Begin typing your search above and press return to search.
ഓഹരികളില്‍ നിരാശയുടെ പേമാരി! ഇന്ന് നഷ്ടം 4.95 ലക്ഷം കോടി, സൗത്ത് ഇന്ത്യന്‍ ബാങ്കടക്കം കേരള ബാങ്കുകളും ചുവന്നു
രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ ഓഹരികളില്‍ പെയ്യുന്നത് നിരാശയുടെ പേമാരി. മാനം തെളിഞ്ഞ് ഓഹരികള്‍ മുന്നോട്ടെന്ന് തോന്നിക്കും വിധമായിരുന്നു ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടെയും പ്രകടനം. എന്നാല്‍, പൊടുന്നനേയാണ് വില്‍പനസമ്മര്‍ദ്ദത്തിന്റെ കാര്‍മേഘം വിപണിയെ പൊതിഞ്ഞത്; പിന്നെക്കണ്ടത് സൂചികകളുടെ നിരാശപ്പെയ്ത്ത്.
സെന്‍സെക്‌സ് 383.69 പോയിന്റ് (-0.52%) താഴ്ന്ന് 73,511.85ലും നിഫ്റ്റി 140.20 പോയിന്റിടിഞ്ഞ് (-0.62%) 22,302.50ലുമാണ് വ്യാപാരാന്ത്യത്തിലുള്ളത്. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ നിഫ്റ്റി 22,499 വരെയും സെന്‍സെക്‌സ് 74,026 വരെയും ഉയര്‍ന്നിരുന്നു. പിന്നീടായിരുന്നു ചാഞ്ചാട്ടം. നിഫ്റ്റി 22,232 വരെയും സെന്‍സെക്‌സ് 73,259 വരെയും താഴ്ന്നശേഷമാണ് പിന്നീട് നഷ്ടം കുറച്ചത്.
ഇടിവിന്റെ കാരണങ്ങള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമോ എന്നത് സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും നിക്ഷേപകരെ നിരാശരാക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം എന്‍.ഡി.എക്ക് ഇപ്പോഴില്ലെന്നാണ് വിലയിരുത്തല്‍. മിക്കയിടത്തും പോളിംഗ് കുറഞ്ഞതും ഇതിനുള്ള തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപകര്‍ നോക്കുന്നത് രാഷ്ട്രീയമല്ല, കൂട്ടുകക്ഷി ഭരണത്തിന് പകരം ഒരുകക്ഷിക്ക് പ്രാമുഖ്യമുള്ള ഭരണം വേണമെന്നതും അതുവഴി നയരൂപീകരണം അതിവേഗം നടക്കുമെന്നതുമാണ് നിക്ഷേപകര്‍ നോക്കുന്നത്. വിപണിയില്‍ കനത്ത ഭീതിയും ചാഞ്ചാട്ടവുമുണ്ടെന്ന് വ്യക്തമാക്കുന്ന ഇന്ത്യ വിക്‌സ് സൂചിക കുതിച്ചുയരുന്നതും നിക്ഷേപകരെ ഭയപ്പെടുത്തുകയാണ്. എന്താണ് ഇന്ത്യ വിക്‌സ്? വിശദാംശങ്ങള്‍ക്ക്: ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റൊരു തിരിച്ചടി വിദേശ ധനകാര്യസ്ഥാപനങ്ങളുടെ (FII) പിന്മാറ്റമാണ്. മേയില്‍ ഇന്നലവരെ മാത്രം എഫ്.ഐ.ഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വലിച്ചത് 5,525 കോടി രൂപയാണ്. കടപ്പത്രങ്ങളുടെ ആദായനിരക്ക് (ബോണ്ട് യീല്‍ഡ്) ആകര്‍ഷകമായതാണ് ഇതിന് കാരണം.
