ഓഹരികള്‍ മുന്നോട്ട്; നിഫ്റ്റി 18,000 കടന്നു, 61,000 പിന്നിട്ട് സെന്‍സെക്‌സ്

വന്‍കിട ഓഹരികളില്‍ ദൃശ്യമായ മികച്ച വാങ്ങല്‍താത്പര്യത്തിന്റെ കരുത്തില്‍ രണ്ടുമാസത്തെ ഉയര്‍ന്നതലത്തിലേക്ക് മുന്നേറി സെന്‍സെക്‌സും നിഫ്റ്റിയും. വ്യാപാരത്തുടക്കത്തില്‍ ചെറിയ ചാഞ്ചാട്ടമുണ്ടായെങ്കിലും പിന്നീട് സൂചികകള്‍ മുന്നേറുകയായിരുന്നു. സെന്‍സെക്‌സ് 61,000 പോയിന്റും നിഫ്റ്റി 18,000 പോയിന്റും മറികടന്നു എന്നതാണ് ഇന്നത്തെ വ്യാപാരത്തെ ശ്രദ്ധേയമാക്കിയത്. ഇത് അടുത്തയാഴ്ചയിലെ വ്യാപാരത്തിലും നിക്ഷേപക ലോകത്തിന് ഉന്മേഷം പകരുന്ന നേട്ടമാണ്.

നേട്ടത്തിലേറിയവര്‍
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം

ഇന്ന് വ്യാപാരാന്ത്യത്തില്‍ 463.06 പോയിന്റ് (0.76 ശതമാനം) ഉയര്‍ന്ന് 61,112.44ലാണുള്ളത്. നിഫ്റ്റി 18,065ലാണുള്ളത്; നേട്ടം 149.95 പോയിന്റ് (0.84 ശതമാനം). കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെയുള്ള മേഖലകളെല്ലാം ഇന്ന് നേട്ടത്തിലേറി. പി.എസ്.യു ബാങ്ക്, ഐ.ടി., വാഹനം, ഹെല്‍ത്ത്‌കെയര്‍, എഫ്.എം.സി.ജി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവ


വിപ്രോ, നെസ്‌ലെ, എല്‍ ആന്‍ഡ് ടി., എസ്.ബി.ഐ., ടെക് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, കോട്ടക് ബാങ്ക് എന്നിവയില്‍ ദൃശ്യമായ മികച്ച വാങ്ങല്‍ താത്പര്യമാണ് സൂചികകളുടെ മുന്നേറ്റത്തിന് കരുത്തേകിയത്. പി.ഐ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ടവേഴ്‌സ്, സൊമാറ്റോ, ആര്‍.ഇ.സി., സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയാണ് ഇന്ന് ഏറ്റവുമുയര്‍ന്ന നേട്ടം കൈവരിച്ചത്.
തിളങ്ങാതെ ഇവര്‍
ഇന്ന് കൂടുതൽ ഇടിവ് നേരിട്ടവ

പ്രതീക്ഷിച്ചതിലും താഴ്ന്ന പ്രവര്‍ത്തനഫലം പുറത്തുവിട്ട ആക്‌സിസ് ബാങ്ക് ഇന്ന് നഷ്ടം നേരിട്ടു. എച്ച്.സി.എല്‍ ടെക്, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയ്ക്കും നേട്ടത്തിന്റെ പാതയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. റെയ്മണ്ടിന്റെ കണ്‍സ്യൂമര്‍ വിഭാഗത്തെ ഏറ്റെടുക്കാനുള്ള നീക്കത്തെ തുടര്‍ന്ന് ഗോദ്‌റെജ് കണ്‍സ്യൂമറിന്റെ ഓഹരികള്‍ ഇന്നും ഇടിഞ്ഞു. ശ്രീറാം ഫിനാന്‍സ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ്, ഗെയ്ല്‍ ഇന്ത്യ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍.
മൂല്യം 271 ലക്ഷം കോടി

മികച്ച നേട്ടത്തെ തുടര്‍ന്ന് ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് 271.82 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇന്നത്തെ മാത്രം മുന്നേറ്റം 2.77 ലക്ഷം കോടി രൂപയാണ്. ഒരിടവേളയ്ക്ക് ശേഷം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും മികച്ച വാങ്ങല്‍ താത്പര്യം കാട്ടുന്നത് ഓഹരി സൂചികകള്‍ക്ക് നേട്ടമാകുന്നുണ്ട്. തുടര്‍ച്ചയായ ഏഴാം വ്യാപാര സെഷനിലാണ് ഓഹരികള്‍ നേട്ടത്തിലേറുന്നത്.

സി.എസ്.ബി ബാങ്കിന് ക്ഷീണം
കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

മാര്‍ച്ച്പാദ പ്രവര്‍ത്തനഫലം നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ ഓഹരിവില ഇന്ന് 4.59 ശതമാനം കുറഞ്ഞു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, വണ്ടര്‍ല ഹോളിഡെയ്‌സ്, വീ-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, നീറ്റ ജെലാറ്റിന്‍, കെ.എസ്.ഇ., കിംഗ്‌സ് ഇന്‍ഫ്ര എന്നിവയും ഇന്ന് നഷ്ടത്തിലേക്ക് വീണ കേരള ഓഹരികളാണ്. അതേസമയം പാറ്റ്‌സ്പിന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണപ്പുറം, ധനലക്ഷ്മി ബാങ്ക്, ജിയോജിത്, ഫെഡറല്‍ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it