Begin typing your search above and press return to search.
തുണച്ച് മെറ്റലും ഓട്ടോയും; ഓഹരിവിപണി നേട്ടത്തില്‍, മാക്രോടെക്കും ഡ്രോണാചാര്യയും തിളങ്ങി
ആവേശം വിതറുന്ന വാര്‍ത്തകളുടെ അഭാവം. ആശങ്കപ്പെടാനാണെങ്കില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഉടന്‍ നടക്കാനിരിക്കുന്ന നിര്‍ണായക പണനയ അവലോകന യോഗം.
വ്യാപാരത്തിന്റെ തുടക്കംമുതല്‍ അലയടിച്ച ചാഞ്ചാട്ടം. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇതിന് തുണച്ചതാകട്ടെ ലോഹ (Metal), വാഹന (Auto) ഓഹരികളാണ്.
104 പോയിന്റ് (+0.14%) നേട്ടവുമായി 72,748.42ലാണ് ഇന്ന് സെന്‍സെക്‌സ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരുവേള സെന്‍സെക്‌സ് ഇന്ന് 72,314 വരെ താഴുകയും 72,985 വരെ ഉയരുകയും ചെയ്തിരുന്നു. 21,916 വരെ ഒരുവേള താഴ്ന്ന നിഫ്റ്റി ഇന്ന് 22,123 വരെ കയറിയെങ്കിലും വ്യാപാരാന്ത്യത്തിലുള്ളത് 32.35 പോയിന്റ് (+0.15%) ഉയര്‍ന്ന് 22,055.70ല്‍.
നേട്ടത്തിലേറിയവര്‍
ടാറ്റാ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കുറിച്ചവര്‍.
മാക്രോടെക് ഡെവലപ്പേഴ്‌സ്, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, ടാറ്റാ സ്റ്റീല്‍, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ എന്നിവ നിഫ്റ്റി 200ലും നേട്ടത്തില്‍ മുന്നിലെത്തി.
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയും വ്യവസായ, മാനുഫാക്ചറിംഗ് രംഗത്തെ ആഗോള ഹബ്ബുകളിലൊന്നായ ചൈനയില്‍ ജനുവരി-ഫെബ്രുവരിയിലെ വ്യാവസായിക ഉത്പാദന വളര്‍ച്ച പ്രതീക്ഷകളെ കടത്തിവെട്ടി ഉയര്‍ന്നതാണ് മെറ്റല്‍, ഓട്ടോ ഓഹരികള്‍ക്ക് നേട്ടമായത്. വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിക്കും ഇന്ത്യയില്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനും പ്രോത്സാഹനം നല്‍കാന്‍ കേന്ദ്രം പുതിയ നയം പ്രഖ്യാപിച്ചതും ഓട്ടോ ഓഹരികള്‍ക്ക് നേട്ടമായി.
5.2 ശതമാനം പ്രതീക്ഷിച്ചിടത്ത് വളര്‍ച്ച 7 ശതമാനമുണ്ടായി. ചൈനയില്‍ സ്റ്റീല്‍ ഡിമാന്‍ഡ് കൂടുകയാണെന്നതും ഈ രംഗത്തെ ഓഹരികള്‍ക്ക് കരുത്തായി. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസില്‍ നിന്ന് 'വാങ്ങല്‍' (BUY) സ്റ്റാറ്റസ് ലഭിക്കുകയും ഉയര്‍ന്ന ലക്ഷ്യവില ലഭിക്കുകയും ചെയ്തത് മാക്രോടെക് ഓഹരികളെ ഇന്ന് ഉഷാറാക്കി.
തേര്‍ഡ് പാര്‍ട്ടിയുടെ സഹകരണത്തോടെ യു.പി.ഐ സേവനങ്ങള്‍ തുടരാന്‍ എന്‍.പി.സി.ഐയില്‍ നിന്ന് അനുമതി കിട്ടിയ പശ്ചാത്തലത്തിലും യെസ് സെക്യൂരിറ്റീസില്‍ നിന്ന് 'വാങ്ങല്‍' (BUY) സ്റ്റാറ്റസ് ലഭിച്ചതും പേയ്ടിഎം ഓഹരികള്‍ക്കും ഇന്ന് ഊര്‍ജമായി. എ.പി.എല്‍ അപ്പോളോ ട്യൂബ്‌സിന്റെ ഒരു ശതമാനം ഓഹരികള്‍ കാപ്പിറ്റല്‍ ഗ്രൂപ്പ് 446 കോടി രൂപയ്ക്ക് ഏറ്റെടുത്തിട്ടുണ്ട്. ഇത്, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ് ഓഹരികള്‍ക്ക് ഇന്ന് ഗുണം ചെയ്തു.
