Begin typing your search above and press return to search.
വില്‍പ്പന സമ്മര്‍ദ്ദത്തെ കഷ്ടിച്ച് മറിടകന്ന് സൂചികകള്‍, കുതിച്ച് കിറ്റെക്‌സ്, പേയ്ടിഎമ്മിനും മുന്നേറ്റം
ഹിന്‍ഡന്‍ബര്‍ഗ് കൊളുത്തിവിട്ട വിവാദ തിരി കെട്ടടങ്ങിയില്ലെങ്കിലും പതിയെ നേട്ടത്തിലേക്ക് കാല്‍വച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടക്കച്ചവടത്തിനാണ് വിപണി ഇന്ന് വിരാമമിട്ടത്. രാവിലെ മുതല്‍ വില്‍പ്പന സമ്മര്‍ദ്ദം വിപണിയെ ചാഞ്ചാട്ടത്തിലാക്കിയെങ്കിലും വ്യാപാരാന്ത്യത്തില്‍ നഷ്ടം ഒരുവിധം മറികടന്നു. മിഡില്‍ ഈസ്റ്റിലെ യുദ്ധ ഭീതിയാണ് വിപണിയെ പ്രധാനമായും ഉലയ്ക്കുന്നത്.
സെന്‍സെക്‌സ് ഇന്ന് 149.85 പോയിന്റ് (0.19 ശതമാനം) ഉയര്‍ന്ന് 79,105.88ലും നിഫ്റ്റി 4.75 പോയിന്റ് (0.02 ശതമാനം) മാത്രം നേട്ടത്തോടെ 24,143.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ഒരുവേള 78,895.72 വരെയും നിഫ്റ്റി 24,099.70 വരെയും താഴ്ന്ന ശേഷമാണ് നേട്ടത്തിലേക്ക് കാല്‍വച്ചത്.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് നാളെ ഓഹരി വിപണിക്ക് അവധിയാണ്. ഇക്വിറ്റി, ഡെറിവേറ്റീവ്, കമ്മോഡിറ്റി വിഭാഗങ്ങളിലും വ്യാപാരമുണ്ടാകില്ല.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ഐ.ടിയും ഹെല്‍ത്ത്‌കെയറും ഓട്ടോയും മാത്രമാണ് പച്ചക്കുട ചൂടിയത്. യു.എസില്‍ നിന്നുള്ള ശുഭകരമായ ഇക്കണോമിക് ഡേറ്റകളുടെ ബലത്തില്‍ ഐ.ടി സൂചികകള്‍ ഇന്ന് 1.58 ശതമാനം വരെ ഉയര്‍ന്നു.
ടി.സി.എസ്, എച്ച്.സി.എല്‍ ടെക്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് ഓഹരികള്‍ കാര്യമായ മുന്നേറ്റം നടത്തി. മീഡിയ, മെറ്റല്‍ സൂചികകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇന്ന് യഥാക്രമം 0.59 ശതമാനം, 0.64 ശതമാനം താഴ്ന്നു.
ബി.എസ്.ഇയില്‍ ഇന്ന് 4,036 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,442 ഓഹരികളാണ് നേട്ടത്തിലായത്. 2,485 ഓഹരികള്‍ നഷ്ടത്തിലായി, 109 ഓഹരികളുടെ വില മാറിയില്ല. 178 ഓഹരികളുടെ വില ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയപ്പോള്‍ 66 ഓഹരികള്‍ വിലതാഴ്ചയിലേക്ക് പോയി. അപ്പര്‍ സര്‍ക്യൂട്ടില്‍ ഇന്ന് ഒറ്റ ഓഹരിയെയും കണ്ടില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ രണ്ട് ഓഹരികളുമുണ്ട്.
ഇന്ന് നിക്ഷേപകരുടെ ആസ്തിയില്‍ 72,000 കോടി രൂപയുടെ കുറവുണ്ടായി.
നേട്ടത്തിലിവര്‍
പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സാണ് ഇന്ന് നിഫ്റ്റി 200ലെ മുന്നേറ്റക്കാര്‍. ഓഹരി വില 6.89 ശതമാനം ഉയര്‍ന്ന് 541 രൂപയിലെത്തി.
പോളിസി ബസാര്‍ (പി.ബി ഫിന്‍ടെക്) ഓഹരികള്‍ 5.59 ശതമാനം ഉയര്‍ന്ന് 1,570.80 രൂപയിലെത്തി. ഇന്‍ഷുറന്‍സ് അഗ്രഗേറ്ററായ കമ്പനി 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 60 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 12 കോടി രൂപ നഷ്ടം നേടിയ സ്ഥാനത്താണിത്. കമ്പനിയുടെ വരുമാനവും 51 ശതമാനം വര്‍ധിച്ച് 1,010 കോടി രൂപയായി.
അദാനി എനര്‍ജി സൊല്യൂഷന്‍സാണ് ഇന്ന് 3.80 ശതമാനം നേട്ടവുമായി മൂന്നാം സ്ഥാനത്തെത്തിയത്.
