Begin typing your search above and press return to search.
തിരിച്ചു കയറി വിപണി, ജെ.എസ്.ഡബ്ല്യു സ്റ്റീൽ നേട്ടത്തില്‍, മികച്ച പ്രകടനവുമായി മുത്തൂറ്റ് മൈക്രോഫിന്നും സ്കൂബി ഡേയും
ചൊവ്വാഴ്ച താഴ്ന്ന് വ്യാപാരം തുടങ്ങിയ വിപണി പിന്നീട് ഉയര്‍ന്നു. എന്നാല്‍ വീണ്ടും താഴ്ന്ന വിപണി ഇന്നലത്തെ ക്ലോസിംഗ് നിരക്കിനടുത്ത് എത്തിയ ശേഷം ഉച്ചയ്ക്ക് ശേഷമുളള വ്യാപാരത്തില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്യുകയായിരുന്നു.
യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കുന്നതിനും ഫെഡറൽ റിസർവ് പലിശ നിരക്ക് സംബന്ധിച്ച തീരുമാനം എടുക്കാനിരിക്കുന്നതിനും മുന്നോടിയായി വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞതും നിക്ഷേപകര്‍ ശ്രദ്ധാപൂർവമായ സമീപനം സ്വീകരിച്ചതും ആദ്യ പകുതിയില്‍ വിപണി ഇടിയാന്‍ കാരണമായി.
നിക്ഷേപകരുടെ എല്ലാ കണ്ണുകളും യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ഫലത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കാരണം ആഗോള ഓഹരി വിപണികൾ വലിയ ചാഞ്ചാട്ടമാണ് പ്രകടിപ്പിക്കുന്നത്. തിങ്കളാഴ്ച ഇൻട്രാ ഡേ ട്രേഡിങ്ങിൽ സെൻസെക്സ് 1,500 പോയിൻ്റ് വരെ ഇടിഞ്ഞത് അനിശ്ചിതത്വത്തിൻ്റെ സൂചനയായി വിലയിരുത്താവുന്നതാണ്.
ചൊവാഴ്ച രാവിലത്തെ സെഷനില്‍ ഇടിവുണ്ടായതിന് ശേഷം വിപണി വീണ്ടെടുക്കൽ രേഖപ്പെടുത്തി. ബാങ്കിംഗ് ഓഹരികളുടെ നേതൃത്വത്തില്‍ കുത്തനെയുള്ള വീണ്ടെടുക്കലാണ് വിപണിയെ നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സഹായിച്ചത്. മെറ്റല്‍ ഓഹരികളും വിപണിക്ക് കരുത്തായി.
സെൻസെക്‌സ് 0.88 ശതമാനം ഉയർന്ന് 79,476.63 ലും നിഫ്റ്റി 0.91 ശതമാനം ഉയർന്ന് 230,213 ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 694.39 പോയിൻ്റും നിഫ്റ്റി 217.95 പോയിൻ്റും നേട്ടം രേഖപ്പെടുത്തി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ചൊവ്വാഴ്ച മിക്ക സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് 0.59 ശതമാനവും സ്മാള്‍ ക്യാപ് 0.43 ശതമാനവും നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി ബാങ്ക്, പി.എസ്.യു ബാങ്ക് സൂചികകള്‍ 1.94 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി പി.എസ്.യു ബാങ്ക് 1.84 ശതമാനത്തിന്റെ ഉയര്‍ച്ച രേഖപ്പെടുത്തി. നിഫ്റ്റി മെറ്റല്‍ 2.84 ശതമാനത്തിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്.
നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി മീഡിയ, ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്സ് തുടങ്ങിയ സൂചികകള്‍ മാത്രമാണ് ചൊവ്വാഴ്ച ചുവപ്പ് വെളിച്ചം കണ്ടത്. നിഫ്റ്റി എഫ്.എം.സി.ജി 0.34 ശതമാനത്തിന്റെയും മീഡിയ 0.23 ശതമാനത്തിന്റെയും ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്സ് 0.07 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
ബി.എസ്.ഇ യില്‍ വ്യാപാരം നടത്തിയ 4,028 ഓഹരികളില്‍ 2,425 ഓഹരികൾ നേട്ടത്തിലായിരുന്നപ്പോള്‍ 1,486 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 117 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു.
