ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍
ഐ.ടി ഓഹരികള്‍ നേരിട്ട കനത്ത വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും നഷ്ടത്തിലേക്ക് വീണു. സെന്‍സെക്‌സ് 159.21 പോയിന്റ് താഴ്ന്ന് 59,567.80ലും നിഫ്റ്റി 41.40 ശതമാനം താഴ്ന്ന് 17,618.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സൂചികകള്‍ ഇടിയുന്നത്.
എച്ച്.സി.എല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സ്, വിപ്രോ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. എച്ച്.സി.എല്‍., ഇന്‍ഫോസിസ് എന്നിവ രണ്ട് ശതമാനത്തിനടുത്ത് നഷ്ടം നേരിട്ടു. നാളെ എച്ച്.സി.എല്‍ മാര്‍ച്ച്പാദ പ്രവര്‍ത്തനഫലം പുറത്തുവിടാനിരിക്കേയാണ് ഇടിവ്.
ബി.പി.സി.എല്‍., ഡിവീസ് ലാബ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നേട്ടം കുറിച്ചു. ഐ.ടി., ഊര്‍ജ ഓഹരികള്‍ ഒരു ശതമാനം വീതം ഇടിഞ്ഞപ്പോള്‍ ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ ഓഹരികളില്‍ മികച്ച വാങ്ങല്‍ ദൃശ്യമായെങ്കിലും ഓഹരി സൂചികകളുടെ മൊത്തം ഇടിവിനെ തടയാനായില്ല. 109 ഓഹരികള്‍ ഇന്ന് 52-ആഴ്ചയിലെത്തി. പോളിക്യാബ് ഇന്ത്യ, സാക്‌സോഫ്റ്റ്, ഡിവീസ് ലാബ്, ഡാല്‍മിയ ഭാരത്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ എന്നിവ ഇതിലുള്‍പ്പെടുന്നു.
15 കേരള ഓഹരികള്‍ നഷ്ടത്തില്‍
കേരളം ആസ്ഥാനമായ 15 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണുള്ളത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (3.14 ശതമാനം), നിറ്റ ജെലാറ്റിന്‍ (1.56 ശതമാനം), ഇന്‍ഡിട്രേഡ് (2.06 ശതമാനം) എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖര്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.69 ശതമാനം), മൂത്തൂറ്റ് കാപ്പിറ്റല്‍ (2.62 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.91 ശതമാനം) എന്നിവ നേട്ടമുണ്ടാക്കി.