നിക്ഷേപകരെ, ഇപ്പോള്‍ ചാടിക്കയറി നിക്ഷേപിക്കണ്ട!

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആലോചിക്കുകയാണോ? എന്നാല്‍ ഉടന്‍ നിക്ഷേപിക്കണ്ട. കുറച്ചു കാത്തിരുന്ന ശേഷം നിക്ഷേപിച്ചാല്‍ മതിയെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്.

കൊറോണ മൂലമുണ്ടായ പ്രതിസന്ധിയും ക്രൂഡോയ്ല്‍ വില തകര്‍ച്ചയും ഉള്‍പ്പെടെയുള്ള ആഗോള പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ വീഴ്ചയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്‌സ് 1942 ഓളം പോയ്ന്റ് താഴേക്ക് പോയി. 5 ശതമാനത്തിലധികം ഇടിവ്. പോയ്ന്റ് അടിസ്ഥാനത്തില്‍ ഒറ്റദിവസം ഉണ്ടായിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ നിഫ്റ്റി 10500 ല്‍ താഴെയാണ്.

വിപണിയിലെ ഓരോ താഴ്ചയും അവസരമാണെന്നാണ് പൊതുവേ പറയാറുള്ളത്. കുറഞ്ഞ വിലയില്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവസരമായതിനാല്‍ തന്നെ പല നിക്ഷേപകരും ഇത്തരം താഴ്ചകളില്‍ ധാരളമായി നിക്ഷേപിക്കാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ഒരു ഉചിതമായ തീരുമാനമായിരിക്കില്ല എന്നാണ് വിപണിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ പറയുന്നത്.

കൊറൊണയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊപ്പം ആഗോള തലത്തിലെ പ്രശ്‌നങ്ങളും ക്രൂഡോയ്ല്‍ വില തകര്‍ച്ചയുമൊക്കെ വിപണിയില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വാണിജ്യ വിപണിയില്‍ കൊറോണ ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധി എത്രത്തോളമാണെന്ന് കൂടി കണക്കിലെടുത്ത ശേഷം മാത്രം നിക്ഷേപിത്തിനു തുനിയുകയാണ് ഉചിതമെന്നാണ് ജിയോജിത്ത് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി ഹെഡ് കെ.സി ജീവന്‍ കുമാര്‍ പറയുന്നത്.

' സാധാരണഗതിയില്‍ ഓരോ വീഴ്ചയും അവസരമാണ്. എന്നാല്‍ കൊറോണ ഭീതി അകലാത്തതിനാല്‍ കുറച്ച് കാത്തിരിക്കുന്നതാണ് നല്ലത്. കാരണം കൊറോണയുടെ ഇംപ്കാട് എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. മാത്രമല്ല ആഗോള തലത്തിലും കുറെ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഒറ്റയടിക്ക് നിക്ഷേപം നടത്താതിരിക്കാന്‍ ശ്രമിക്കുക. വിപണി വീണ്ടും ഇടിയുമ്പോള്‍ നിക്ഷേപിക്കുക. വില ഉയരുകയാണങ്കില്‍ പതുക്കെ ലാഭമെടുക്കുക. മാത്രമല്ല മുന്‍നിര കമ്പനികളുടെ തെരഞ്ഞെടുത്ത ഓഹരികളില്‍ മാത്രമാണ് നിക്ഷേപിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും വേണം''. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മറ്റു ചില വിദഗ്ധര്‍ പൂര്‍ണമായും വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നിക്ഷേപകരോട് ഉപദേശിക്കുന്നുണ്ട്. യെസ് ബാങ്കിന്റെ തകര്‍ച്ച പോലെയുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും വിപണി താഴേക്ക് പോകാനുള്ള സാധ്യതകള്‍ ഇവര്‍ തള്ളിക്കളയുന്നില്ല. അപ്രതീക്ഷിതമായ ബിസിനസ് സാഹചര്യങ്ങള്‍, ഡിജിറ്റല്‍ ഡിസ്‌റപ്ഷനുകള്‍, പൊതുവിലുള്ള സാമ്പത്തിക സാഹചര്യം എന്നിവയെല്ലാം ദുര്‍ബലമായ അടിത്തറയുള്ള കമ്പനികള്‍ക്ക് പുറമേ മികച്ച പ്രകടനം നടത്തുന്ന കമ്പനികള്‍ക്കു പോലും തുടരാന്‍ പറ്റാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നിക്ഷേപിക്കണ്ട എന്നാണ് ഇവരുടെ അഭിപ്രായം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it