Begin typing your search above and press return to search.
വിദേശ നിക്ഷേപക പിന്‍മാറ്റത്തില്‍ പകച്ച് വിപണി, വന്‍ തിരിച്ചടിയില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍; ഇന്നത്തെ വിപണി വിശകലനം ഇങ്ങനെ
വിദേശ നിക്ഷേപകരുടെ ഇന്ത്യയില്‍ നിന്നുള്ള ചുവടുമാറ്റം തുടരുന്നതിനിടെ ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വിദേശ നിക്ഷേപകരും ലാഭമെടുപ്പുകാരും ചൈന ഉള്‍പ്പെടെയുള്ള സാധ്യതകള്‍ തേടി പോകുന്നതാണ് തുടര്‍ച്ചയായി വിപണിയില്‍ ഇടിവിന് കാരണമാകുന്നത്. സെന്‍സെക്‌സ് 662.87 പോയിന്റ് ഇടിഞ്ഞ് 79,402.29ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 24,180.80ത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ഇന്നത്തെ ഇടിവ് 218.60 പോയിന്റാണ്.
രണ്ടാംപാദത്തില്‍ കമ്പനികളുടെ ഫലങ്ങള്‍ പുറത്തുവരുന്നതും വിപണിയുടെ ഉഷാറില്ലായ്മയ്ക്ക് കാരണമാകുന്നുണ്ട്. വിവിധ മേഖലകളിലെ പാദഫലങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മൂലധനചെലവ് എസ്റ്റിമേറ്റ് തുകയിലും കുറവാകുമെന്ന സൂചനയും വിപണിയെ ചെറുതല്ലാത്ത രീതിയില്‍ ബാധിക്കുന്നുണ്ട്.
സൂചികകള്‍ തളര്‍ച്ചയില്‍
എഫ്.എം.സി.ജി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍ വാരം അവസാനിപ്പിച്ചത്. അതും തീരെ നേര്‍ത്ത രീതിയിലുള്ള മുന്നേറ്റം മാത്രം. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പൊതുമേഖല, സ്വകാര്യ മേഖല ബാങ്കിംഗ് സൂചികകള്‍ കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് നേര്‍വിപരീത പ്രകടനമാണ് വെള്ളിയാഴ്ച നടത്തിയത്. നിഫ്റ്റി50 0.90 ഇടിഞ്ഞപ്പോള്‍ മിഡ്ക്യാപ് 1.90 ശതമാനവും സ്‌മോള്‍ക്യാപ് 2.20 ശതമാനവും താഴേക്ക് പോയി.കുതിപ്പും കിതപ്പും
മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പ്രധാനി. 3.60 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. സുന്ദരം ഫിനാന്‍സ് (3.54), ഇന്ത്യന്‍ ഹോട്ടല്‍സ് ലിമിറ്റഡ് (3.45), ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (3.37), ഗോദറേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഓഹരികളും ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തുഇന്ന് ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ്. തുടക്കം മുതല്‍ തകര്‍ച്ച നേരിട്ട ഈ ഓഹരി ക്ലോസ് ചെയ്തത് 18.56 ശതമാനം താഴ്ച്ചയിലാണ്. 52 ആഴ്ചയിലെ താഴ്ന്ന തലത്തിലേക്കും ഒരുഘട്ടത്തില്‍ നിലംപൊത്തി. ബാങ്കിന്റെ രണ്ടാംപാദ ഫലം പുറത്തുവന്നപ്പോള്‍ ലാഭത്തില്‍ 40 ശതമാനം കുറവു വന്നതാണ് നിക്ഷേപകരെ പിന്നിലേക്ക് വലിച്ചത്. മുന്‍ വര്‍ഷം സമാനപാദത്തില്‍ 2,202 കോടി രൂപയായിരുന്നു ലാഭമെങ്കില്‍ ഇത്തവണ അത് 1,331 കോടിയിലേക്ക് ഇടിഞ്ഞു.
പതജ്ഞലി ഫുഡ്‌സ് ഓഹരികള്‍ക്കും വെള്ളിയാഴ്ച അത്ര നല്ല ദിവസമായിരുന്നില്ല. 7.90 ശതമാനമാണ് ഇടിവു നേരിട്ടത്. രണ്ടാംപാദത്തില്‍ 309 കോടി രൂപയുടെ ലാഭം നേടിയെങ്കിലും വിപണിയില്‍ അനുകൂലമായില്ല കാര്യങ്ങള്‍.
രണ്ടാംപാദ ഫലങ്ങളിലെ തിരിച്ചടിയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരികളെയും തളര്‍ത്തിയത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ലാഭത്തില്‍ 97 ശതമാനം ഇടിവാണ് കമ്പനിക്ക് നേരിട്ടത്. 5,826 കോടി രൂപയില്‍ നിന്ന് ലാഭം ഇത്തവണ 142.67 കോടി രൂപയിലേക്ക് താഴ്ന്നത് ഓഹരിയില്‍ 7.89 ശതമാനം ഇടിവുണ്ടാകാന്‍ കാരണമായി.
കേരള ഓഹരികളുടെ പ്രകടനം
രണ്ടാംപാദത്തില്‍ ലാഭം കുതിച്ചുയര്‍ന്നതിന്റെ ബലത്തില്‍ കഴിഞ്ഞ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ക്ക് ഇന്ന് നിരാശയായിരുന്നു ഫലം.ആസ്റ്റര്‍ ഓഹരികള്‍ 2.12 ശതമാനം ഇടിഞ്ഞപ്പോള്‍ കിറ്റെക്‌സ് 1.09 ശതമാനമാണ് താഴ്ച നേരിട്ടത്. ഫെഡറല്‍ ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക് ഓഹരികള്‍ ഇടിവ് നേരിട്ടപ്പോള്‍ ധനലക്ഷ്മി ബാങ്ക് 0.21 ശതമാനം കയറി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളും തളര്‍ച്ച നേരിട്ടു. കല്യാണ്‍ ജുലവേഴ്‌സ് ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ താഴേക്കാണ്.
Next Story
Videos