2.88 ശതമാനം ഉയര്‍ന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

യു.എസ് സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമായ വാര്‍ത്തകളാണ് ഐ.ടിക്ക് ഗുണമായത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) ഓഹരികളാണ് ഐ.ടി സൂചികയെ മുന്നില്‍ നിന്ന് നയിച്ചത്. നാല്
ശതമാന
ത്തിന് മുകളിലുയര്‍ന്ന ഓഹരി ഇന്ന് റെക്കോഡ് ഉയരവും കുറിച്ചു. വ്യാപാരാന്ത്യത്തില്‍ 4.10 ശതമാനം ഉയര്‍ന്ന് 4,136 രൂപയിലാണ് ഓഹരിയുള്ളത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ആദ്യമായി 15 ലക്ഷം കോടിയെന്ന നാഴികക്കല്ലും പിന്നിട്ടു. എച്ച്.സി.എല്‍ ടെക് (4.40%), വിപ്രോ(3.55%), എംഫസിസ് (3.17%), ഇന്‍ഫോസിസ് (2.42%) എന്നിവയും നേട്ടത്തിലായിരുന്നു.
ഓട്ടോ, മെറ്റല്‍, ഫാര്‍മ, സൂചികകളും ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ബിപി.സി.എല്‍ ഓഹരി ഇന്ന് 6 ശതമാനത്തിലധികം ഉയര്‍ന്ന് റെക്കോഡിട്ടു.
കയറിയുമിറങ്ങിയും ഇവർ
യെസ് ബാങ്കാണ് നിഫ്റ്റി 200ല്‍ ഇന്ന് മുന്നില്‍. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഗ്ലാന്‍ഡ് ഫാര്‍മ എന്നിവയും നേട്ടത്തില്‍ മുന്നില്‍ നിന്നു.

ഇന്ന് കൂടുതൽ തിളങ്ങിയവർ

റിസര്‍വ് ബാങ്കിന്റെ നടപടി നേരിട്ട പേയ്ടിഎമ്മിനെ ഏറ്റെടുക്കാന്‍ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ഇന്ന് 7 ശതമാനം താഴേക്ക് പോയി.

അതേസമയം, മൂന്ന് ദിവസത്തെ കനത്ത വീഴ്ചയ്‌ക്കൊടുവില്‍ പേയ്ടിഎം ഓഹരികള്‍ ഇന്ന് നേട്ടകുതിപ്പിലായി. ബി.എസ്.ഇയില്‍ 7.79 ശതമാനം വരെ ഉയര്‍ന്ന് 472.50 രൂപയിലെത്തിയിരുന്നു ഓഹരികള്‍. വ്യാപാരാന്ത്യം പക്ഷേ 2.89 ശതമാനം നേട്ടത്തോടെ 451.15 രൂപയിലാണ് ഓഹരി.

ധനകാര്യ, എഫ്.എം.സി.ജി ഓഹരികളില്‍ ഇന്ന് താഴ്ചയുണ്ടായി. ആറ് ബാങ്കുകളില്‍ 9.50 ശതമാനം വരെ ഓഹരി വിഹിതം ഉയര്‍ത്താന്‍ ആര്‍.ബി.ഐയുടെ അനുമതി ലഭിച്ച എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികളിലായിരുന്നു ഇന്ന് നിക്ഷേപകരുടെ ശ്രദ്ധ. പക്ഷെ ഓഹരി നേരിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആക്‌സിസ് ബാങ്ക്, സൂര്യോദയ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബന്ധന്‍ ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയിലാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി സമാഹരിക്കാൻ അനുമതി. വാര്‍ത്തകള്‍ക്ക് പിന്നാലെ യെസ് ബാങ്ക് ഓഹരികളിന്ന് 11 ശതമാനം വരെ ഉയര്‍ന്ന് 25.40 രൂപയിലെത്തി.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

പി.ബി.ഫിന്‍ടെക് ലിമിറ്റഡ് (പോളിസി ബസാര്‍), ക്രോംപ്ടണ്‍ ഗ്രീവ്‌സ്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എന്നിവ ഇന്ന് നിഫ്റ്റി 200ലെ കൂടുതൽ നഷ്ടക്കാരായി.

ആവേശമില്ലാതെ കേരള കമ്പനി ഓഹരികള്‍

കേരള കമ്പനികളില്‍ ഇന്ന് വമ്പന്‍മാരാരും ഇന്ന് മുന്നേറ്റം കാഴ്ചവച്ചില്ല. നാല് ശതമാനത്തിലധികം നേട്ടവുമായി എ.വി.റ്റി നാച്വറല്‍സ്, ടി.സി.എസ്, പ്രൈമ ഇന്‍ഡസ്ട്രീസ്, സഫ സിസ്റ്റംസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍.
മണപ്പുറം ഫിനാന്‍സിന് 1.45 കോടി രൂപയുടെ നികുതി പിഴ അടയ്ക്കാന്‍ നോട്ടീസ് കിട്ടിയെങ്കിലും ഓഹരികള്‍ ഇന്ന് 2.95 ശതമാനം നേട്ടത്തിലായിരുന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ഇന്നലെ പാദഫലപ്രഖ്യാപനം നടത്തിയ ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി ഓഹരി ഇന്ന് 11 ശതമാനത്തോളം ഇടിഞ്ഞു. ധനലക്ഷ്മി ബാങ്ക് ഓഹരിയും അഞ്ച് ശതമാനത്തനടുത്ത് നഷ്ടം രേഖപ്പെടുത്തി. മോശം പാദഫലത്തെ തുടര്‍ന്ന് രണ്ടാം ദിവസവും ലോവര്‍ സര്‍കീട്ടിലാണ്. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളില്‍ 2 ശതമാനത്തലിധം താഴ്ചയുണ്ടായപ്പോള്‍ ബി.പി.എല്‍. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് എന്നിവയും നഷ്ടത്തില്‍ മുന്നിലെത്തി.

Resya R
Resya R  

Related Articles

Next Story

Videos

Share it