Begin typing your search above and press return to search.
1,000 പോയിന്റ് വീഴ്ച! വിപണിക്ക് നഷ്ടദിനം; അതിനിടയില്‍ വെസ്‌റ്റേണ്‍ ഇന്ത്യ, സ്‌കൂബി ഡേ മുന്നേറ്റം
കരടികള്‍ ആധിപത്യം പുലർത്തിയ സെഷനാണ് ചൊവ്വാഴ്ച വിപണി സാക്ഷ്യം വഹിച്ചത്. വിൽപ്പന സമ്മർദ്ദം നേരിട്ടതാണ് വിപണി നഷ്ടത്തിലേക്ക് വീഴാനുളള കാരണം. യു.എസ് ഫെഡ് പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രതയോടെയുളള സമീപനമാണ് സ്വീകരിക്കുന്നത്.
അവധിക്കാലമായതിനാൽ വിദേശ നിക്ഷേപകരുടെ ( എഫ്.ഐ.ഐ) ഇടപെടല്‍ ദുർബലമായതും വിപണിയെ ബാധിച്ചു. സെൻസെക്‌സ് 1.30 ശതമാനം താഴ്ന്ന് 80,684.45 ലും നിഫ്റ്റി 1.35 ശതമാനം ഇടിഞ്ഞ് 24,336 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്സ് 1,064.12 പോയിൻ്റിന്റെയും നിഫ്റ്റി 332.25 പോയിൻ്റിന്റെയും നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, ഫിനാൻഷ്യൽ, മെറ്റൽ, ഓയിൽ & ഗ്യാസ് തുടങ്ങിയ മേഖലകള്‍ വലിയ വിൽപ്പന സമ്മര്‍ദമാണ് നേരിട്ടത്.
നിഫ്റ്റി സ്മാള്‍ ക്യാപ് 0.68 ശതമാനത്തിന്റെയും മിഡ് ക്യാപ് 0.57 ശതമാനത്തിന്റെയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി മീഡിയ ഒഴികെ വിശാല വിപണിയില്‍ ഇന്ന് എല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 1.82 ശതമാനത്തിന്റെ ഇടിവുമായി പി.എസ്.യു ബാങ്ക് നഷ്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു.
ഓട്ടോ, ബാങ്ക്, എനര്‍ജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി മീഡിയ 0.02 ശതമാനത്തിന്റെ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
ലെഡ്, അലുമിനിയം റീസൈക്ലിംഗ് കമ്പനിയായ ഗ്രാവിറ്റ ഇന്ത്യയുടെ ഓഹരി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പ്ലേസ്മെന്റ് (ക്യു.ഐ.പി) ആരംഭിച്ചതിന് ശേഷം ഇതുവരെ ഏഴ് ശതമാനത്തോളം ഉയർന്നു. കമ്പനി ക്യുഐപി വഴി 750 കോടി രൂപ സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇഷ്യു 1,000 കോടി രൂപയായി ഉയർത്താനുള്ള ഓപ്ഷനുമുണ്ട്. 5.2 ശതമാനം ഇക്വിറ്റി ഡൈല്യൂഷനാണ് ക്യു.ഐ.പി വഴി ഉണ്ടാകുക. ഓഹരി 2,256.3 രൂപയിലാണ് ക്ലോസ് ചെയ്തത്.
എസ്.എം.ഇ റിന്യുവബിള്‍ എനര്‍ജി കമ്പനിയായ ഒറിയാന പവർ 10,000 കോടി രൂപയുടെ വിവിധ പുനരുപയോഗ ഊർജ പദ്ധതികൾക്കായി രാജസ്ഥാൻ സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷം ഓഹരി ഒമ്പത് ശതമാനം ഉയർന്നു. 10,000 കോടി രൂപയുടെ ധാരണാപത്രം എന്നത് കമ്പനിയുടെ മൊത്തം വിപണി മൂല്യമായ 5,344 കോടിയുടെ ഇരട്ടിയാണ് എന്നത് ശ്രദ്ധേയമാണ്. ഓഹരി 2,729.8 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ (എച്ച്.സി.സി) ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനി ക്യുഐപി ഇഷ്യു ആരംഭിക്കുമെന്ന് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഓഹരിക്ക് 45.27 രൂപ ഫ്ലോർ പ്ലൈസ് ആണ് ബോർഡ് അംഗീകരിച്ച ഇഷ്യു. ഓഹരി 44.5 രൂപയിലാണ് ക്ലോസ് ചെയ്തത്.
ജി.എസ്.ടി യിൽ ഗ്യാസ് ഉൾപ്പെടുത്തുന്നത് വരാനിരിക്കുന്ന ജി.എസ്.ടി കൗൺസിൽ മീറ്റിംഗിൻ്റെ അജണ്ടയിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകളെ തുടര്‍ന്ന് ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ തുടങ്ങിയ ഗ്യാസ് കമ്പനികളുടെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാന വാറ്റ്, സെൻട്രൽ സെയിൽസ് ടാക്സ്, സെൻട്രൽ എക്സൈസ് ഡ്യൂട്ടി തുടങ്ങിയ നികുതികള്‍ ഗ്യാസില്‍ ചുമത്തുന്നുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള നികുതി വ്യത്യാസത്തിൻ്റെ ഫലമായി ഗ്യാസിന് ഒരുകൂട്ടം ഇൻപുട്ട്, ഔട്ട്പുട്ട് നികുതികളാണ് ഉളളത്. ജി.എസ്.ടി യിലേക്ക് മാറുന്നത് നികുതി കാര്യക്ഷമതയില്ലായ്മ പരിഹരിക്കുന്നതിന് സഹായകരമാണ്. ഇന്ദ്രപ്രസ്ഥ ഗ്യാസ് 2.82 ശതമാനം താഴ്ന്ന് 383.2 രൂപയിലാണ് ക്ലോസ് ചെയ്തത്.
മികച്ച പ്രകടനവുമായി വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ്
കേരളാ കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് 6.64 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 238 രൂപയിലാണ് ക്ലോസ് ചെയ്തത്. സ്കൂബി ഡേ ഗാര്‍മെന്റ്സ് 5 ശതമാനം നേട്ടത്തില്‍ 117 രൂപയിലെത്തി.
കേരളാ ആയുര്‍വേദ 3.38 ശതമാനത്തിന്റെയും കൊച്ചിന്‍ മിനറല്‍സ് 3.23 ശതമാനത്തിന്റയും ധനലക്ഷ്മി ബാങ്ക് 6.42 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
കൊച്ചിൻ ഷിപ്പ്‌യാർഡ് 0.63 ശതമാനത്തിന്റെ നേട്ടത്തില്‍ 1618 രൂപയിലും ഫാക്ട് 0.91 ശതമാനം നേട്ടത്തില്‍ 1018 രൂപയിലും ക്ലോസ് ചെയ്തു.
ഹാരിസണ്‍സ് മലയാളം 2.34 ശതമാനം നഷ്ടത്തില്‍ 311 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ് 2.18 ശതമാനത്തിന്റെയും വണ്ടര്‍ലാ ഹോളിഡേയ്സ് 1.76 ശതമാനത്തിന്റെയും ഇടിവ് രേഖപ്പെടുത്തി.
ബി.പി.എല്‍, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, പോപ്പീസ് കെയര്‍ തുടങ്ങിയ ഓഹരികളും ചൊവ്വാഴ്ച നഷ്ടത്തിലായിരുന്നു.
Next Story
Videos