മികച്ച ഒന്നാം പാദഫലങ്ങള്‍ ഇന്ന് എസ്.ജെ.വി.എന്‍ ഓഹരികളെ 9 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. വ്യാപാരാന്ത്യത്തില്‍ 3.67 ശതമാനം നേട്ടത്തിലാണ് ഓഹരി. കമ്പനിയുടെ വിപണി മൂല്യം 55,508 കോടി രൂപ കടന്നു.
ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഹരിയാണ് നിഫ്റ്റി 200 നേട്ടപ്പട്ടികയിലെ ഇന്നത്തെ അഞ്ചാമന്‍. ഓഹരി വില 3.14 ശതമാനം ഉയരത്തിലാണ്.
നഷ്ടത്തിലിവര്‍
പിരമല്‍ എന്റര്‍പ്രൈസസാണ് ഇന്ന് നിഫ്റ്റിയിലെ മുഖ്യ വീഴ്ചക്കാര്‍. 10.39 ശതമാനമാണ് ഓഹരിയുടെ ഇടിവ്. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 64 ശതമാനം താഴ്ന്നതാണ് ഓഹരിയെ വീഴ്ത്തിയത്. ബ്രോക്കറേജായ സി.എല്‍.എസ്.ഐ ഓഹരിയെ ഡൗണ്‍ഗ്രേഡ് ചെയ്തു. ഓഹരി വില 18 ശതമാനം താഴേക്ക് പോകുമെന്നാണ് ജെഫ്രസീന്റെ പ്രവചനം.
മെറ്റല്‍ ആന്‍ഡ് മൈനിംഗ് കമ്പനിയായ എന്‍.എം.ഡി.സി ഓഹരി വില 6 ശതമാനം വരെ താഴ്ന്നു. മൈനിംഗ് സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് മിനറല്‍ റോയല്‍റ്റി തിരിച്ചു പിടിക്കാമെന്ന് സുപ്രീം കോടതി വിധി വന്നതാണ് എന്‍.എം.ഡി.സി അടക്കമുള്ള മൈനിംഗ് ഓഹരികളെ ബാധിച്ചത്. 2005 ഏപ്രില്‍ ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ട്.
ടാറ്റ സ്റ്റീല്‍, എം.ഒ.ഐ.എല്‍, എം.എം.ടി.സി, ഹിന്ദുസ്ഥാന്‍ സിങ്ക്, വേദാന്ത, കോള്‍ ഇന്ത്യ, സെയില്‍ എന്നിവയുടെ ഓഹരികളിലും കാര്യമായ ഇടിവുണ്ടായി.
കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറ്റം കാഴ്ചവച്ച സുസ്‌ലോണ്‍ എനര്‍ജി ഇന്ന് 5 ശതമാനം താഴെയാണ്.
ഡിവീസ് ലബോറട്ടറീസ്, ജെ.എസ്.ഡബ്ല്യു എനര്‍ജി എന്നിവയാണ് നഷ്ടക്കാരുടെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.
അപ്പര്‍ സര്‍ക്യൂട്ടടിച്ച് കിറ്റെക്‌സ്
കേരള കമ്പനി ഓഹരികളില്‍ ഇന്നത്തെ താരം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ആണ്. ഒന്നാംപാദത്തില്‍ 26.68 കോടി രൂപയുടെ ലാഭം കമ്പനി രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തിലെ സമാനപാദത്തിലെ 7.81 കോടി രൂപയില്‍ നിന്ന് 240 ശതമാനത്തിലധികമാണ് വളര്‍ച്ച. ഓഹരി ഇന്ന് 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു.
സെല്ല സ്‌പേസ് 4.96 ശതമാനവും സഫ സിസ്റ്റംസ് 4.94 ശതമാനവും ഉയര്‍ന്നു. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ എന്നിവ ഒരു ശതമാനത്തോളവും ഉയര്‍ച്ചയിലായിരുന്നു.
ടി.സി.എം ഓഹരിയാണ് ഇന്ന് 6.85 ശതമാനം ഇടിവുമായി നഷ്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തിയ കേരള ഓഹരി. വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് 5.70 ശതമാനവും ബി.പി.എല്‍ 4.84 ശതമാനവും ഇടിവിലാണ്.
ലാഭത്തില്‍ കുറവ് രേഖപ്പെടുത്തിയ പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരി ഇന്ന് അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. വ്യാപാരാന്ത്യത്തില്‍ നഷ്ടം 3.82 ശതമാനമായി കുറഞ്ഞു. ഇന്ന് പാദഫലം പുറത്തു വിട്ട കിംഗ്സ് ഇൻഫ്രാ ഓഹരികളും രണ്ട് ശതമാനത്തോളം നഷ്ടത്തിലാണ്. ഫാക്ട് ഓഹരികള്‍ 3.92 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.55 ശതമാനവും ഇടിഞ്ഞു.
ഇന്നലെ പാദഫലം പുറത്തുവിട്ട മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് രണ്ട് ശതമാനത്തിലധികം താഴേക്ക് പോയി. പലിശ മാര്‍ജിന്‍ കുറഞ്ഞതാണ് ഓഹരികളെ ബാധിച്ചത്.
Next Story
Videos