വിപണിക്ക് സമ്മര്‍ദ്ദം തന്നെ, ഇടിവിലും പിടിച്ചുനിന്ന് ഐ.ടി ഓഹരികള്‍; കല്യാണിന് വീഴ്ച തുടരുന്നു

വിദേശ നിക്ഷേപകരുടെ പിന്മാറ്റവും മൂന്നാം പാദ ഫലങ്ങള്‍ അനുകൂലമാകില്ലെന്ന വിലയിരുത്തലുകളുമാണ് വിപണിക്ക് പ്രതിസന്ധിയാകുന്നത്

ഓഹരി വിപണിയില്‍ വില്പന സമ്മര്‍ദ്ദം തുടരുന്നു. ഇന്ന് സെന്‍സെക്‌സ് താഴേക്ക് പോയത് 241.30 പോയിന്റാണ് (0.31 ശതമാനം). 77,378.91ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 86.50 പോയിന്റ് (0.37) താഴ്ന്ന് 23,440ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വിദേശ നിക്ഷേപകരുടെ പിന്മാറ്റവും മൂന്നാം പാദ ഫലങ്ങള്‍ അനുകൂലമാകില്ലെന്ന വിലയിരുത്തലുകളുമാണ് വിപണിക്ക് പ്രതിസന്ധിയാകുന്നത്. 2025ല്‍ ഇതുവരെ 17,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിവാക്കിയത്. ഈ ട്രെന്റ് തുടരാനാണ് സാധ്യതയെന്നാണ് വിപണിയുടെ സന്ദേഹം. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണം, ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന ബജറ്റ്, അമേരിക്കന്‍ ഫെഡിന്റെ യോഗം എന്നിവയെല്ലാം വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കുന്നുണ്ട്.

സൂചികകളില്‍ നിറംമങ്ങുന്നു
കഴിഞ്ഞ ദിവസങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച എഫ്.എം.സി.ജി സൂചികയും ചുവപ്പണിയുന്നതിനാണ് വാരാന്ത്യം സാക്ഷ്യംവഹിച്ചത്. ഇന്ന് നേട്ടമുണ്ടാക്കാനായത് ഐ.ടി സൂചികയ്ക്ക് മാത്രമാണ്. 3.44 നേട്ടം കൊയ്ത ഐ.ടി ഓഹരികള്‍ സമ്പൂര്‍ണ നെഗറ്റീവില്‍ നിന്ന് സൂചികയെ രക്ഷിച്ചു. മീഡിയ സൂചികയാണ് ഇന്ന് ഏറ്റവും തകര്‍ച്ച നേരിട്ടത്, 3.59 ശതമാനം താഴ്ന്നു. ബാങ്ക് (1.55), റിയാല്‍റ്റി (2.77), ഓയില്‍ ആന്‍ഡ് ഗ്യാസ് (1.06) പൊതുമേഖല ബാങ്ക് (2.72) സൂചികകള്‍ തകര്‍ച്ചയോടെയാണ് ദിനം അവസാനിപ്പിച്ചത്.

നേട്ടം കൊയ്തവര്‍

ഐ.ടി ഓഹരികളാണ് ഇന്നത്തെ ദിവസം നേട്ടമുണ്ടാക്കിയത്. ഇതില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) 5.60 ശതമാനമാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം സമാനപാദത്തില്‍ നിന്ന് 12 ശതമാനം വരുമാന വര്‍ധന മൂന്നാം പാദത്തില്‍ നേടാനായെന്ന വാര്‍ത്ത പുറത്തുവന്നതാണ് ടി.സി.എസിന് കരുത്തായത്. ടെക് മഹീന്ദ്രയ്ക്കും വെള്ളിയാഴ്ച നല്ല ദിവസമായി. 3.59 ശതമാണ് ടെക് മഹീന്ദ്ര ഓഹരികള്‍ കയറിയത്. എച്ച്.സി.എല്‍ ടെക്‌നോളജീസ് 3.22 ശതമാനം നേട്ടവും കൊയ്തു.

ഇന്ന് നഷ്ടം നേരിട്ടവരില്‍ മുന്‍നിരയിലുള്ള ഓഹരികളിലൊന്ന് ആര്‍.ഇ.സി ലിമിറ്റഡാണ്. 6.45 ശതമാനമാണ് ഇന്ന് ഓഹരികള്‍ക്ക് ഇടിവ് നേരിട്ടത്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് 6.02 ശതമാനമാണ് താഴ്ന്നത്. ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഓഹരികള്‍ക്കും (5.83) ഇന്ന് കനത്ത നഷ്ടത്തിന്റേതായി.

കേരള ഓഹരികളുടെ പ്രകടനം
10 കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടം കൊയ്യാന്‍ സാധിച്ചത്. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ക്കാണ് ഏറെ ക്ഷീണം സംഭവിച്ചത്. ഇന്നലെ 6.84 ഇടിഞ്ഞ കല്യാണിന് ഇന്ന് വീഴ്ച 5.62 ശതമാനമാണ്. സി.എസ്.ബി ബാങ്ക് (0.80) ഒഴികെ മറ്റ് ബാങ്ക് ഓഹരികളെല്ലാം നഷ്ടത്തില്‍ പതിച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും കാര്യമായ നഷ്ടം നേരിടേണ്ടിവന്നു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (2.09), പോപ്പീസ് കെയര്‍ (4.99) ഓഹരികള്‍ നേട്ടത്തോടെ വാരം അവസാനിപ്പിച്ചു.
Related Articles
Next Story
Videos
Share it