റെക്കോഡ് തുടര്‍ച്ചയാക്കി സൂചികകള്‍; രൂപ സര്‍വകാല താഴ്ചയില്‍, വെട്ടിത്തിളങ്ങി ഫാക്ട്, റബ്ഫിലയ്ക്കും കുതിപ്പ്

ദിവസം മുഴുവന്‍ ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും സര്‍വകാല റെക്കോഡ് കുറിച്ചാണ് ഇന്നും ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വ്യാപാരത്തിനിടെ 543 പോയിന്റ് വരെ ഉയർന്ന സെന്‍സെക്‌സ് വ്യാപാരാന്ത്യത്തില്‍ 141 പോയിന്റ് മാത്രം ഉയര്‍ന്ന് 77,479ലാണുള്ളത്. നിഫ്റ്റിയും 182 പോയിന്റ് വരെ കയറിയ ശേഷം 51 പോയിന്റ് ഉയര്‍ന്ന് 23,567ല്‍ വ്യാപാരം അവസാനിപ്പിച്ചു.

റിലയന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയില്‍ മികച്ച വാങ്ങലുണ്ടായതാണ് വിപണിക്ക് കരുത്തായത്.
രൂപ ഇന്ന് ഡോളറിനെതിരെ റെക്കോഡ് ഇടിവിലെത്തി. ഡോളറിനെതിരെ 83.62 വരെ താഴ്ന്ന ശേഷം 83.597ലക്ക് മെച്ചപ്പെട്ടു. 18
പൈസയോളമാണ് ഇന്ന് ഒറ്റ ദിവസം ഇടിഞ്ഞത്.
പ്രാദേശിക ഇറക്കുമതിക്കാരില്‍ നിന്ന് മികച്ച ഡിമാന്‍ഡുണ്ടായതും ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്കു കൂടിയതുമാണ് രൂപയുടെ മൂല്യമിടിച്ചത്.
വിവിധ വിഭാഗങ്ങളുടെ പ്രകടനം
ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഇന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തി. യഥാക്രമം 0.55 ശതമാനം, ഒരു ശതമാനം എന്നിങ്ങനെയാണ് നേട്ടം.
ബി.എസ്.ഇയില്‍ ഇന്ന് 3,981 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,828 ഓഹരികള്‍ മുന്നേറി. 1,571 ഓഹരികളുടെ വില ഇടിഞ്ഞു. 128 ഓഹരികളുടെ വിലകളില്‍ മാറ്റമുണ്ടായില്ല.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 1.86 ലക്ഷം കോടിരൂപ വര്‍ധിച്ച് 435.81 ലക്ഷം കോടി രൂപയായി.
ഇന്ന് 284 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 15 ഓഹരികള്‍ താഴ്ന്ന വിലയിലുമെത്തി. ഇന്ന് നാല് ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുണ്ടായിരുന്നത്. രണ്ട് ഓഹരികളെ ലോവര്‍ സര്‍ക്യൂട്ടിലും കണ്ടു.
വിവിധ സൂചികകളുടെ പ്രകടനം

വിവിധ സെക്ടറുകളെടുത്താല്‍ 2 ശതമാനം നേട്ടവുമായി നിഫ്റ്റി റിയല്‍റ്റിയാണ് മുന്നില്‍. 1.8 ശതമാനം നേട്ടവുമായി നിഫ്റ്റി മെറ്റല്‍ രണ്ടാം സ്ഥാനത്താണ്. പ്രൈവറ്റ് ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും മികച്ച് നിന്നു. ഓട്ടോ, ഫാര്‍മ, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
ഗ്രാസിം, ഹിന്‍ഡാല്‍കോ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ബി.പി.സി.എല്‍, അദാനി പോര്‍ട്‌സ്, കൊട്ടക് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, എച്ച്.യു.എല്‍, കോള്‍ ഇന്ത്യ എന്നിവയാണ് ഇന്ന് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ച വമ്പന്‍ ഓഹരികള്‍. രണ്ട് ശതമാനം വരെയാണ് ഉയര്‍ച്ച.
മിന്നും താരമായി ഫാക്ട്
നിഫ്റ്റിയില്‍ ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവച്ചത് കേരളത്തിന്റെ സ്വന്തം ഫാക്ടാണ്. കേരള കമ്പനികളില്‍ വിപണി മൂല്യത്തില്‍ ഒന്നാമനായി മാറിയിരിക്കുകയാണ് പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്/FACT). ഖാരിഫ് വിളകളുടെ താങ്ങുവില കൂട്ടിയതും ജൂണ്‍ 22ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ മീറ്റിംഗില്‍ വളം കമ്പനികളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന വാര്‍ത്തകളാണ് ഇന്ന് ഫാക്ട് ഓഹരികളെ ഉയര്‍ത്തിയത്. രാവിലത്തെ വ്യാപാര സെഷനില്‍ ഓഹരി 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 70,000 കോടിയെന്ന നാഴികക്കല്ലും പിന്നിട്ടു. വ്യാപാരാന്ത്യം 20 ശതമാനം ഉയര്‍ന്ന് 1,090.35 രൂപയിലാണ് ഓഹരിയുള്ളത്.

