റെയ്ഡില്‍ പൊലിഞ്ഞ് പോളിക്യാബ്; 'ലക്ഷം കോടിപതി'യായി ഗെയ്ല്‍, സൂചികകള്‍ മുന്നോട്ട്

ഐ.ടി., ലോഹം, റിയല്‍റ്റി, ഫാര്‍മ, വാഹന ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യത്തിന്റെ കരുത്തില്‍ ഇന്നത്തെ വ്യാപാരം നേട്ടത്തിന്റേതാക്കി മാറ്റി ഇന്ത്യന്‍ ഓഹരി സൂചികകള്‍. തുടര്‍ച്ചയായ രണ്ടാംനാളിലാണ് സൂചികകള്‍ നേട്ടം രേഖപ്പെടുത്തുന്നത്.

നേട്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇടയ്ക്ക് കനത്ത ചാഞ്ചാട്ടമുണ്ടായെങ്കിലും അതിവേഗം തിരിച്ചുകയറുകയും ചെയ്തു. 94 പോയിന്റ് (0.44%) നേട്ടവുമായി 21,349.40ലാണ് വ്യാപാരാന്ത്യത്തില്‍ നിഫ്റ്റിയുള്ളത്. ഒരുവേള ഇന്ന് നിഫ്റ്റി 21,390 വരെ ഉയരുകയും 21,232 വരെ താഴുകയും ചെയ്തിരുന്നു.
71,259 വരെ മുന്നേറുകയും 70,713 വരെ താഴുകയും ചെയ്ത സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 241 പോയിന്റുയര്‍ന്ന് (0.34%) 71,106ലാണ്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ ഇന്ന് 2,434 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ 1,328 എണ്ണം നഷ്ടത്തിലേക്ക് വീണു. 121 ഓഹരികളുടെ വില മാറിയില്ല. 241 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 14 എണ്ണം താഴ്ചയും കണ്ടു. 9 ഓഹരികള്‍ ഇന്ന് അപ്പര്‍-സര്‍കീട്ടില്‍ വ്യാപാരം ചെയ്യപ്പെട്ടപ്പോള്‍ 6 ഓഹരികള്‍ ലോവര്‍-സര്‍കീട്ടിലുണ്ടായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 2.68 ലക്ഷം കോടി രൂപ വര്‍ധിച്ച് 356.78 ലക്ഷം കോടി രൂപയായി. നിഫ്റ്റി 50ല്‍ 38 ഓഹരികള്‍ നേട്ടത്തിലും 12 എണ്ണം നഷ്ടത്തിലുമായിരുന്നു.
വിശാല വിപണിയുടെ കരകയറ്റം
നിഫ്റ്റി ഐ.ടി സൂചിക 2.27 ശതമാനവും ഓട്ടോ സൂചിക 1.37 ശതമാനവും മുന്നേറിയത് മുഖ്യ സൂചികകളെ നേട്ടത്തിലേറാന്‍ ഇന്ന് സഹായിച്ചു. നിഫ്റ്റി മെറ്റല്‍ 1.71 ശതമാനവും റിയല്‍റ്റി 2.55 ശതമാനവും ഫാര്‍മ 0.96 ശതമാനവും നേട്ടവുമായി മികച്ച പിന്തുണ നല്‍കി.
അതേസമയം ബാങ്കിംഗ്, ധനകാര്യ ഓഹരികളില്‍ ഇന്ന് വില്‍പന സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റി പി.എസ്.യു ബാങ്ക് 0.69 ശതമാനവും സ്വകാര്യബാങ്ക് 0.67 ശതമാനവും ധനകാര്യ സേവനം 0.60 ശതമാനവും താഴ്ന്നു. ബാങ്ക് നിഫ്റ്റി 0.73 ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 0.73 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.08 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി മിഡ്ക്യാപ്പില്‍ ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, പതഞ്ജലി ഫുഡ്‌സ്, ലോറസ് ലാബ്‌സ് തുടങ്ങി 63 ഓഹരികള്‍ നേട്ടം കുറിച്ചപ്പോള്‍ പോളിക്യാബ്, ഓറോബിന്ദോ ഫാര്‍മ എന്നിവ നഷ്ടമാണ് കുറിച്ചത്.
ഇവരാണ് താരങ്ങള്‍
വിപ്രോ, എച്ച്.സി.എല്‍ ടെക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി., ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ടി.സി.എസ്., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവ 1-6 ശതമാനം ഉയര്‍ന്ന് ഇന്ന് മികച്ച നേട്ടമെഴുതി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

