യു.എസ് കാറ്റേറ്റ് ഉയര്‍ന്ന് ഇന്ത്യന്‍ വിപണി; സ്വര്‍ണത്തില്‍ തിളങ്ങി മുത്തൂറ്റും മണപ്പുറവും, കയറ്റത്തിന് ഇടവേളയിട്ട് പേയ്ടിഎം

അമേരിക്കയുടെ കേന്ദ്ര ബാങ്കായ യു.എസ് ഫെഡറൽ റിസർവിന്റെ പലിശ പ്രഖ്യാപനത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ വിപണിയും ഇന്ന് നേട്ടത്തിലേറി. സെന്‍സെക്‌സ് 540 പോയിന്റ് ഉയര്‍ന്ന് 72,641ലും നിഫ്റ്റി 173 പോയിന്റ് ഉയര്‍ന്ന് 22,011ലുമാണ് ക്ലോസ് ചെയ്തത്. 22,000ത്തിനു മുകളില്‍ നിഫ്റ്റിക്ക് വ്യാപാരം അവസാനിപ്പിക്കാനായതും നേട്ടമായി.

സെന്‍സെകസിലെ 30 ഓഹരികളില്‍ 26 എണ്ണവും നിഫ്റ്റിയിലെ 50ല്‍ 43 ഓഹരികളും ഇന്ന് നേട്ടത്തിലായി. ബി.പി.സി.എല്‍, എന്‍.ടി.പി.സി, പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നിവയാണ് ഇന്ന് വിപണിയെ മുന്നില്‍ നിന്ന് നയിച്ചത്. രണ്ട് മുതല്‍ നാല് ശതമാനം വരെയാണ് ഈ ഓഹരികളുടെ നേട്ടം.
ബി.എസ്.ഇ മിഡ്, സ്‌മോള്‍ക്യാപ് ഓഹരികളുടെ കരുത്തുറ്റ തിരിച്ചു വരവിനും വിപണി സാക്ഷിയായി. ഇവ യഥാക്രമം 2.3 ശതമാനം, 2 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ആറ് ലക്ഷം കോടി രൂപ കൂടി. 374 ലക്ഷം കോടിയില്‍ നിന്ന് 380 ലക്ഷം കോടിയായാണ് ഉയര്‍ച്ച.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ഭാരതി എയര്‍ടെല്‍, കമ്മിന്‍സ് ഇന്ത്യ, സി.ജി പവര്‍, ഡിമാര്‍ട്ട്, തെര്‍മാക്‌സ് എന്നിവ ഉള്‍പ്പെടെ 101 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ച്ചയിലെത്തി. അതേസമയം, 54 ഓഹരികള്‍ താഴ്ചയിലുമെത്തി. ഇന്ന് 3,926 ഓഹരികളാണ് വ്യാപാരം ചെയ്തത്. ഇതില്‍ 2,760 ഓഹരികള്‍ നേട്ടത്തിലും 1,060 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 106 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. 405 ഓഹരികള്‍ ഇന്ന് അപ്പര്‍സര്‍കീട്ടിലെത്തിയപ്പോൾ 245 ഓഹരികള്‍ ലോവര്‍ സര്‍കീട്ടിലുമെത്തി.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 5.25 മുതല്‍ 5.50 ശതമാനത്തില്‍ നിറുത്തിയെങ്കിലും ഈ വര്‍ഷം മൂന്ന് തവണ നിരക്ക് കുറച്ചേക്കാമെന്ന വ്യക്തമായ സൂചന നല്‍കിയത് നിക്ഷേപകരില്‍ ഇതുവരെയുണ്ടായിരുന്ന അനിശ്ചിതത്വമില്ലാതാക്കിയതാണ് വിപണിയെ തുണച്ചത്. ഒപ്പം വിദേശ വിപണികളില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തകളും ഇന്ത്യന്‍ സൂചികകളെ സ്വാധീനിച്ചു. എല്ലാ സെക്ടറുകളിലും ഇന്ന് മികച്ച വാങ്ങല്‍ ദൃശ്യമായിരുന്നു.
നേട്ടം കൊയ്തവർ
സ്വര്‍ണവില പുതിയ ഉയരങ്ങള്‍ താണ്ടിയതിന്റെ കരുത്തില്‍ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറം ഫിനാന്‍സും ഉള്‍പ്പെടെയുള്ള എന്‍.ബി.എഫ്.സികളുടെ ഓഹരികള്‍ ഇന്ന് കുതിച്ചു. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എം.സി.എക്‌സ്) സ്വര്‍ണ വില 1.5 ശതമാനത്തിലധികം ഉയര്‍ന്ന് 10 ഗ്രാമിന് 66,778 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,200 ഡോളറിനുമുകളിലെത്തി എക്കാലത്തെയും ഉയര്‍ച്ച താണ്ടി. ഈ ആഴ്ചയില്‍ സ്വര്‍ണവില മൂന്ന് ശതമാനമാണ് ഉയര്‍ന്നത്.
മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 7.16 ശതമാനം ഉയര്‍ന്ന് 1,434.45 രൂപയും മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 3.60 ശതമാനം ഉയര്‍ന്ന് 172.50 രൂപയുമായി.
ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ് ഇന്ന് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസില്‍ നിന്ന് അപ്‌ഗ്രേഡിംഗ് ലഭിച്ചതിനെ തുടര്‍ന്ന് 9 ശതമാനം ഉയര്‍ന്നു.

