Begin typing your search above and press return to search.
രണ്ടാംപാദ ഫലങ്ങളില്‍ തട്ടിവീണ് വിപണി, നേട്ടം കൊയ്ത് പേയ്ടിഎം, കേരള ഓഹരികളില്‍ കരുത്തറിയിച്ച് കിറ്റെക്‌സും ഫാക്ടും
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ട്രെന്റ് തുടങ്ങിയ ലാര്‍ജ് ക്യാപ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം അതിശക്തമായതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ വിപണി നഷ്ടത്തില്‍ മുങ്ങി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കലിനൊന്നും ഇന്ത്യന്‍ വിപണിയെ ആശ്വസിപ്പിക്കാനായില്ല.
സെന്‍സെക്‌സ് ഇന്ന് 0.070 ശതമാനം ഇടിഞ്ഞ് 79,486.32ലും നിഫ്റ്റി 0.21 ശതമാനം താഴ്ന്ന് 24,148.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികളുടെ രണ്ടാം പാദഫല കണക്കുകളിലെ ആശങ്കകളാണ് വിപണിയില്‍ പ്രധാനമായും നിഴലിക്കുന്നത്. ആഗോള സൂചികകളില്‍ തിരിച്ചു വരവ് പ്രകടമായെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പണം പിന്‍ വലിക്കുന്നത് തുടരുന്നതും വിപണിയില്‍ ആഘാതം കൂട്ടി.
നിരാശ സൂചിക
സൂചികകളുടെ പ്രകടനം വ്യാഴാഴ്ചത്തെ അവസ്ഥയില്‍ തന്നെയായിരുന്നു ഇന്നും. എഫ്.എം.സി.ജി, ഐ.ടി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍ അവസാനിച്ചത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഐ.ടി സൂചികകളില്‍ ഇന്നും പ്രതിഫലിച്ചു. 0.71 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. റിയാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ വലിയ നഷ്ടത്തിലാണ് വാരാന്ത്യം അവസാനിപ്പിച്ചത്.
നേട്ടത്തിലേറിയവരും നഷ്ടം രുചിച്ചവരും
ഇന്ന് നേട്ടം കൊയ്തവരില്‍ മുമ്പന്മാര്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയാണ്. 6.90 ശതമാനം ഉയരത്തില്‍ വാരം ക്ലോസ് ചെയ്യാന്‍ സഹായിച്ചത് സെപ്റ്റംബര്‍ പാദത്തെ മികച്ച ഫലം പുറത്തു വന്നതാണ്. മുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 27.4 ശതമാനം ലാഭവിഹിതം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.
സെപ്റ്റംബര്‍ പാദത്തില്‍ 930 കോടി രൂപ ലാഭം നേടാനായത് പേയ്ടിഎം ഓഹരികളെ മുന്നോട്ട് നയിച്ചു. ഇന്ന് 6.57 ശതമാനം നേട്ടം കൊയ്യാനും കമ്പനിക്കായി. ജൂണ്‍ പാദത്തില്‍ 840 കോടി രൂപയായിരുന്നു പേയ്ടിഎമ്മിന്റെ നഷ്ടം. ജോക്കി ഇന്നര്‍വെയര്‍ ബ്രാന്‍ഡിന്റെ ഇന്ത്യ ഉപഭൂഖണ്ഡത്തിലെ വിതരണക്കാരായ പേജ് ഇന്‍ഡസ്ട്രീസ് ഓഹരികളും ഇന്ന് 6.12 ശതമാനം ഉയര്‍ന്നു. അശോക് ലെയ്‌ലാന്‍ഡ് (2.79), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2.40) ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
റെയില്‍ വികാസ് നിഗം ഓഹരികള്‍ക്ക് ഇന്നും ക്ഷീണമായിരുന്നു. 6.25 ശതമാനം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചി ഷിപ് യാര്‍ഡ് ആണ് ഇന്ന് മോശം പ്രകടനം കാഴ്ചവച്ച മറ്റൊരു ഓഹരി. രാവിലെ തന്നെ ലോവര്‍ സര്‍ക്യൂട്ടിലേക്ക് ഓഹരികളെ താഴ്ത്തിയത് സെപ്റ്റംബര്‍ പാദത്തിലെ മോശം ഫലമാണ്. ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് ഓഹരികളും 4.65 ശതമാനത്തോളം താഴ്ന്നാണ് വാരം അവസാനിപ്പിച്ചത്. സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ അനുകൂലമായി പുറത്തുവന്നിട്ടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഓഹരികളില്‍ 1.86 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബ്ലോക്ക് ഡീലിലൂടെ 11.9 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് 1.66 ശതമാനം ഇടിഞ്ഞു.
കേരള ഓഹരികളുടെ പ്രകടനം
വ്യാഴാഴ്ചത്തെ അപേക്ഷിച്ച് കൂടുതല്‍ കേരള ഓഹരികള്‍ നേട്ടത്തില്‍ വാരം അവസാനിപ്പിച്ചു. കിറ്റെക്‌സും ഫാക്ടും ആണ് നേട്ടത്തില്‍ മുന്നില്‍ നിന്ന ഓഹരികള്‍. കിറ്റെക്‌സ് ഓഹരികള്‍ 4.99 ശതമാനം ഉയരാന്‍ അമേരിക്കയിലെ ട്രംപിന്റെ വരവും കാരണമായി. ബംഗ്ലാദേശ് ഭരണകൂടവുമായി ട്രംപിനുള്ള അതൃപ്തി കിറ്റെക്‌സ് ഉള്‍പ്പെടെയുള്ള ഗാര്‍മെന്റ്‌സ് കമ്പനികള്‍ക്ക് ഗുണം ചെയ്‌തേക്കും.
വ്യാഴാഴ്ച ഗംഭീര പ്രകടനം നടത്തിയ സ്‌കൂബീഡേ ഗാര്‍മെന്റ്‌സിന് ഇന്ന് പക്ഷേ നെഗറ്റീവായി വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു. കേരളം ആസ്ഥാനമായുള്ള ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ് ഓഹരികളും ഇന്ന് ഭേദപ്പെട്ട പ്രകടനത്തോടെയാണ് വാരാന്ത്യത്തിലേക്ക് പോയത്. അപ്പോളോ ടയേഴ്‌സ് (0.21), കല്യാണ്‍ ജുവലേഴ്‌സ് (0.42), പോപ്പീസ് കെയര്‍ (1.99), ടോളിന്‍സ് ടയേഴ്‌സ് (1.90), വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.90) ഓഹരികള്‍ക്കും ഇന്ന് തിളങ്ങാനായില്ല.
Next Story
Videos