മലക്കംമറിഞ്ഞ 'ടാറ്റയില്‍' തട്ടി ഓഹരികള്‍ വീണു; നിക്ഷേപകര്‍ക്ക് നഷ്ടം 3.15 ലക്ഷം കോടി, ആര്‍.വി.എന്‍.എല്ലിന് തിളക്കം; സൗത്ത് ഇന്ത്യന്‍ ബാങ്കിന് ക്ഷീണം

ടാറ്റാ ഗ്രൂപ്പ് ഓഹരികളിലുണ്ടായ ഇടിവും ഇന്ത്യയുടെയും അമേരിക്കയുടെയും റീറ്റെയ്ല്‍ പണപ്പെരുപ്പക്കണക്ക് ഉടന്‍ പുറത്തുവരാനിരിക്കേ, ബാങ്കിംഗ് ഓഹരികള്‍ നേരിട്ട സമ്മര്‍ദ്ദവും ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്ന് കനത്ത നഷ്ടത്തിലേക്ക് വീഴ്ത്തി.
കഴിഞ്ഞവാരം റെക്കോഡുകള്‍ പഴങ്കഥയാക്കി മുന്നേറിയ സെന്‍സെക്‌സിലും നിഫ്റ്റിയിലും ഇന്ന് നിറഞ്ഞുനിന്നതാകട്ടെ കനത്ത നിരാശ. തുടക്കംമുതല്‍ തന്നെ ഇന്ന് നഷ്ടത്തിന്റെ ട്രാക്കിലായിരുന്നു സൂചികകള്‍. 616.75 പോയിന്റിടിഞ്ഞ് (-0.83%) 73,502.64ലാണ് വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത്. ഇന്നൊരുവേള സെന്‍സെക്‌സ് 73,433 വരെ താഴ്ന്നിരുന്നു.
നിഫ്റ്റി 160.90 പോയിന്റ് (-0.72%) താഴ്ന്ന് 22,332.65ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള നിഫ്റ്റി ഇന്ന് 22,307 വരെ ഇടിഞ്ഞിരുന്നു.
വിപണിയുടെ ട്രെന്‍ഡ്
കരടികളുടെ വിളയാട്ടമാണ് ഇന്ന് സൂചികകളില്‍ നിറഞ്ഞത്. നിഫ്റ്റി 50ല്‍ 17 കമ്പനികളേ പച്ചതൊട്ടുള്ളൂ. 33 ഓഹരികളും നഷ്ടത്തിലേക്ക് വീണമര്‍ന്നു. 2.66 ശതമാനം ഉയര്‍ന്ന് അപ്പോളോ ഹോസ്പിറ്റലും 1.92 ശതമാനം നേട്ടവുമായി നെസ്‌ലെയും 1.56 ശതമാനം നേട്ടത്തോടെ എസ്.ബി.ഐ ലൈഫും ഇന്ന് നിഫ്റ്റി 50ല്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ടാറ്റാ കണ്‍സ്യൂമര്‍ 3.06 ശതമാനം ഇടിഞ്ഞ് നഷ്ടത്തില്‍ മുന്നിലെത്തി. പവര്‍ഗ്രിഡ് 2.67 ശതമാനം ഇടിഞ്ഞ് തൊട്ടടുത്തുണ്ട്. ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍ എന്നിവയും 2.2-2.5 ശതമാനം നഷ്ടം നേരിട്ടു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ 4,081 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 3,095 ഓഹരികള്‍ക്കും കരടികളുടെ മര്‍ദ്ദനമേറ്റു. 876 ഓഹരികള്‍ പരിക്കേല്‍ക്കാതെ നേട്ടത്തില്‍ പിടിച്ചുനിന്നു. 110 ഓഹരികളുടെ വില മാറിയില്ല.
193 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 105 എണ്ണം താഴ്ചയും ഇന്ന് കണ്ടു. അപ്പര്‍-സര്‍കീട്ട് ഇന്നും കാലിയായി കിടന്നു. മൂന്ന് കമ്പനികള്‍ ലോവര്‍-സര്‍കീട്ടിലുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 3.15 ലക്ഷം കോടി ചോര്‍ന്ന് 389.65 ലക്ഷം കോടി രൂപയിലുമെത്തി.
നിരാശപ്പെടുത്തിയവര്‍
റിസര്‍വ് ബാങ്കിന്റെ അപ്പര്‍-ലെയര്‍ കാറ്റഗറിയിലുള്‍പ്പെട്ടിട്ടുള്ള ടാറ്റാ സണ്‍സ് നിര്‍ബന്ധമായും പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. ടാറ്റാ സണ്‍സ് ഐ.പി.ഒ നടത്തിയാല്‍ അത് ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പന്‍ ഐ.പി.ഒയുമായിരിക്കും.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