ഇന്ന് കൂടുതൽ നേട്ടം രചിച്ചവർ

ബി.എസ്.ഇയുടെ ഓഹരിയിന്ന് 11 ശതമാനം ഉയര്‍ന്ന് 2,253 രൂപയിലെത്തി. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം 'ബൈ' റേറ്റിംഗ് നല്‍കുകയും ടാര്‍ഗറ്റ് ഉയര്‍ത്തുകയും ചെയ്തതാണ് കാരണം.

റിയല്‍റ്റി സ്റ്റോക്കുകളില്‍ മൊത്തത്തിലുണ്ടായ വാങ്ങല്‍ ശോഭ ഓഹരികളെ 12 ശതമാനത്തോളം ഉയര്‍ത്തി.

എം.കെ ഗ്ലോബലില്‍ നിന്ന് വാങ്ങല്‍ സ്റ്റാറ്റസ് ലഭിച്ച മോത്തിലാല്‍ ഒസ്വാള്‍ ഓഹരികളിന്ന് 4 ശതമാനത്തോളം ഉയര്‍ന്നു. ഓഹരിയൊന്നിന് 1,655 രൂപയായി.

സി.ജി. പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, മുത്തൂറ്റ് ഫിനാന്‍സ്, സോന ബി.എല്‍.ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്, ആര്‍.ഇ.സി എന്നിവയാണ് ഇന്ന് ബി.എസ്.ഇ 200ല്‍ ആദ്യ അഞ്ചിലെത്തിയത്.
നഷ്ടത്തിലിവർ
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള നികുതി തീരുവ കുറയ്ക്കുന്നത് ഗുണകരമാകുമെന്ന കണക്കുകൂട്ടലിൽ മാരുതി സുസുക്കിക്ക് മോര്‍ഗന്‍ സ്റ്റാന്‍ലി ഓവര്‍വെയിറ്റ്
സ്റ്റാറ്റസ്‌
നല്‍കിയെങ്കിലും ഓഹരി താഴ്ചയിലായി. മാര്‍ച്ച് 19ന് ഭാരത് റൈസ് സമ്മേളനത്തിലാണ് നിതിന്‍ ഗഡ്കരി ഹൈബ്രിഡ് വാഹനങ്ങളുടെ ജി.എസ്.ടി 48 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

ഏഷ്യന്‍ പെയിന്റ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയും ഇന്ന് നഷ്ടത്തിലേക്ക് വീണു.
മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം പേയ്ടിഎം ഓഹരികളിന്ന് രണ്ട് ശതമാനത്തോളം താഴ്ന്നു. മാക്‌സ് ഹെല്‍ത്ത് കെയര്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് ബി.എസ്.ഇ 200ലെ മുഖ്യ വീഴ്ചക്കാര്‍.

ഉയര്‍ന്ന് കേരള ആയുര്‍വേദയും കിംഗ്‌സ് ഇന്‍ഫ്രയും

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടക്കുതിപ്പിലായിരുന്നു. മുത്തൂറ്റ് ഫിനാന്‍സാണ് നേട്ടത്തില്‍ മുന്നില്‍. തൊട്ടു പിന്നില്‍ 5.15 ശതമാനം ഉയര്‍ച്ചയുമായി കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സും 4.99 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദയുമുണ്ട്. യൂണിറോയല്‍ (4.76 ശതമാനം), ദി വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് (4.67 ശതമാനം) എന്നിവയും മികച്ച നേട്ടമുണ്ടാക്കി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

പ്രൈമ ഇന്‍ഡസ്ട്രീസ് (4.79 ശതമാനം), പ്രൈമ ആഗ്രോ (4.00 ശതമാനം), ബി.പി.എല്‍ (3.53 ശതമാനം), ഹാരിസണ്‍സ് മലയാളം (3.16 ശതമാനം), വെര്‍ട്ടെക്‌സ് (3.14 ശതമാനം) എന്നിവയാണ് നഷ്ടക്കണക്കില്‍ മുന്നിലെത്തിയ കേരളക്കമ്പനികള്‍.

Resya R
Resya R  

Related Articles

Next Story

Videos

Share it