മുഖ്യ വരുമാന സ്രോതസ്സായ അമേരിക്കയിലും ആഗോളതലത്തിലും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ കരുത്തിലാണ് ഐ.ടി ഓഹരികളിലെ ഉണര്‍വ്. ഗെയില്‍ (ഇന്ത്യ), വിപ്രോ, ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, പതഞ്ജലി ഫുഡ്‌സ്, ലോറസ് ലാബ്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചത്.
ആയിരം കോടി രൂപയ്ക്കുമേല്‍ മൂല്യം വരുന്ന ബ്ലോക്ക് ഡീലിലൂടെ 37 ലക്ഷത്തോളം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ഗെയ്ല്‍ ഓഹരി 8 ശതമാനം ഉയരുകയായിരുന്നു. ഇന്നൊരുവേള കമ്പനിയുടെ വിപണിമൂല്യം ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കലും താണ്ടി. വ്യാപാരാന്ത്യം മൂല്യം ഒരുലക്ഷം കോടി രൂപയ്ക്ക് നേരിയതോതില്‍ താഴെയാണുള്ളത്.
എല്‍.ഐ.സിയുടെ കയറ്റം
പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ ഓഹരികള്‍ ഇന്ന് ഒരുവേള 7 ശതമാനത്തിലേറെ ഉയര്‍ന്നു. പൊതു ഓഹരി പങ്കാളിത്തച്ചട്ടം പാലിക്കാന്‍ 2032 വരെ സെബി സാവകാശം എല്‍.ഐ.സിക്ക് അനുവദിച്ച കരുത്തിലാണ് ഓഹരികളിലെ മുന്നേറ്റം. വ്യാപാരാന്ത്യം ഓഹരി വിലയുള്ളത് പക്ഷേ 3.7 ശതമാനം ഉയര്‍ന്ന് 792 രൂപയിലാണ് (Read Details).
ഇ-കൊമേഴ്‌സ് ഷിപ്പിംഗ് സ്റ്റാര്‍ട്ടപ്പായ ഷിപ്പ്‌റോക്കെറ്റിനെ ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകള്‍ സൊമാറ്റോ മാനേജ്‌മെന്റ് നിഷേധിച്ചു. ഇതോടെ സൊമാറ്റോ ഓഹരികളില്‍ ഇന്ന് ഉണര്‍വ് പ്രകടമായിരുന്നു. ഒരുവേള 4 ശതമാനത്തിലധികം ഉയര്‍ന്ന ഓഹരിക്ക് വ്യാപാരാന്ത്യ നേട്ടം ഒരു ശതമാനത്തോളമാണ്. ഷിപ്പ്‌റോക്കറ്റില്‍ നിലവില്‍ 5 ശതമാനം ഓഹരിപങ്കാളിത്തം സൊമാറ്റോയ്ക്കുണ്ട്.
കൊവിഡ് വീണ്ടും ആശങ്കപ്പെടുത്തി തുടങ്ങിയതിനിടെ ഫാര്‍മ ഓഹരികളില്‍ ദൃശ്യമാകുന്നത് കയറ്റമാണ്. പിരമല്‍ ഫാര്‍മ എട്ട് ശതമാനം, അസ്ട്രസെനെക എട്ട് ശതമാനം, ജെ.ബി കെമിക്കല്‍സ് 7 ശതമാനം, ഗ്ലാന്‍ഡ് ഫാര്‍മ 5 ശതമാനം എന്നിങ്ങനെ നേട്ടങ്ങളിലാണ് ഫാര്‍മ ഓഹരികള്‍. അസ്ട്രസെനെകയ്ക്ക് ആദായനികുതി വകുപ്പ് 14 കോടി രൂപയുടെ നികുതി നോട്ടീസ് അയച്ചെങ്കിലും നിയമപരമായി നേരിടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
നിരാശപ്പെടുത്തിയവര്‍
വയര്‍, കേബിള്‍ വിതരണക്കാരായ പോളിക്യാബിന്റെ ഓഫീസുകളിലും മറ്റും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ പശ്ചാത്തലത്തില്‍ ഓഹരി വില 4.6 ശതമാനം ഇടിഞ്ഞു. 50ഓളം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. എന്ത് പശ്ചാത്തലത്തിലാണ് റെയ്‌ഡെന്ന് വ്യക്തമല്ല. 2023ല്‍ ഇതിനകം 100 ശതമാനത്തിലേറെ മുന്നേറിയ ഓഹരിയാണ് പോളിക്യാബ്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ബ്ലോക്ക് ഡീല്‍ വഴി 1,358 കോടി രൂപയുടെ ഓഹരി വില്‍പന നടന്ന പശ്ചാത്തലത്തില്‍ ഐ.ഐ.എഫ്.എല്‍ ഓഹരി ഇന്ന് 6 ശതമാനം ഇടിഞ്ഞു. ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാന്‍സ്, എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
പോളിക്യാബ്, വരുണ്‍ ബീവറേജസ്, ഓറോബിന്ദോ ഫാര്‍മ, ഡാല്‍മിയ ഭാരത്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ.