മാതൃസ്ഥാപനമായ ടാറ്റാ സണ്‍സ് ഐ.പി.ഒയ്ക്ക് സജ്ജമാകുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഉപസ്ഥാപനമായ ടാറ്റാ കെമിക്കല്‍സ് അടക്കം ഒട്ടുമിക്ക ടാറ്റാ ഓഹരികളും കഴിഞ്ഞവാരം മികച്ച മുന്നേറ്റം കാഴ്ചവച്ചിരുന്നു. എന്നാല്‍, ഏത് വിധേനയും ഐ.പി.ഒയും ലിസ്റ്റിംഗും ഒഴിവാക്കാനാണ് ശ്രമമെന്ന് ടാറ്റാ സണ്‍സ് സൂചന നല്‍കിയതോടെ ടാറ്റാ ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്ക് മലക്കംമറിഞ്ഞു.
ടാറ്റാ സണ്‍സ് ഐ.പി.ഒ നടത്താല്‍ എല്ലാ ഗ്രൂപ്പ് കമ്പനികളുടെയും മൂല്യം മെച്ചപ്പെടുമെന്ന വിലയിരുത്തലായിരുന്നു കഴിഞ്ഞയാഴ്ചയിലെ ഊര്‍ജം. പ്രതീക്ഷകള്‍ പൊലിഞ്ഞതോടെ ഒട്ടുമിക്ക ടാറ്റാ ഗ്രൂപ്പ് കമ്പനി ഓഹരികളും ഇന്ന് കനത്ത നഷ്ടമാണ് രുചിച്ചത്. ടാറ്റാ കെമിക്കല്‍സ് ഇന്ന് 10.82 ശതമാനം ഇടിഞ്ഞു.
എന്‍.എം.ഡി.സി., ഫാക്ട്, വോഡഫോണ്‍ ഐഡിയ, സെയില്‍ എന്നിവ 3.4-4.10 ശതമാനം നഷ്ടവുമായി ടാറ്റാ കെമിക്കല്‍സിന് പിന്നില്‍ നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി. പവര്‍ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍.ടി.പി.സി., എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിഷയത്തില്‍ സാവകാശം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതും (Read Details) ഇന്ന് എസ്.ബി.ഐ ഓഹരികളെ വലച്ചു.
പിടിച്ചുനിന്നവര്‍
ടെക് മഹീന്ദ്ര, നെസ്‌ലെ, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ ഇന്ന് സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയ പ്രമുഖരാണ്. കേന്ദ്രസര്‍ക്കാര്‍ ഓഹരി വില്‍പനയ്ക്ക് (OFS) തുടക്കമിട്ടതോടെ എന്‍.എല്‍.സി ഇന്ത്യയുടെ ഓഹരി ഇന്ന് 7 ശതമാനം കയറി. ആര്‍.വി.എന്‍.എല്‍ ഇന്ന് 3 ശതമാനം നേട്ടമുണ്ടാക്കി. മൊത്തം 2,032 കോടി രൂപ മതിക്കുന്ന 4 പുതിയ കരാറുകള്‍ ലഭിച്ചത് കമ്പനിയുടെ ഓഹരികള്‍ ഇന്ന് ആഘോഷമാക്കി.
ഇന്ന് കൂടുതൽ നേട്ടം കൊയ്തവർ

പൂനാവാല ഫിന്‍കോര്‍പ്പ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ), ആര്‍.വി.എന്‍.എല്‍., അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചത്. ഇവ 2.6-4.5 ശതമാനം നേട്ടമുണ്ടാക്കി.
വിശാലവിപണിയില്‍ ചുവപ്പുമയം
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ (0.44 ശതമാനം), ഫാര്‍മ (0.04 ശതമാനം) എന്നിവയൊഴികെ മറ്റെല്ലാ സൂചികകളും കനത്ത വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങി.
നിഫ്റ്റി മീഡിയ 2.91 ശതമാനവും പി.എസ്.യു ബാങ്ക് 1.58 ശതമാനവും സ്വകാര്യബാങ്ക് 1.06 ശതമാനവും മെറ്റല്‍ 1.44 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.06 ശതമാനവും ഇടിഞ്ഞു. ബാങ്കോഹരികളിലുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബാങ്ക് നിഫ്റ്റി 1.06 ശതമാനം താഴേക്കുപോയി. നിഫ്റ്റി മിഡ്ക്യാപ്പ് 0.39 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.99 ശതമാനവും നഷ്ടം നേരിട്ടു. എസ്.എം.ഇ ഓഹരികളില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും നടപടി എടുക്കുമെന്നുമുള്ള സെബിയുടെ പ്രസ്താവനയും ഇന്ന് ഓഹരികളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു.
തിളങ്ങാതെ കേരള ഓഹരികള്‍
കേരളത്തില്‍ നിന്ന് ഇന്ന് വിരലിലെണ്ണാവുന്ന ഓഹരികള്‍ പോലും പച്ചതൊട്ടില്ല. യൂണിറോയല്‍ 4.43 ശതമാനം, ഡബ്ല്യു.ഐ.പി.എല്‍ 2.29 ശതമാനം, മുത്തൂറ്റ് ഫിനാന്‍സ് 1.75 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 1.70 ശതമാനം, കേരള ആയുര്‍വേദ 4.10 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കിയതൊഴിച്ചാല്‍ ബാക്കിയെല്ലാവരും ചുവപ്പണിഞ്ഞു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ആസ്പിന്‍വാള്‍ 5.44 ശതമാനം, ടി.സി.എം 5.07 ശതമാനം, പ്രൈമ ഇന്‍ഡസ്ട്രീസ് 4.86 ശതമാനം, ജിയോജിത് 4.09 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 4.59 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. അവകാശ ഓഹരി വില്‍പന (Rights Issue) പുരോഗമിക്കുന്നതിനിടെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കോഹരികളുടെ വീഴ്ച.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 2.14 ശതമാനം, സി.എസ്.ബി ബാങ്ക് 3.88 ശതമാനം, ധനലക്ഷ്മി ബാങ്ക് 3.13 ശതമാനം, ഈസ്റ്റേണ്‍ 4.58 ശതമാനം, ഫാക്ട് 3.95 ശതമാനം, ഹാരിസണ്‍സ് മലയാളം 3.23 ശതമാനം എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
3.31 ശതമാനമാണ് കല്യാണ്‍ ജുവലേഴ്‌സിന്റെ നഷ്ടം. കിറ്റെക്‌സ് 5.26 ശതമാനവും വെര്‍ട്ടെക്‌സ് 4.82 ശതമാനവും വി-ഗാര്‍ഡ് 2.32 ശതമാനവും ഇടിഞ്ഞു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it