കടും ചുവപ്പിലേക്ക് വീണ് വിപണി, ഹ്യുണ്ടായിക്ക് 7% ഇടിവോടെ അരങ്ങേറ്റം, കൊച്ചിൻ ഷിപ്പ്‍യാർഡ് ലോവര്‍ സര്‍ക്യൂട്ടില്‍

വ്യാപാരം ആരംഭിച്ചപ്പോള്‍ നിഫ്റ്റി 24,854 വരെയും സെൻസെക്സ് 81,390 വരെയും കയറിയ ശേഷം താഴ്ന്നു. പിന്നീടു നിഫ്റ്റി 24,850 നും സെൻസെക്സ് 81,420 നും മുകളിലേക്ക് നീങ്ങി. അതിനു ശേഷം താഴ്ന്ന വിപണി ചൊവ്വാഴ്ച കടും ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്‌സ് 1.15 ശതമാനം ഇടിഞ്ഞ് 80,220.72 ലും നിഫ്റ്റി 1.25 ശതമാനം ഇടിഞ്ഞ് 24,472 ലും എത്തി. സെന്‍സെക്സ് 930.55 പോയിന്റിന്റെയും നിഫ്റ്റി 309 പോയിന്റിന്റെയും നഷ്ടം രേഖപ്പെടുത്തി.
വൻതോതിലുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കും ആഗോള വിപണിയിലെ മാന്ദ്യവും മൂലം നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിഞ്ഞതാണ് വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്താനുളള കാരണം.
അദാനി എൻ്റർപ്രൈസസ് (-3.83%), ബി.ഇ.എല്‍ (-3.52%), കോൾ ഇന്ത്യ (-3.42%), എം&എം (-3.27%), ടാറ്റ മോട്ടോഴ്സ് (-2.98%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക് (0.39%), ഭാരതി എയർടെൽ (0.09%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ ഇന്ന് എല്ലാ സൂചികകളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി സ്മാള്‍ക്യാപ് 3.92 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 2.61 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
4.18 ശതമാനം ഇടിവോടെ നിഫ്റ്റി പി.എസ്.യു ബാങ്ക് നഷ്ടപട്ടികയില്‍ മുന്നിട്ടു നിന്നു. നിഫ്റ്റി റിയല്‍റ്റി 3.38 ശതമാനത്തിന്റെയും നിഫ്റ്റി മെറ്റല്‍ 3 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, മീഡിയ, ഓട്ടോ തുടങ്ങിയ സൂചികകള്‍ രണ്ടു ശതമാനം നഷ്ടത്തോടെയാണ് ചൊവ്വ കടത്തിവിട്ടത്.

ബി.എസ്.ഇ യില്‍ വ്യാപാരം നടത്തിയ 4,043 ഓഹരികളില്‍ 3,437 ഓഹരികൾ നഷ്ടത്തിലായിരുന്നപ്പോള്‍ 524 ഓഹരികള്‍ നേട്ടത്തിലായിരുന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 163 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത് 143 ഉം ആയിരുന്നു. 187 ഓഹരികൾ അപ്പർ സർക്യൂട്ടിലും 564 ലോവർ സർക്യൂട്ടിലും വ്യാപാരം നടത്തി.

നേട്ടത്തിലായവുരും നഷ്ടത്തിലായവരും

ഇന്ന് വിപണിയില്‍ ലിസ്റ്റു ചെയ്ത ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികൾ 7 ശതമാനം ഇടിഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്ന ഹ്യുണ്ടായി ഗ്രേ മാർക്കറ്റ് പ്രീമിയത്തിലും (ജി.എം.പി) വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തി. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഓഹരികളുടെ പ്രീമിയം കഴിഞ്ഞ ആഴ്ച കുത്തനെ ഇടിഞ്ഞതായി ജി.എം.പി ട്രെൻഡുകൾ പിന്തുടരുന്ന പ്ലാറ്റ്‌ഫോമുകൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 1,815 രൂപയിലാണ് ക്ലോസ് ചെയ്തത്.
2024 സെപ്തംബർ പാദത്തിൽ പെപ്‌സി ശീതള പാനീയം ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായ വരുൺ ബിവറേജസിന്റെ ഏകീകൃത അറ്റാദായം 22 ശതമാനം വർധിച്ച് 630 കോടി രൂപയായതിനെ തുടര്‍ന്ന് ഓഹരി 3 ശതമാനം ഉയർന്നു. 2024 കലണ്ടർ വർഷത്തിലെ പെപ്‌സികോയുടെ മൂന്നാം പാദ ഫലമാണ് പുറത്തു വന്നത്. വിശാലമായ വിതരണ ശൃംഖല, ഉൽപ്പന്നങ്ങള്‍ കൂടുതല്‍ പ്രദേശങ്ങിലേക്ക് വ്യാപിപ്പിക്കാന്‍ സാധിച്ചത്, പ്രധാന വിപണികളില്‍ അനുഭവപ്പെട്ട വലിയ ഡിമാൻഡ് എന്നിവയാണ് കമ്പനിയുടെ വളർച്ചയ്ക്കുളള കാരണങ്ങളായി മാനേജ്‌മെൻ്റ് വിലയിരുത്തുന്നത്. വരുൺ ബിവറേജസ് 594 രൂപയിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിലായവര്‍

ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്, ട്യൂബ് ഇൻവെസ്റ്റ്‌മെൻ്റ് ഓഫ് ഇന്ത്യ ലിമിറ്റഡ്, ശ്രീ സിമൻ്റ്, അവന്യൂ സൂപ്പർമാർട്ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഈ പാദത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് സിറ്റി യൂണിയൻ ബാങ്ക് ഓഹരി 12 ശതമാനം ഉയർന്നു. സ്വകാര്യമേഖലയിലെ വായ്പാദാതാവായ സിറ്റി യൂണിയന് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ഇൻവെസ്‌ടെക് ബൈ കോൾ നിലനിർത്തി. ഓഹരിക്ക് 200 രൂപ ലക്ഷ്യ വിലയോടെ 33 ശതമാനം ഉയർച്ചയാണ് പ്രവചിക്കുന്നത്. രണ്ടാം പാദ ഫലങ്ങള്‍ കമ്പനിയുടെ വളർച്ച, ലാഭക്ഷമത, ആസ്തി നിലവാരം തുടങ്ങിയ എല്ലാ മേഖലകളിലും മികച്ചതായിരുന്നു. സിറ്റി യൂണിയൻ ബാങ്ക് 168 രൂപയിലാണ് ക്ലോസ് ചെയ്തത്.
വിപണിയ്ക്ക് പ്രിയങ്കരമായിരുന്ന പ്രതിരോധ ഓഹരികൾ സ്‌മോൾ, മിഡ് ക്യാപ് വിഭാഗത്തിലെ വിപുലമായ വിൽപ്പനയ്‌ക്കിടയിൽ വീണ്ടും സമ്മർദ്ദത്തിലായി. കഴിഞ്ഞ രണ്ട് വർഷമായി പ്രതിരോധ ഓഹരികളിലെ മുൻനിരക്കരായ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരികളാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. കമ്പനിയുടെ ഓഹരി 10 ശതമാനം ഇടിഞ്ഞു. മാസഗോൺ ഡോക്ക് 4,206 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നഷ്ടത്തിലായവര്‍

സുപ്രീം ഇൻഡസ്ട്രീസ് ലിമിറ്റഡ്, പഞ്ചാബ് നാഷണൽ ബാങ്ക്, എൽ ആൻഡ് ടി ഫിനാൻസ് ലിമിറ്റഡ്, മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ഓറിയൻ്റ് സിമൻ്റ് ലിമിറ്റഡിൻ്റെ 46.8 ശതമാനം ഓഹരികൾ 8,100 കോടി രൂപ ഇക്വിറ്റി മൂല്യത്തിൽ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം അംബുജ സിമൻ്റ്സ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കൽ നടക്കുക. ഓറിയൻ്റ് സിമൻ്റ്സിൻ്റെ പ്രൊമോട്ടർമാരിൽ നിന്ന് 38 ശതമാനവും പൊതു ഓഹരി ഉടമകളിൽ നിന്ന് 9 ശതമാനവും അംബുജ സിമൻ്റ്സ് ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അംബുജ സിമൻ്റ്സ് 561 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെപ്റ്റംബർ പാദ ഫലങ്ങൾ പുറത്തു വന്നതിനു ശേഷം പേടിയ്എം ഓഹരി 6 ശതമാനത്തോളം ഇടിഞ്ഞു. വിജയ് ശേഖർ ശർമ്മയുടെ നേതൃത്വത്തിലുള്ള കമ്പനി 2025 സാമ്പത്തിക വർഷത്തിൽ 930 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ അറ്റ ​​നഷ്ടം 290.5 കോടി രൂപയായിരുന്നു. പേടിയ്എമ്മിൻ്റെ സിനിമാ ടിക്കറ്റിംഗ് ബിസിനസ് സൊമാറ്റോയ്ക്ക് വിറ്റതിലൂടെ 1,345 കോടി രൂപ ലഭിച്ചതാണ് കമ്പനിയുടെ അറ്റാദായത്തില്‍ പ്രതിഫലിച്ചത്. പേടിയ്എം ഓഹരി 684 രൂപയിലാണ് ക്ലോസ് ചെയ്തത്.
നഷ്ടപ്പട്ടികയില്‍ മുന്നില്‍ ജിയോജിത്ത്
കേരള ഓഹരികളും ചൊവ്വാഴ്ച വിപണിയിൽ നഷ്ടത്തിലായിരുന്നു. ആറ് കമ്പനികള്‍ മാത്രമാണ് പച്ചതൊട്ടത്. 6.57 ശതമാനം നഷ്ടത്തോടെ ജിയോജിത്ത് നഷ്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 124.60 രൂപയിലാണ് ക്ലോസ് ചെയ്തത്.
ടോളിന്‍ ടയേഴ്സ് 5.84 ശതമാനത്തിന്റെയും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ 5.73 ശതമാനത്തിന്റെയും ആസ്പിന്‍വാള്‍ 5.76 ശതമാനത്തിന്റെയും മണപ്പുറം ഫിനാന്‍സ് 5 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.

കേരളാ ഓഹരികളുടെ പ്രകടനം

കൊച്ചിന്‍ കൊച്ചിൻ ഷിപ്പ്‍യാർഡ് 5 ശതമാനം നഷ്ടത്തില്‍ 1454 രൂപയിലാണ് ക്ലോസ് ചെയ്തത്. ഫാക്ട് ഓഹരി 4.27 ശതമാനം ഇടിവോടെ 843 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ മിനറല്‍സ്, ഫെഡറല്‍ ബാങ്ക്, കല്യാണ്‍ ജുവല്ലേഴ്സ്, കിറ്റെക്സ് ഗാര്‍മെന്റ്സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
പോപ്പീസ് കെയര്‍ 1.99 ശതമാനം ഉയര്‍ച്ചയോടെ നേട്ടപ്പട്ടികയില്‍ ഒന്നാമതായി. പോപ്പീസ് കെയര്‍ 246 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
കേരള ആയുര്‍വേദ, പോപ്പുലര്‍ വെഹിക്കിള്‍സ്, ആഡ്ടെക് സിസ്റ്റംസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
Related Articles
Next Story
Videos
Share it