നാലു ദിവസത്തെ നഷ്ടപരമ്പരക്ക് ഇടവേള, അദാനി കമ്പനികള്‍ക്ക് മുന്നേറ്റം, കൊച്ചിന്‍ ഷിപ്‌യാര്‍ഡിനും കുതിപ്പ്

ഐ.ടി, എഫ്.എം.സി.ജി സൂചികകള്‍ ഒഴികെ എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്

നാല് ദിവസത്തെ നഷ്ടക്കച്ചവടത്തിന് വിരാമമിട്ട് നേട്ടത്തിലേക്ക് കയറി വിപണി. ആഗോള വിപണികളിലെ പോസറ്റീവ് വികാരം, രൂപയും എണ്ണവിലയും സ്ഥിരത കൈവരിക്കുന്ന പ്രവണത, ഡിസംബറിലെ ആശ്വാസകരമായ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം തുടങ്ങിയവയാണ് വിപണി നേട്ടത്തിലാകാനുളള കാരണങ്ങള്‍.
ഒറ്റയടിക്കുളള വലിയ വർദ്ധനവിന് പകരം ഘട്ടം ഘട്ടമായി ട്രംപ് ഭരണകൂടം താരിഫ് വർദ്ധന നടപ്പിലാക്കുമെന്ന റിപ്പോർട്ടുകൾ ആഗോള വിപണികള്‍ക്ക് ഉത്തേജനം പകരുന്നതാണ്. ഡിസംബറിലെ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം വിപണി പ്രതീക്ഷിച്ച 5.3 ശതമാനത്തിന് താഴെയായി 5.22 ശതമാനം രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. ഭക്ഷ്യ വിലകൾ നിയന്ത്രണവിധേയമായതും അസംസ്‌കൃത എണ്ണയുടെ താത്കാലിക ഇടിവും ഗ്രാമീണ, നഗര പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായകരമായി. അദാനി ഗ്രൂപ്പ് ഓഹരികള്‍ റാലി തുടര്‍ന്നതും വിപണിയെ നേട്ടത്തിലാക്കി.
സെൻസെക്സ് 0.2 ശതമാനം (170 പോയിൻ്റ്) ഉയർന്ന് 76,500 ലും നിഫ്റ്റി 0.53 ശതമാനം (121 പോയിൻ്റ്) ഉയർന്ന് 23,207 ലുമാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.
വിശാല വിപണിയില്‍ ഇന്ന് ഐ.ടി, എഫ്.എം.സി.ജി സൂചികകള്‍ ഒഴികെ എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് 2.45 ശതമാനത്തിന്റെയും സ്മാള്‍ക്യാപ് 1.98 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി പി.എസ്.യു ബാങ്ക് 4.20 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. നിഫ്റ്റി ഐ.ടി 2.13 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിൻ്റെ (എ.ഇ.എസ്.എൽ) ഓഹരികൾ 12 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഈ പാദത്തിൽ രണ്ട് പുതിയ പ്രോജക്ടുകൾ നേടിയതായി കമ്പനി വ്യക്തമാക്കിയിരുന്നു. ഓഹരി 773 രൂപയിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിലായവര്‍

അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്‌സ്, എൻടിപിസി, ഹിൻഡാൽകോ, ശ്രീറാം ഫിനാൻസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എച്ച്.സി.എല്‍ ടെക് ഓഹരികൾ 8.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ മൂന്നാം പാദ വരുമാനം പ്രതീക്ഷകൾക്ക് അനുസൃതമാണെങ്കിലും, വന്‍ ഉയര്‍ച്ച രേഖപ്പെടുത്താത്തത് ബ്രോക്കറേജുകളെ നിരാശരാക്കി. ഇടപാടുകളുടെ വിജയങ്ങളെക്കുറിച്ച് മാനേജ്‌മെൻ്റ് മികച്ച അഭിപ്രായം പങ്കുവെക്കുമ്പോള്‍ തന്നെ കമ്പനിയുടെ നാലാം പാദം ദുർബലമാകുമെന്ന സൂചനകളാണ് ഉളളത്. ഓഹരി 1,820 രൂപയിലാണ് ക്ലോസ് ചെയ്തത്.
നഷ്ടത്തിലായവര്‍

എച്ച്‌യുഎൽ, അപ്പോളോ ഹോസ്‌പിറ്റൽസ്, ടൈറ്റൻ കമ്പനി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

മികച്ച പ്രകടനവുമായി കേരളാ ആയുര്‍വേദ

കേരളാ കമ്പനികളില്‍ ഇന്ന് ഭൂരിഭാഗം ഓഹരികളും നേട്ടത്തിലായിരുന്നു. 6 കമ്പനികള്‍ മാത്രമാണ് ഇന്ന് ചുവപ്പിലേക്ക് വീണത്. കേരളാ ആയുര്‍വേദ 6.67 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു.
മണപ്പുറം ഫിനാന്‍സ് (5.74%), കല്യാണ്‍ ജുവലേഴ്സ് (4.52%), സ്കൂബി ഡേ ഗാര്‍മെന്റ്സ് (5%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കേരളാ കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡ് 5 ശതമാനം നേട്ടത്തില്‍ 1427 ലാണ് ക്ലോസ് ചെയ്തത്. ഫാക്ട് ഓഹരി 3.50 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി.
വീ ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്സ്, നിറ്റാ ജെലാറ്റിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.
Related Articles
Next Story
Videos
Share it