വീണ്ടും കരടികളുടെ ആറാട്ട്; 500 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്

ഏറെക്കാലത്തെ വിശ്രമം മതിയാക്കി ഇന്ത്യന്‍ ഓഹരികളില്‍ മിന്നലാക്രമണം നടത്തി കരടികള്‍! കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോഡുകള്‍ തിരുത്തി മുന്നേറിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വലിയ നഷ്ടത്തിലേക്ക് വീണു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


എക്കാലത്തെയും ഉയരത്തില്‍ നിന്ന് സെന്‍സെക്‌സും നിഫ്റ്റിയും താഴേക്ക് പതിച്ചു. സെന്‍സെക്‌സ് 505.19 പോയിന്റ് (0.77%) ഇടിഞ്ഞ് 65,280.45ലും നിഫ്റ്റി 165.50 പോയിന്റ് (0.85 ശതമാനം) താഴ്ന്ന് 19,331.80ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

നിഫ്റ്റി ഒരുവേള ഇന്ന് 19,303 വരെ താഴ്ന്നു; സെന്‍സെക്‌സ് 65,175 വരെയും. കഴിഞ്ഞദിവസം 301 ലക്ഷം കോടി കടന്ന ബി.എസ്.ഇയുടെ മൂല്യം ഇന്ന് 299.78 ലക്ഷം കോടി രൂപയിലേക്കും കുറഞ്ഞു.
അമേരിക്കയാണ് വില്ലൻ
പണപ്പെരുപ്പം കുറഞ്ഞെങ്കിലും അടിസ്ഥാന പലിശനിരക്ക് ഉയര്‍ന്ന തലത്തില്‍ തന്നെ നിലനിറുത്തുമെന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിലപാട് മൂലം വിദേശ ഓഹരി വിപണികള്‍, പ്രത്യേകിച്ച് ഏഷ്യന്‍ വിപണികള്‍ നേരിടുന്ന തളര്‍ച്ചയാണ് ഇന്ത്യയിലും പ്രതിഫലിച്ചത്.
ഇന്നലെയും ഇതേ പ്രതിസന്ധിയുണ്ടായെങ്കിലും വന്‍കിട ഓഹരികളില്‍ ഉള്‍പ്പെടെ ദൃശ്യമായ മികച്ച വാങ്ങല്‍ ട്രെന്‍ഡിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ സൂചികകള്‍ റെക്കോഡ് നേട്ടം തുടരുകയായിരുന്നു. എന്നാല്‍, ഇന്ന് ആശങ്ക കനത്തതോടെ നിക്ഷേപകര്‍ വില്‍പന സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശനിരക്ക് കൂട്ടാനും മടിച്ചേക്കില്ലെന്ന വിലയിരുത്തലുകളാണ് ആശങ്ക വിതയ്ക്കുന്നത്.
നിരാശപ്പെടുത്തിയവര്‍
എന്‍.ടി.പി.സി., പവര്‍ ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് നഷ്ടം നേരിട്ട പ്രമുഖ വന്‍കിട ഓഹരികള്‍.
എ.യു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, ഡാബര്‍ ഇന്ത്യ, മഹീന്ദ്ര ഫൈനാന്‍സ്, ദീപക് നൈട്രൈറ്റ്, ട്രെന്റ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ചത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

ഓട്ടോ, പി.എസ്.യു ബാങ്ക്, മീഡിയ എന്നിവ ഒഴികെയുള്ള നിഫ്റ്റി സൂചികകകള്‍ക്കെല്ലാം ഇന്ന് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. എഫ്.എം.സി.ജിയുടെ വീഴ്ച 1.53 ശതമാനമാണ്. സ്വകാര്യബാങ്ക്, റിയാല്‍റ്റി ഓഹരികള്‍ ഒരു ശതമാനത്തിലധികം താഴ്ന്നു.
ധനകാര്യ സേവനം, ഐ.ടി., ഹെല്‍ത്ത്‌കെയര്‍ എന്നിവ 0.8-0.9 ശതമാനം നഷ്ടത്തിലാണ്. നിഫ്‌റഅറി മിഡ്ക്യാപ്പ് 0.85 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.81 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
പിടിച്ചുനിന്നവര്‍
കരടികള്‍ അഴിഞ്ഞാടിയിട്ടും വാഹനം, പി.എസ്.യു ബാങ്ക്, മീഡിയ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 3.91 ശതമാനമാണ് മീഡിയ ഓഹരിക്കുതിപ്പ്. ജൂണിലെ ഭേദപ്പെട്ട വില്‍പനയും പുതിയ വണ്ടികളുടെ ലോഞ്ചിംഗുമെല്ലാം തുണച്ചതോടെ വണ്ടിക്കമ്പനി ഓഹരികള്‍ 0.29 ശതമാനം ഉയര്‍ന്നു. പി.എസ്.യു ബാങ്കോഹരികളുടെ നേട്ടം 0.98 ശതമാനം.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

