Begin typing your search above and press return to search.
മികച്ച പ്രകടനവുമായി ഓഹരി വിപണി; ബാങ്ക്, ഐ.ടി ഓഹരികള്‍ നേട്ടത്തില്‍; കേരളാ ഓഹരികളില്‍ ജിയോജിത്തിനും എ.വി.ടി ക്കും മുന്നേറ്റം
ഇന്നലത്തെ മങ്ങിയ പ്രകടനത്തിനു ശേഷം ഓഹരി വിപണി ഇന്ന് ശക്തമായ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുളളുകള്‍ ശക്തിയാര്‍ജിച്ചതിനാല്‍ നിഫ്റ്റിക്ക് ഇൻട്രാഡേയിൽ 24,700 കടക്കാന്‍ സാധിച്ചു.
സെൻസെക്‌സ് 0.47 ശതമാനം ഉയർന്ന് 80,802.86ലും നിഫ്റ്റി 0.51 ശതമാനം ഉയർന്ന് 24,698.85ലും ക്ലോസ് ചെയ്തു. സെൻസെക്‌സ് 378.18 പോയിന്റും നിഫ്റ്റി 126.20 പോയിന്റും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എസ്ബിഐ ലൈഫ് (5.48%), എച്ച്ഡിഎഫ്സി ലൈഫ് (3.48%), ബജാജ് ഫിൻസെർവ് (3.41%), ഇൻഡസ്ഇൻഡ് (2.55%), ശ്രീറാം ഫിനാൻസ് (2.39%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഭാരതി എയർടെൽ (-1.41%), ഒ.എന്‍.ജി.സി (-1.40%), അപ്പോളോ ഹോസ്പിറ്റൽ (-1.11%), അദാനി എന്റർപ്രൈസസ് (-1.02%), സിപ്ല (-0.80%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി മിഡ് ക്യാപ് 0.84 ശതമാനത്തിന്റെയും നിഫ്റ്റി ബാങ്ക് 0.86 ശതമാനത്തിന്റെയും മുന്നേറ്റം കാഴ്ചവെച്ചു.
വിവിധ സൂചികകളുടെ പ്രകടനം
എഫ്.എം.സി.ജി, മീഡിയ ഒഴികെ ബാങ്ക്, ഹെൽത്ത് കെയർ, ഐ.ടി, മെറ്റൽ, പവർ തുടങ്ങിയ എല്ലാ സൂചികകളും ഇന്ന് പച്ച വെളിച്ചം തൊട്ടു.
നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.11 ശതമാനത്തിന്റെയും നിഫ്റ്റി പി.എസ്.യു ബാങ്ക് 1.68 ശതമാനത്തിന്റെയും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.02 ശതമാനത്തിന്റെയും നിഫ്റ്റി ഫാര്‍മ 0.61 ശതമാനത്തിന്റെയും നിഫ്റ്റി ഓട്ടോ 0.52 ശതമാനത്തിന്റെയും മുന്നേറ്റം കാഴ്ചവെച്ചു.
നിഫ്റ്റി എഫ്.എം.സി.ജി 0.14 ശതമാനത്തിന്റെയും നിഫ്റ്റി മീഡിയ 0.27 ശതമാനത്തിന്റെയും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിൽ വ്യാപാരം നടത്തിയ 4,011 ഓഹരികളില്‍ 2,295 ഓഹരികള്‍ നേട്ടത്തിലായിരുന്നപ്പോള്‍ 1,599 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 117 ഓഹരികൾ മാറ്റമില്ലാതെ തുടര്‍ന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലവാരം രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 278 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയവ 21 ഉം ആയിരുന്നു. 355 ഓഹരികൾ അപ്പർ സർക്യൂട്ടിലും 186 ഓഹരികൾ ലോവർ സർക്യൂട്ടിലും വ്യാപാരം നടത്തി.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
പൂനവല്ല ഫിൻകോർപ്പ് 8.17 ശതമാനത്തിന്റെയും ടോറന്റ് പവർ 7.36 ശതമാനത്തിന്റെയും ജെ.എസ്.ഡബ്ലിയു എനർജി 6.05 ശതമാനത്തിന്റെയും എസ്ബിഐ ലൈഫ് ഇൻഷുറൻസ് 5.48 ശതമാനത്തിന്റെയും നേട്ടം കാഴ്ചവെച്ചു. പൂനവല്ല ഫിൻകോർപ്പ് 401.30 ലും ടോറന്റ് പവർ 1796 ലുമാണ് ക്ലോസ് ചെയ്തത്.
ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് വില്‍പ്പന റിപ്പോര്‍ട്ടില്‍ 77 ശതമാനം ഇടിവ് പ്രവചിച്ചതിനെ തുടർന്ന് മാസഗോൺ ഡോക്ക് ഓഹരികൾ നഷ്ടം രേഖപ്പെടുത്തി. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് 9.05 ശതമാനത്തിന്റെയും പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് 3.98 ശതമാനത്തിന്റെയും സൺ ടിവി നെറ്റ്‌വർക്ക് 3.16 ശതമാനത്തിന്റെയും മാക്രോടെക് ഡെവലപ്പേഴ്സ് 2.26 ശതമാനത്തിന്റെയും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. മാസഗോൺ ഓഹരി 4,279 ലും സൺ ടിവി 788.50 ലും ഓയില്‍ ഇന്ത്യ 2.12 ശതമാനം ഇടിഞ്ഞ് 674.95 ലുമാണ് ക്ലോസ് ചെയ്തത്.
പൂർണ്ണ ഉടമസ്ഥതയിലുള്ള അസറ്റ് മാനേജ്‌മെന്റ് സബ്‌സിഡിയറി സ്ഥാപിക്കാനുള്ള പദ്ധതിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) അംഗീകാരം നൽകിയതിനെത്തുടർന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികൾ 2.6 ശതമാനം നേട്ടമുണ്ടാക്കി. പാരാ ബാങ്കിംഗിലേക്കുള്ള ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ നേരിട്ടുള്ള പ്രവേശനമാണ് ഇത് അടയാളപ്പെടുത്തുന്നത്. ചെറിയ ബാങ്കുകളും ഈ നീക്കം പിന്തുടരുമെന്നാണ് കരുതുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരി 1,382 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹൈദരാബാദിലെ 103 ഏക്കർ ഭൂമി 535 കോടി രൂപയ്ക്ക് വിൽക്കാൻ മാനേജ്‌മെന്റ് അനുമതി നൽകിയതോടെ ടെക് മഹീന്ദ്ര ഓഹരികൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 1,629 രൂപയിലാണ് ടെക് മഹീന്ദ്ര ഓഹരി ഇന്ന് ക്ലോസ് ചെയ്തത്.
ഒല ഇലക്ട്രിക് മൊബിലിറ്റി ഓഹരി റെക്കോഡ് ഉയരമായ 157.4 രൂപയിൽ നിന്ന് 14 ശതമാനത്തിലധികം ഇടിഞ്ഞു. ഈ മാസമാദ്യം ലിസ്റ്റ് ചെയ്തതിന് ശേഷം, നിക്ഷേപകരുടെ മൂലധനം ഇരട്ടിയാക്കി ഓഹരി അതിന്റെ ഇഷ്യു വിലയായ 76 രൂപയേക്കാൾ 107 ശതമാനത്തിന്റെ ഉയർച്ചയാണ് കാഴ്ചവെച്ചത്. ഒല ഇലക്ട്രിക് മൊബിലിറ്റി 137.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എഫ്.എം.സി.ജി ഓഹരികളില്‍ ശീതൾ കൂൾ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (2.84% കുറഞ്ഞു), ഹിന്ദുസ്ഥാൻ ഫുഡ്‌സ് ലിമിറ്റഡ്.( 1.12% കുറവ്), വരുൺ ബിവറേജസ് ലിമിറ്റഡ് (1.12% കുറവ്), ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ്. (0.69% കുറവ്) തുടങ്ങിയവ നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
എഫ്.എം.സി.ജി ഓഹരികളിൽ ബൽറാംപൂർ ചിനി 7.36 ശതമാനം ഉയർന്നു. ടേസ്റ്റി ബൈറ്റ് ഈറ്റബിൾസ് ലിമിറ്റഡ് (9.91% വർധന), സൈഡസ് വെൽനസ് ലിമിറ്റഡ് (4.42% വർധന), യൂറോ ഇന്ത്യ ഫ്രഷ് ഫുഡ്സ് ലിമിറ്റഡ് (1.84% വർധന), ജ്യോതി ലാബ്സ് ലിമിറ്റഡ് (1.42% വർധന), ഗില്ലറ്റ് ഇന്ത്യ ലിമിറ്റഡ് (1.34% വർധന) തുടങ്ങിയ എഫ്.എം.സി.ജി ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഇന്ന് ഡിഫൻസ് ഓഹരികള്‍ കനത്ത വിൽപ്പന സമ്മർദ്ദത്തില്‍ അകപ്പെട്ടു. മാസഗോൺ ഡോക്ക് 9 ശതമാനത്തിലധികം ഇടിഞ്ഞ് കടും ചുവപ്പിലേക്ക് വഴുതി വീണു. ജൂൺ പാദത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിന്റെ ഓഹരി ബി.എസ്.ഇ യില്‍ 4278.8 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി 13.85 ശതമാനത്തിന്റെ ഇടിവാണ് ഓഹരി രേഖപ്പെടുത്തിയത്.