52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ രേഖപ്പെടുത്തിയ സ്റ്റോക്കുകളുടെ എണ്ണം 200 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത് 22 ഉം ആയിരുന്നു. അപ്പർ സർക്യൂട്ടിൽ 370 ഓഹരികളും ലോവർ സർക്യൂട്ടിൽ 186 എണ്ണവും വ്യാപാരം നടത്തി.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ഓഹരി ഇന്ന് 12 ശതമാനത്തിലധികം നേട്ടമാണ് രേഖപ്പെടുത്തിയത്. എം.ആർ.പി.എൽ കഴിഞ്ഞ മൂന്ന് വർഷമായി 41.43 ശതമാനം വരുമാന വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ്റെ (ഒ.എന്‍.ജി.സി) ഡിവിഷനാണ് എം.ആർ.പി.എൽ. ഓഹരി 165.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജെ.എസ്.ഡബ്ല്യു സ്റ്റീൽ (4.57%), ടാറ്റ സ്റ്റീൽ (3.74%), ഹിൻഡാൽകോ (3.51%), ബജാജ് ഓട്ടോ (3.35%), ആക്സിസ് ബാങ്ക് (2.71%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് ഓഹരി 4.89 ശതമാനം ഉയര്‍ന്നു. 5000 കോടി രൂപ ധനസമാഹരണത്തിനുള്ള നിർദ്ദേശം കമ്പനി ഡയറക്ടര്‍ ബോർഡ് അടുത്ത ആഴ്ച തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. ഇത് അദാനി പവർ ഓഹരികൾക്കുളള മുന്നേറ്റത്തിനുളള കാരണമാണ്. അദാനി എനർജി 1012 രൂപയിലാണ് ക്ലോസ് ചെയ്തത്.
ട്രെൻ്റ് (-1.71%), അദാനി പോർട്ട്‌സ് (-1.50%), ഏഷ്യൻ പെയിൻ്റ്‌സ് (-0.87%), ഐ.ടി.സി (-0.75%), ഇൻഫോസിസ് (-0.60%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
പി.ബി ഫിൻടെക് ലിമിറ്റഡ് ഓഹരി ചൊവ്വാഴ്ച 5 ശതമാനത്തിലധികം ഇടിഞ്ഞു. പോളിസിബസാറിൻ്റെയും പൈസബസാറിൻ്റെയും പേരന്റ് കമ്പനിയായ പി.ബി ഫിൻടെക് ലിമിറ്റഡിന്റെ രണ്ടാം പാദഫലങ്ങള്‍ ഇന്ന് വൈകീട്ട് പുറത്തു വരാനിരിക്കെയാണ് ഓഹരി ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരി 1,627 രൂപയിലാണ് ക്ലോസ് ചെയ്തത്.
മികച്ച പ്രകടനവുമായി മുത്തൂറ്റ് മൈക്രോഫിന്‍
കേരളാ ഓഹരികളും ചൊവ്വാഴ്ച സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. മുത്തൂറ്റ് മൈക്രോഫിന്‍ 5.83 ശതമാനത്തോടെ നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. മുത്തൂറ്റ് മൈക്രോഫിന്‍ 214 ലാണ് ക്ലോസ് ചെയ്തത്. സ്കൂബി ഡേ ഗാര്‍മെന്റ്സ് 5 ശതമാനം നേട്ടത്തോടെ 93 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.
ഫാക്ട് ഓഹരി 1.92 ശതമാനം നേട്ടത്തോടെ 853 ല്‍ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് 0.16 ശതമാനം നഷ്ടത്തില്‍ 1501 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കിറ്റെക്സ് ഗാര്‍മെന്റ്സ് 5 ശതമാനം നഷ്ടത്തില്‍ 611 ലാണ് ക്ലോസ് ചെയ്തത്. കേരളാ ആയുര്‍വേദ 2.26 ശതമാനം നഷ്ടത്തോടെ 272 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹാരിസണ്‍സ് മലയാളം, കല്യാണ്‍ ജുവലേഴ്സ്, പോപ്പീസ് കെയര്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Next Story
Videos