മറ്റൊന്ന്, മാര്‍ച്ചുപാദ പ്രവര്‍ത്തനഫലങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന ഒരു കമ്പനിയുടെ ഫലത്തിനും വിപണിയെ ചലിപ്പിക്കുംവിധം കാര്യമായ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇന്നലെ റിസര്‍വ് ബാങ്ക് വന്‍കിട പദ്ധതികള്‍ക്കുള്ള കണ്‍സോര്‍ഷ്യം വായ്പകളുടെ കരട് ചട്ടം പുറത്തിറക്കിയതും പൊതുമേഖലാ ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ നേരിട്ട വില്‍പന സമ്മര്‍ദ്ദവും വിപണിയെ തളര്‍ത്തുന്നുണ്ട്. വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ക്കുള്ള കണ്‍സോര്‍ഷ്യം വായ്പകള്‍ക്ക് 5 ശതമാനം തുക കിട്ടാക്കടം തരണം ചെയ്യാന്‍ നീക്കിവയ്ക്കണമെന്ന (പ്രൊവിഷന്‍സ്) നിര്‍ദേശമാണ് തിരിച്ചടി.
നിരാശപ്പെടുത്തിയവര്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടൈറ്റന്‍, ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, എന്‍.ടി.പി.സി., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് 4 ശതമാനത്തോളം വരെ ഇടിഞ്ഞ് നഷ്ടത്തിലേക്ക് വീണ പ്രമുഖര്‍.
എസ്.ആര്‍.എഫ് ലിമിറ്റഡ് 7.25 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ ഒന്നാമതുണ്ട്. ജെ.എസ്.ഡബ്ല്യു എനര്‍ജി, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ജി.എം.ആര്‍ എയര്‍പോര്‍ട്‌സ്, ടൊറന്റ് പവര്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം കുറിച്ച മറ്റ് പ്രമുഖര്‍.
തുടര്‍ച്ചയായി ലാഭം ഇടിയുന്നതാണ് എസ്.ആര്‍.എഫ് ലിമിറ്റഡിനെ തളര്‍ത്തുന്നത്. മാര്‍ച്ചുപാദത്തില്‍ ഇടിവ് 24 ശതമാനമാണ്. നാലാംപാദ പ്രവര്‍ത്തനഫലത്തിന് മുമ്പേയാണ് ജെ.എസ്.ഡബ്ല്യു എനര്‍ജിയുടെ വീഴ്ച.
നേട്ടത്തിലേറിയവര്‍
ടി.സി.എസ്., ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (HUL) എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍.
നിഫ്റ്റി 200ല്‍ മാരികോ, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍ ഇന്ത്യ, സി.ജി. പവര്‍ എന്നിവ 4.7 മുതല്‍ 9.77 ശതമാനം വരെ കുതിച്ച് നേട്ടത്തില്‍ മുന്നിലെത്തി. രാജ്യത്ത് ഗ്രാമീണമേഖലയിലടക്കം കണ്‍സ്യൂമര്‍ ഉത്പന്ന വിപണി നേട്ടത്തിലേറുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ന് എഫ്.എം.സി.ജി ഓഹരികളില്‍ മികച്ച 'വാങ്ങല്‍സമ്മര്‍ദ്ദം' (Buying pressure) സൃഷ്ടിച്ചത്.
നടപ്പുവര്‍ഷം (2024-25) മികച്ച വില്‍പനയാണ് എഫ്.എം.സി.ജി കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. മാരികോ 9.77 ശതമാനവും ഗോദ്‌റേജ് കണ്‍സ്യൂമര്‍, എച്ച്.യു.എല്‍., ഡാബര്‍ എന്നിവ 5 ശതമാനത്തിലധികവും കുതിച്ചു.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി എഫ്.എം.സി.ജി സൂചിക 2.02 ശതമാനവും ഐ.ടി സൂചിക 0.77 ശതമാനവും ഉയര്‍ന്നതൊഴിച്ചാല്‍ മറ്റ് സൂചികകളെല്ലാം ചുവന്നു.
റിസര്‍വ് ബാങ്കിന്റെ കരട് രേഖ വന്നതിനുശേഷം കനത്ത വില്‍പനസമ്മര്‍ദ്ദം നേരിടുന്ന പൊതുമേഖലാ ബാങ്ക് സൂചിക 2.31 ശതമാനം ഇടിഞ്ഞു. നിഫ്റ്റി റിയല്‍റ്റി 3.49 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 1.88 ശതമാനം, ഫാര്‍മ 1.86 ശതമാനം, ഹെല്‍ത്ത്‌കെയര്‍ 1.98 ശതമാനം, മീഡിയ 1.45 ശതമാനം, ഓട്ടോ 1.83 ശതമാനം, ധനകാര്യസേവനം 0.92 ശതമാനം എന്നിങ്ങനെ ഇടിഞ്ഞത് തിരിച്ചടിയായി.
