Begin typing your search above and press return to search.
നേട്ടം നിലനിര്‍ത്തി വിപണി, അപ്പര്‍ സര്‍ക്യൂട്ടടിച്ച് ഫെഡറല്‍ ബാങ്ക്, 2,36,000 രൂപയിലേക്ക് ഉയര്‍ന്ന് എൽസിഡ് ഇൻവെസ്റ്റ്‌മെൻ്റ്‌സ്
ഇന്നലത്തെ നേട്ടം വിപണി ചൊവ്വാഴ്ചയും നിലനിര്‍ത്തി. രാവിലത്തെ സെഷനില്‍ നഷ്ടത്തോടെ തുടങ്ങിയ വിപണി പതിയെ ഫ്ലാറ്റായി പുരോഗമിച്ച് ഉച്ചകഴിഞ്ഞ് നേട്ടത്തോടെ ക്ലോസ് ചെയ്യുകയായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ അടുക്കാറായതോടെ സമീപകാലത്തെ താഴ്ചയിൽ നിന്ന് വിപണി കരകയറുന്നതിൻ്റെ സൂചനകളാണ് വ്യക്തമാകുന്നത്.
നിഫ്റ്റി 24,450 ന് മുകളിൽ നേട്ടമുണ്ടാക്കി. സെൻസെക്സ് 0.45 ശതമാനം ഉയർന്ന് 80,369.03 ലും നിഫ്റ്റി 0.52 ശതമാനം ഉയർന്ന് 24,466.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 363.99 പോയിൻ്റിന്റെയും നിഫ്റ്റി 127.60 പോയിൻ്റിന്റെയും നേട്ടം രേഖപ്പെടുത്തി.
ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് വിപണിക്ക് ശക്തിപകര്‍ന്നു. സെക്ടർ തിരിച്ചുള്ള പ്രകടനത്തിൽ ബാങ്കിംഗ് സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. മിഡ്, സ്മോൾ ക്യാപുകള്‍ ഫ്രണ്ട്‌ലൈൻ സൂചികകളെ മറികടന്നു.
ഒരു ദിവസം കൊണ്ട് 7,00,000 ശതമാനം നേട്ടം ഡെലിവർ ചെയ്ത ഓഹരിയെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് എൽസിഡ് ഇൻവെസ്റ്റ്‌മെൻ്റ് ലിമിറ്റഡ്. 1.2 ലക്ഷം രൂപ വിലയുള്ള എം.ആർ.എഫ് ലിമിറ്റഡ് ഓഹരിയെയാണ് ഇത് മറികടന്നത്. ജൂലൈയിൽ ഈ മൈക്രോക്യാപ് ഓഹരിക്ക് 3.21 രൂപ മാത്രമായിരുന്നു വില.
ചൊവ്വാഴ്‌ചയാണ് ബി.എസ്.ഇ യിൽ എൽസിഡ് ഇൻവെസ്റ്റ്‌മെൻ്റ് ലിമിറ്റഡ് റിലിസ്റ്റ് ചെയ്തത്. ഓഹരി 5 ശതമാനം ഉയർന്ന് 2,36,250 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതോടെ ഓഹരിയുടെ വിപണി മൂല്യം ഏകദേശം 4,800 കോടി രൂപയായി ഉയര്‍ന്നു.
എൽസിഡ് ഇൻവെസ്റ്റ്‌മെൻ്റ് ലിമിറ്റഡിന് ഏഷ്യൻ പെയിൻ്റ്‌സില്‍ 2.83 കോടി ഓഹരികളാണ് ഉളളത്. 8,494.16 കോടി രൂപ മൂല്യം വരും ഇതിന്. വിപണിയില്‍ ഈ ഓഹരിക്ക് ഇത്രയധികം വില ലഭിക്കുന്നതിനുളള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് മിക്ക സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് 0.92 ശതമാനത്തിന്റെയും സ്മാള്‍ക്യാപ് 0.76 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി. 3.64 ശതമാനത്തിന്റെ ഉയര്‍ച്ചയോടെ പി.എസ്.യു ബാങ്ക് നേട്ട പട്ടികയില്‍ മുന്നിട്ടു നിന്നു.
നിഫ്റ്റി ബാങ്ക് 2.07 ശതമാനത്തിന്റെയും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 2.08 ശതമാനത്തിന്റെയും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.53 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി ഓട്ടോ 1.57 ശതമാനത്തിന്റെ ഇടിവോടെ നഷ്ടകണക്കില്‍ മുന്നിട്ടു നിന്നു. നിഫ്റ്റി ഫാര്‍മ 1.12 ശതമാനത്തിന്റെയും ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്സ് 0.89 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇയിൽ വ്യാപാരം നടത്തിയ 3,966 ഓഹരികളില്‍ 2,117 ഓഹരികള്‍ നേട്ടത്തിലായിരുന്നപ്പോള്‍ 1,722 ഓഹരികൾ നഷ്ടത്തില്‍ ആയിരുന്നു. 127 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലവാരം രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 126 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയവ 76 ഉം ആയിരുന്നു. 263 ഓഹരികൾ അപ്പർ സർക്യൂട്ടിലും 236 എണ്ണം ലോവർ സർക്യൂട്ടിലും വ്യാപാരം നടത്തി.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
ജൂലൈ-സെപ്റ്റംബർ പാദത്തിൽ മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്ന് ജെ.എസ്.ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ 10 ശതമാനം വരെ ഉയർന്നു. കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനം ഉയർന്ന് 372 കോടി രൂപയായി. പ്രവർത്തന വരുമാനം 18 ശതമാനം വർധിച്ച് 1,001.4 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഇത് 848.3 കോടി രൂപയായിരുന്നു. ജെ.എസ്.ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ 316.05 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഫെഡറൽ ബാങ്ക് ഓഹരി 8 ശതമാനത്തിലധികം ഉയർന്നു. ബാങ്കിന്റെ നേട്ടം 11 ശതമാനം ഉയർന്ന് 991 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ 6,186 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം 7,541 കോടി രൂപയായും ഉയർന്നു. ഫെഡറൽ ബാങ്ക് 200.80 രൂപയിലാണ് ക്ലോസ് ചെയ്തത്.