സീ എന്റര്‍ടെയ്ന്‍മെന്റ്, ടാറ്റാ മോട്ടോഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക്, സോന ബി.എല്‍.ഡബ്ല്യു എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. മികച്ച ജൂണ്‍പാദ അനുമാനക്കണക്കിന്റെ ബലത്തിലാണ് പൊതുമേഖലാ ബാങ്ക് ഓഹരികളുടെ കുതിപ്പ്.
ടൈറ്റന്‍, എസ്.ബി.ഐ., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടി.സി.എസ് എന്നിവയും നേട്ടത്തിലേറിയത് ഇന്ന് സെന്‍സെക്‌സിനെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.
സെന്‍സെക്‌സില്‍ ഇന്ന് 1,495 ഓഹരികള്‍ നേട്ടത്തിലും 1,968 ഓഹരികള്‍ നഷ്ടത്തിലുമാണ്. 117 ഓഹരികളുടെ വില മാറിയില്ല. 192 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലായിട്ടും വില്‍പന സമ്മര്‍ദ്ദം ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായി. 24 ഓഹരികള്‍ 52-ആഴ്ചത്തെ താഴ്ചയിലായിരുന്നു. 13 കമ്പനികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലും 4 എണ്ണം ലോവര്‍ സര്‍ക്യൂട്ടിലും തട്ടി.
തിളങ്ങി കല്യാണും സൗത്ത് ഇന്ത്യന്‍ ബാങ്കും
കേരള ഓഹരികളില്‍ ഇന്നത്തെ താരങ്ങള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും കല്യാണ്‍ ജുവലേഴ്‌സുമാണ്. കഴിഞ്ഞപാദത്തിലെ മികച്ച ബിസിനസ് അനുമാനത്തിന്റെ ബലത്തിലാണ് ഇരു ഓഹരികളുടെയും മുന്നേറ്റം. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇന്ന് 8 ശതമാനം വരെ മുന്നേറി, 52 -ആഴ്ചത്തെ ഉയരം തൊട്ടു. വ്യാപാരാന്ത്യം ഓഹരി വില വര്‍ദ്ധന 4.52 ശതമാനമാണ്.

കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം


7.37 ശതമാനമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ നേട്ടം. സെല്ല സ്‌പേസ് 4.77 ശതമാനം നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി.എം., കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, കേരള ആയുര്‍വേദ, വി-ഗാര്‍ഡ്, വണ്ടര്‍ല, വെസ്റ്റേണ്‍ ഇന്ത്യ എന്നിവയും ഇന്ന് നേട്ടത്തിലേറിയവയുടെ ശ്രേണിയിലാണ്.
യൂണിറോയല്‍ (4.72 ശതമാനം), സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് (2.63 ശതമാനം), മുത്തൂറ്റ് കാപ്പിറ്റല്‍ (2.65 ശതമാനം) എന്നിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മണപ്പുറം ഫൈനാന്‍സ്, കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ്, ജിയോജിത്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഫാക്ട്, ഫെഡറല്‍ ബാങ്ക്, ബി.പി.എല്‍ എന്നിവ നഷ്ടത്തിലാണ്.
രൂപയ്ക്കും തളര്‍ച്ച
ഓഹരികളുടെ വീഴ്ച ഇന്ന് രൂപയെയും ദുര്‍ബലപ്പെടുത്തി. അമേരിക്കന്‍ പലിശ ഇനിയും കൂടുമെന്നായതോടെ ഡോളറിന്റെ സ്വീകാര്യത കൂടിയതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്ന് ഡോളറിനെതിരെ 0.27 ശതമാനം നഷ്ടവുമായി 82.74ലാണ് രൂപയുടെ മൂല്യമുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it