ബാങ്ക് നിഫ്റ്റി 1.25 ശതമാനം താഴേക്കുവീണു. നിഫ്റ്റി മിഡ്ക്യാപ്പ് 1.95 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.89 ശതമാനവും ഇടിഞ്ഞത് ഇന്ന് ഈയിനം ഓഹരികളും കനത്ത വിറ്റൊഴിയല്‍ ട്രെന്‍ഡില്‍ മുങ്ങിയെന്നതിന് തെളിവായി.
നിഫ്റ്റി 50ല്‍ ഇന്ന് 34 ഓഹരികളും നഷ്ടത്തിലായിരുന്നു. നേട്ടത്തിലേറിയത് 16 ഓഹരികള്‍. 5.20 ശതമാനം ഉയര്‍ന്ന ഹിന്ദുസ്ഥാന്‍ യൂണിലിവറാണ് നേട്ടത്തില്‍ മുന്നില്‍. കൂടുതല്‍ നഷ്ടം കുറിച്ചത് ബജാജ് ഓട്ടോയാണ്, 3.98 ശതമാനം.
ബി.എസ്.ഇയില്‍ ഇന്ന് 1,034 ഓഹരികള്‍ നേട്ടത്തിലും 2,794 എണ്ണം നഷ്ടത്തിലുമായിരുന്നു. 104 ഓഹരികളുടെ വിലമാറിയില്ല. 179 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 36 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍ക്യൂട്ട് ഇന്നും കാലിയായിരുന്നു. ലോവര്‍-സര്‍ക്യൂട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിലെ ഇടിവും തുടര്‍ക്കഥയാണ്. 10.06 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലെ നഷ്ടം. ഇന്നുമാത്രം നിക്ഷേപകരുടെ കീശയില്‍ നിന്ന് ചോര്‍ന്നത് 4.95 ലക്ഷം കോടി രൂപ. 403.39 ലക്ഷം കോടി രൂപയില്‍ നിന്ന് 398.43 ലക്ഷം കോടി രൂപയിലേക്കാണ് വീഴ്ച.
നിരാശപ്പെടുത്തി കേരള ഓഹരികളും
കേരളത്തില്‍ നിന്നുള്ള കമ്പനികളും ഇന്ന് പൊതുവേ കാഴ്ചവച്ചത് മോശം പ്രകടനമാണ്; പ്രത്യേകിച്ച് ബാങ്കോഹരികളും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും നേരിട്ട ഇടിവ്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.39 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.53 ശതമാനവും ഫെഡറല്‍ ബാങ്ക് 2.53 ശതമാനവും ഇടിഞ്ഞു. സി.എസ്.ബി ബാങ്ക് 0.37 ശതമാനത്തിന്റെ നേരിയ നേട്ടം കൈവരിച്ചു. ഇസാഫ് ബാങ്കും 0.93 ശതമാനം നഷ്ടത്തിലേറി.
കൊച്ചി കപ്പല്‍ശാലയുള്ളത് 3.08 ശതമാനം നഷ്ടത്തില്‍. ഫാക്ട്, ഹാരിസണ്‍സ് മലയാളം, ജിയോജിത്, കല്യാണ്‍ ജുവലേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് മൈക്രോഫിന്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, വി-ഗാര്‍ഡ്, വണ്ടര്‍ല എന്നിവയും ഇന്ന് തളര്‍ന്നു.
കെ.എസ്.ഇ., ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ഈസ്റ്റേണ്‍, നിറ്റ ജെലാറ്റിന്‍, മുത്തൂറ്റ് ഫിനാന്‍സ്, സ്‌കൂബിഡേ, ടി.സി.എം എന്നിവ ഭേദപ്പെട്ട നേട്ടം സ്വന്തമാക്കി.
Next Story
Videos