രണ്ടു വര്‍ഷത്തിനുള്ളിലെ മികച്ച പ്രകടനവുമായി കിറ്റെക്‌സ്; അപ്പര്‍സര്‍ക്യൂട്ടടിച്ച് ഓഹരികളുടെ കുതിപ്പ്

കുട്ടികളുടെ വസ്ത്രനിര്‍മാണ രംഗത്തെ പ്രമുഖരായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് മികച്ച പാദ ഫലം. രണ്ടുവര്‍ഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും മികച്ച പാദഫലമാണ് ഇത്തവണത്തേത്.
ജൂണില്‍ അവസാനിച്ച പാദത്തില്‍ വിറ്റുവരവ് 31 ശതമാനം ഉയര്‍ന്ന് 190 കോടി രൂപയായി ഉയര്‍ന്നു. 2023 ജൂണിലെ സമാനപാദത്തില്‍ 146 കോടി രൂപയായിരുന്നു വരുമാനം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 173 കോടി രൂപയായിരുന്നു വിറ്റുവരവ്.

വരുമാനം വര്‍ധിച്ചു, ചെലവ് കുറഞ്ഞു

അറ്റലാഭത്തിലും ഈ പാദത്തില്‍ മികച്ച നേട്ടം കൊയ്യാന്‍ കമ്പനിക്കായി. ഈ പാദത്തില്‍ ലാഭം 241 ശതമാനം വര്‍ധിച്ച് 26.68 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ ലാഭം 7.8 കോടി രൂപയായിരുന്നു. തൊട്ടു മുന്‍പാദത്തെ 19.74 കോടി രൂപയേക്കാള്‍ ലാഭം 35 ശതമാനം ഉയര്‍ന്നു. അറ്റാദായ മാര്‍ജിന്‍ ഒരു വര്‍ഷം മുമ്പ് 5.27 ശതമാനം ആയിരുന്നത് 13.81 ശതമാനമായി വര്‍ധിച്ചു. മാര്‍ച്ച് പാദത്തില്‍ ഇത് 11.20 ആയിരുന്നു ഇത്.
ലാഭത്തില്‍ ഇത്തവണ വലിയ കുതിപ്പുണ്ടാകാനുള്ള പ്രധാന ഘടകങ്ങള്‍ വരുമാനം കൂടിയതും ചെലവ് കുറഞ്ഞതുമാണ്. ഈ പാദത്തിലെ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കരുറഞ്ഞതോടെ ഗ്രോസ് മാര്‍ജിന്‍ (gross margin) മുന്‍ വര്‍ഷത്തെ 44.22 ശതമാനത്തില്‍ നിന്ന് 59.11 ആയി ഉയര്‍ന്നു.
കമ്പനിയുടെ പുതിയ സ്വതന്ത്ര ഡയറക്ടറായി എ.കെ മാത്യുവിനെ നിയമിച്ചു. ഓഹരിയുടമകളുടെ അനുമതിക്ക് വിധേയമായി അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. കിറ്റക്‌സ് ഗാര്‍മെന്റ്‌സിന്റെ സബ്‌സിഡിയറിയായ കിറ്റക്‌സ് അപ്പാരല്‍ പാര്‍ക്ക്‌സ് തെലങ്കാനയിലെ ഫാക്ടറിയിലേക്ക് 103 കോടി രൂപ അധികമായി നിക്ഷേപിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ഈ തുകയുടെ 70 ശതമാനം കിറ്റക്‌സ് ഗാര്‍മെന്റ്‌സും 30 ശതമാനം കിറ്റക്‌സ് ചില്‍ഡ്രന്‍സ്‌വെയറും വഹിക്കും.

ഓഹരികള്‍ കുതിച്ചു

ലാഭകണക്കുകള്‍ പുറത്തു വന്നതോടെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ ഇന്ന് (ഓഗസ്റ്റ് 14) കുതിച്ചു. അപ്പര്‍സര്‍ക്യൂട്ടിലെത്തിയ ഓഹരികള്‍ 19.90 ശതമാനം ഉയര്‍ന്ന് 287.10 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 1,899 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
Related Articles
Next Story
Videos
Share it