ഡിഫന്‍സ് ഓഹരികളുടെ മെഗാ റാലിയ്ക്കിടയിൽ ജൂലൈയിൽ രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽ നിന്ന് മാസഗോൺ ഡോക്ക് 26 ശതമാനത്തിന്റെ തിരുത്തലിനാണ് വിധേയമായത്.
ഇത് പകർച്ചവ്യാധി പോലെ മറ്റ് ഡിഫന്‍സ് ഓഹരികളിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടത്. എൻ.എസ്.ഇയിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി 4.01 ശതമാനം ഇടിഞ്ഞ് 2,069.10 രൂപയായി. ഇൻട്രാഡേയിൽ ഇത് 5.34 ശതമാനം കുറഞ്ഞ് 2039.5 രൂപ വരെ എത്തിയിരുന്നു.
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഓഹരികൾ എൻ.എസ്.ഇയിൽ 1.18 ശതമാനം ഇടിഞ്ഞ് 4,735.80 രൂപയിലെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ 150.26 ശതമാനത്തിന്റെ ഉയർച്ചയായിരുന്നു ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് കാഴ്ചവെച്ചത്.
50,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ 2028-2029 ഓടെ കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്നാണ് ഈ വർഷമാദ്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. 2023–2024 സാമ്പത്തിക വർഷം പ്രതിരോധ കയറ്റുമതിയിൽ 21,083 കോടി രൂപയുടെ റെക്കോഡ് നേട്ടമായിരുന്നു ഇന്ത്യ കൈവരിച്ചത്.
പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതും കയറ്റുമതിക്കുള്ള ഉത്തേജനം വര്‍ധിപ്പിക്കുന്നതും അടക്കമുളള നീക്കങ്ങള്‍ ഡിഫന്‍സ് മേഖലയിൽ ആഭ്യന്തര കമ്പനികൾക്ക് കൂടുതല്‍ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്.
പാക്കേജിംഗ് സൊല്യൂഷൻസ് പ്രൊവൈഡേഴ്സായ മഞ്ജുശ്രീ ടെക്‌നോപാക്കിന് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് വഴി 3,000 കോടി രൂപ സമാഹരിക്കാനുളള പദ്ധതിയുണ്ട്.
750 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവിന്റെയും 2,250 കോടി രൂപയുടെ ഓഹരികളുടെ ഓഫർ ഫോർ സെയിലിന്റെയും (OFS) സംയോജനമായിരിക്കും ഐ.പി.ഒ. മഞ്ജുശ്രീ ടെക്‌നോപാക്ക് 446.15 ലാണ് ഇന്ന് ക്ലോസ് ചെയ്തത്.
ജിയോജിത്തിനും എ.വി.ടി ക്കും മുന്നേറ്റം
കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എ.വി.ടി നാച്ചുറല്‍ പ്രോഡക്ട്സ്, ഈസ്റ്റേണ്‍ ട്രഡ്സ്, അപ്പോളോ ടയേഴ്സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. കിറ്റക്സ് ഗാര്‍മെന്റ്സ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, റബ്ഫില്ല ഇന്റര്‍നാഷണല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
എ.വി.ടി നാച്ചുറല്‍ പ്രോഡക്ട്സ് 8.45 ശതമാനം നേട്ടത്തില്‍ 93.48 ലും ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 4.84 ശതമാനം ഉയര്‍ന്ന് 110 ലും മണപ്പുറം ഫിനാന്‍സ് 3.03 ശതമാനം ഉയര്‍ന്ന് 20.35 ലുമാണ് ക്ലോസ് ചെയ്തത്.
കിറ്റക്സ് ഗാര്‍മെന്റ്സ് 6.18 ശതമാനം നഷ്ടത്തില്‍ 347 ലും ആസ്പിന്‍വാള്‍ 3.68 ശതമാനം നഷ്ടത്തില്‍ 287 ലുമാണ് ക്ലോസ് ചെയ്തത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 3.73 ശതമാനം നഷ്ടത്തില്‍ 2075 ലും ഹാരിസണ്‍സ് മലയാളം 3.12 ശതമാനം ഇടിഞ്ഞ് 222 ലുമാണ് ക്ലോസ് ചെയ്തത്. ഫാക്ട് ഓഹരി 1.24 ശതമാനം നഷ്ടത്തില്‍ 938 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, ആഡ്ടെക് സിസ്റ്റംസ്, കല്യാണ്‍ ജുവല്ലേഴ്സ്, കേരളാ ആയുര്‍വേദ, നിറ്റാ ജെലാറ്റിന്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Next Story
Videos