ഇന്ന് നേട്ടത്തിലേറിയവര്‍

പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സ്, ഭാരത് ഫോര്‍ജ്, വേദാന്ത, ദീപക് നൈട്രൈറ്റ് എന്നിവയാണ് നിഫ്റ്റി 200ല്‍ നാല് മുതല്‍ 7 ശതമാനം വരെ നേട്ടവുമായി മുന്നിലെത്തിയത്.
സുസ്‌ലോണ്‍ എനര്‍ജിയില്‍ ഇന്ന് 0.3 ശതമാനം ഓഹരികള്‍ ബ്ലോക്ക് ഡീല്‍ വഴി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് ഓഹരികളെ മൂന്ന് ശതമാനം ഉയര്‍ത്തി.

മാപ്‌മൈ ഇന്ത്യയുടെ ഉടമസ്ഥരായ സി.ഇ ഇന്‍ഫോ സിസ്റ്റംസ് ഓഹരികളും ഇന്ന് 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തോട്ടു. ഗോള്‍ഡ്മാൻ സാക്‌സ് ഓഹരിക്ക് 'വാങ്ങല്‍' സ്റ്റാറ്റസ് നല്‍കിയതാണ് വില ഉയര്‍ത്തിയത്.

ബ്രിഗേഡ് എന്റര്‍പ്രൈസസ് ഓഹരികള്‍ ഇന്ന് 1.54 ശതമാനം ഉയര്‍ന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ബ്രിഗേഡ് ഗ്രൂപ്പ് മൂന്നാമത്തെ ടവര്‍ തുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഷ്ടത്തിലിവര്‍

ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ബി.എസ്.ഇ, ഹീറോ മോട്ടോ കോര്‍പ്, വോഡഫോണ്‍ ഐഡിയ എന്നിവ നിഫ്റ്റി 200ന്റെ നോവായി.

ഇന്ന് നഷ്ടം കുറിച്ചവര്‍

ഗോള്‍ഡ്മാന്‍ സാക്‌സില്‍ നിന്ന് 'ബൈ' റേറ്റിംഗ് ലഭിച്ച ടാറ്റ ടെക്‌നോളജീസ് ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം ഇടിഞ്ഞു.
പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സിന്റെ 5.2 ശതമാനം ഓഹരികള്‍ ബ്ലോക്ക് ഡീല്‍ വഴി കൈറ്റം ചെയ്തപ്പെട്ടതിനു പിന്നാലെ ഓഹരി നാല് ശതമാനം ഇടിവിലായി.

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദാദ്ര പ്ലാന്റിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് താക്കീത് ലഭിച്ചു. ഓഹരി ഇന്ന് 1.90 ശതമാനം ഇടിഞ്ഞു.

നേട്ടക്കുതിപ്പില്‍ കേരള ആയുര്‍വേദ

കേരള കമ്പനികളില്‍ ഫാക്ട് കൂടാതെ റബ്ഫില ഇന്റര്‍നാഷണല്ലും ഇന്ന് വലിയ മുന്നേറ്റം കാഴ്ച വച്ചു. ഓഹരി 11 ശതമാനം ഉയര്‍ന്നു. സഫ സിസ്റ്റംസ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, ബി.പി.എല്‍ എന്നിവ ഇന്ന് 10 മുതല്‍ 20 ശതമാനം വരെ മുന്നേറ്റം കാഴ്ചവച്ചു.

കേരള ആയുര്‍വേദ ഓഹരികൾ ഇന്ന് എട്ട് ശതമാനം നേട്ടത്തോടെ മികച്ചു നിന്നു. ആസ്പിൻവാൾ, ധനലക്ഷ്മി ബാങ്ക്, നിറ്റ ജെലാറ്റിന്‍ എന്നിവ നാല് ശതമാനത്തിനു മേല്‍ ഉയര്‍ന്നു.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

പ്രൈം അഗ്രോ, ഹാരിസണ്‍സ് മലയാളം, സെല്ല സ്‌പേസ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, കെ.എസ്.ഇ എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ മുന്നിലെത്തിയ കേരള ഓഹരികള്‍.
Related Articles
Next Story
Videos
Share it