300 മെഗാവാട്ട് റിന്യൂവബിൾ എനര്‍ജി പദ്ധതിക്കുള്ള 3,650 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ലഭിച്ച പശ്ചാത്തലത്തില്‍ ടൊറന്റ് പവര്‍ ഓഹരി ഇന്ന് 2.6 ശതമാനം കയറി. ഇന്ത്യന്‍ സൈന്യത്തിന് ഐ.ടി ഹാര്‍ഡ്‌വെയര്‍ സേവനങ്ങള്‍ നല്‍കാനുള്ള കരാര്‍ ലഭിച്ച ഡ്രോണാചാര്യ ഏരിയല്‍ സൊല്യൂഷന്‍സിന്റെ ഓഹരി ഇന്ന് 5 ശതമാനം നേട്ടം കുറിച്ചു.
നിരാശപ്പെടുത്തിയവര്‍
കൊഫോര്‍ജ്, അദാനി ടോട്ടല്‍ ഗ്യാസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, മാസഗോണ്‍ ഡോക്ക് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ വിറ്റഴിച്ച് (QIP) 300 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തിനിടെയാണ് കൊഫോര്‍ജിന്റെ വീഴ്ച.
ഊര്‍ജ കരാറുകള്‍ നേടാന്‍ അദാനി ഗ്രൂപ്പോ ചെയര്‍മാന്‍ ഗൗതം അദാനിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അമേരിക്ക അന്വേഷണം തുടങ്ങിയത്, അദാനി ഗ്രൂപ്പ് ഓഹരികളെ ഇന്ന് നഷ്ടത്തിലേക്ക് വീഴ്ത്തി. അദാനി ടോട്ടല്‍ ഗ്യാസ് 4.13 ശതമാനവും അദാനി എനര്‍ജി സൊല്യൂഷന്‍സ് 3.03 ശതമാനവും താഴ്ന്ന് നഷ്ടത്തില്‍ മുന്നിലെത്തി.
ഇന്‍ഫോസിസ്, ടി.സി.എസ്., വിപ്രോ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ യോഗം നടക്കാനിരിക്കേയാണ് ഐ.ടി ഓഹരികളുടെ തളര്‍ച്ച.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് 2.49 ശതമാനവും ഓട്ടോ സൂചിക 1.26 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ 1.15 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഐ.ടി 1.64 ശതമാനം നഷ്ടത്തിലേക്ക് വീണു.
നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി., പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയും ഇന്ന് 0.09-0.46 ശതമാനം വരെ താഴ്ന്നു. നിഫ്റ്റി ബാങ്ക് 0.04 ശതമാനം നേരിയ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.39 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.57 ശതമാനവും താഴ്ന്നു.
നിഫ്റ്റി 50ല്‍ ഇന്ന് 21 ഓഹരികള്‍ നേട്ടത്തിലും 29 എണ്ണം നഷ്ടത്തിലുമായിരുന്നു. ടാറ്റാ സ്റ്റീല്‍ 5.01 ശതമാനം കുതിച്ച് നേട്ടത്തില്‍ ഒന്നാമതെത്തി. രണ്ടുശതമാനം ഇടിഞ്ഞ യു.പി.എല്‍ ആണ് വീഴ്ചയില്‍ മുന്നില്‍.
ബി.എസ്.ഇയില്‍ 4,056 ഓഹരികള്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,963 എണ്ണം നേട്ടത്തിലും 1,985 എണ്ണം നഷ്ടത്തിലുമായിരുന്നു. 108 ഓഹരികളുടെ വില മാറിയില്ല. 127 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 52 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ഇന്നും ഒഴിഞ്ഞുകിടന്നു. ലോവര്‍-സര്‍കീട്ടില്‍ രണ്ട് കമ്പനികളുണ്ടായിരുന്നു.
കേരള ഓഹരികളില്‍ നേട്ടം സമ്മിശ്രം
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളില്‍ ഇന്ന് വലിയ കിതപ്പോ കുതിപ്പോ കണ്ടില്ല. അപ്പോളോ ടയേഴ്‌സ് 3.13 ശതമാനം, ഫെഡറല്‍ ബാങ്ക് 2.06 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 2.07 ശതമാനം, പാറ്റ്‌സ്പിന്‍ 3.52 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
സഫ സിസ്റ്റംസ് 4.97 ശതമാനവും യൂണിറോയല്‍ മറീന്‍ 4.70 ശതമാനവും നഷ്ടം രേഖപ്പെടുത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.56 ശതമാനം താഴേക്കുപോയി. വണ്ടര്‍ല 1.28 ശതമാനവും ടി.സി.എം 2.56 ശതമാനവും നഷ്ടം കുറിച്ചു.
ധനലക്ഷ്മി ബാങ്ക് 2.7 ശതമാനവും ഈസ്‌റ്റേണ്‍ 5.83 ശതമാനവും ഉയര്‍ന്നു. ഹാരിസണ്‍സ് മലയാളം 3.51 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 3.83 ശതമാനം, കേരള ആയുര്‍വേദ 2.73 ശതമാനം, വെര്‍ട്ടെക്‌സ് 4.17 ശതമാനം, വി-ഗാര്‍ഡ് 1.95 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.
Next Story
Videos