വി-ഗാര്‍ഡിലെ ഓഹരി വിറ്റ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിലെ 128.7 കോടി രൂപ മൂല്യമുള്ള 45 ലക്ഷം ഓഹരികള്‍ ഇന്ന് ബ്ലോക്ക്‌ ഡീല്‍ വഴി വിറ്റഴിച്ചു. ഇതില്‍ 35 ലക്ഷം ഓഹരികളും സ്വന്തമാക്കിയത് ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ഫണ്ടാണ്.

ഓഹരിയൊന്നിന് 286 രൂപ വീതമാണ് ഇടപാട്. ഇടപാട് രാവിലെ നടന്നതിനു ശേഷം വി-ഗാര്‍ഡ് ഓഹരി ഇന്ന് ഒരുവേള 6 ശതമാനത്തിലേറെ ഉയര്‍ന്നു. വ്യാപാരാന്ത്യം ഓഹരി വിലയുള്ളത് 2.31 ശതമാനം ഉയര്‍ന്ന് 294 രൂപയിലാണ്.

ഇന്നലെ 8 ശതമാനത്തിലധികം ഉയര്‍ന്ന ഹാരിസണ്‍സ് മലയാളം ഇന്ന് 11.79 ശതമാനം മുന്നേറി. ജൂണ്‍പാദത്തേക്കാള്‍ ഭേദപ്പെട്ട പ്രവര്‍ത്തനഫലം കഴിഞ്ഞപാദത്തില്‍ കാഴ്ചവച്ചതാണ് കമ്പനിക്ക് നേട്ടമായത്.


കേരളം ഓഹരികളുടെ ഇന്നത്തെ പ്രകടനം

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് (3.22%), ആസ്പിന്‍വോള്‍ (6.97%), മണപ്പുറം ഫിനാന്‍സ് (3.85%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് (4.46%), റബ്ഫില (2.59%) എന്നിവയും ഇന്ന് മികച്ച പ്രകടനം നടത്തി.
6.35 ശതമാനം ഇടിവുമായി സഫ സിസ്റ്റംസാണ് നഷ്ടം നേരിട്ടവരില്‍ മുന്നില്‍. ജിയോജിത്, കേരള ആയുര്‍വേദ, സ്‌കൂബിഡേ, പ്രൈമ ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കിറ്റെക്‌സ്, മുത്തൂറ്റ് ക്യാപ്പിറ്റല്‍, ഇസാഫ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അപ്പോളോ ടയേഴ്‌സ് എന്നിവ നഷ്ടമാണ് കുറിച്ചത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it