എസ്ബിഐ (5.05%), ബി.ഇ.എൽ (4.89%), ഐഷർ മോട്ടോഴ്സ് (3.38%), എച്ച്.ഡി.എഫ്.സി ലൈഫ് (3.32%), എസ്.ബി.ഐ ലൈഫ് (3.18%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് രണ്ടാം പാദത്തില്‍ മികച്ച വരുമാനം സ്വന്തമാക്കിയതിനെ തുടര്‍ന്ന് ഓഹരികൾ 5 ശതമാനം ഉയർന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം ഉയര്‍ന്ന് 1,091.27 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. പ്രവർത്തനവരുമാനം 14.8 ശതമാനം ഉയർന്ന് 4,583.41 കോടി രൂപയായി. ഭാരത് ഇലക്ട്രോണിക്സ് 283.40 രൂപയിലാണ് ക്ലോസ് ചെയ്തത്.
സുസ്ലോൺ എനർജി ഓഹരികൾ 3 ശതമാനം ഇടിഞ്ഞു. സെപ്റ്റംബറിൽ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 96 ശതമാനം ഉയർന്ന് 201 കോടി രൂപയിലെത്തിയിട്ടും ഓഹരിക്ക് ഇടിവ് നേരിട്ടു. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള ഇന്ത്യയിലെ ഏറ്റവും വലിയ ഓർഡർ എൻ.ടി.പി.സി യിൽ നിന്ന് കമ്പനിക്ക് ലഭിച്ചിരുന്നു. 5.1 ജിഗാവാട്ടിന്റെ എക്കാലത്തെയും ഉയർന്ന ഓർഡർ ബുക്കിംഗാണ് കമ്പനിക്കുളളത്. സുസ്ലോൺ എനർജി 68.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മാരുതി (-4.16%), ടാറ്റ മോട്ടോഴ്‌സ് (-3.92%), ഹീറോ മോട്ടോകോർപ്പ് (-2.88%), ഡോ റെഡ്ഡീസ് ലാബ് (-2.52%), സൺ ഫാർമ (-2.04%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
അടുത്തിടെ ലിസ്റ്റുചെയ്ത ഓല ഇലക്ട്രികിൻ്റെ ഓഹരികൾ അവരുടെ ഐ.പി.ഒ വിലയേക്കാൾ 2 ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ നാല് ട്രേഡിംഗ് സെഷനുകളിൽ മൂന്നെണ്ണത്തിലും ഓഹരിക്ക് ഇടിവ് നേരിട്ടു. ഓല ഇലക്ട്രിക് 76.64 രൂപയിലാണ് ക്ലോസ് ചെയ്തത്.
തിളങ്ങി മണപ്പുറം ഫിനാന്‍സും കിറ്റെക്സും
ചൊവ്വാഴ്ച കേരളാ ഓഹരികള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. 8.55 ശതമാനത്തിന്റെ ഉയര്‍ച്ചയോടെ ഫെഡറല്‍ ബാങ്ക് നേട്ട പട്ടികയില്‍ ഒന്നാമതായി. ഫെഡറല്‍ ബാങ്ക് 200.80 രൂപിയിലാണ് ക്ലോസ് ചെയ്തത്. മണപ്പുറം ഫിനാന്‍സ് 5.06 ശതമാനം നേട്ടത്തോടെ 156 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കിറ്റെക്സ് ഗാര്‍മെന്റ്സ് 4.88 ശതമാനത്തിന്റെയും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 3.56 ശതമാനത്തിന്റെയും ആഡ്ടെക് സിസ്റ്റംസ് 3.65 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
കൊച്ചിൻ ഷിപ്പ്‍യാർഡ് 3.22 ശതമാനം ഉയര്‍ന്ന് 1405 ലാണ് ക്ലോസ് ചെയ്തത്. ഫാക്ട് ഓഹരി 0.73 ശതമാനം നേട്ടത്തില്‍ 831 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹാരിസണ്‍സ് മലയാളം 1.97 ശതമാനം നഷ്ടത്തില്‍ 260 രൂപയിലാണ് ക്ലോസ് ചെയ്തത്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.57 ശതമാനത്തിന്റെയും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ 1.81 ശതമാനത്തിന്റെയും കെ.എസ്.ഇ 1.66 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
ടോളിന്‍സ് ടയേഴ്സ്, പോപ്പീസ് കെയര്‍, മുത്തൂറ്റ് മൈക്രോഫിന്‍, സി.എസ്.ബി ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Next Story
Videos