യുദ്ധ കാലത്തെ ഓഹരി നിക്ഷേപം! പൊറിഞ്ചു വെളിയത്ത് എഴുതുന്നു
ഓഹരി നിക്ഷേപകരില്‍ കുറേപേരുടെയെങ്കിലും മനസ്സ് ഇപ്പോള്‍ അശാന്തമായിരിക്കും. റഷ്യ - യുക്രെയ്ന്‍ യുദ്ധവും അതിനെതുടര്‍ന്നുണ്ടായിരിക്കുന്ന ആഗോള ഭൂരാഷ്ട്ര സംഭവവികാസങ്ങളും ഒട്ടനവധി നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് അറിയാം. ഈ സാഹചര്യത്തില്‍ ഞാന്‍ എന്റെ നിക്ഷേപകര്‍ക്കായി എഴുതിയ കത്തിലെ കാര്യങ്ങള്‍ ധനം വായനക്കാരോടും പങ്കുവെയ്ക്കുകയാണ്.
യുദ്ധത്തെ കുറിച്ച് ആധികാരികമായ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കാന്‍ ഞങ്ങള്‍ ജിയോപൊളിറ്റിക്കല്‍ വിദഗ്ധരൊന്നുമല്ല. പക്ഷേ, ഇത്തരം സംഭവവികാസങ്ങള്‍ ലോകത്ത് അരങ്ങേറുമ്പോള്‍ നിക്ഷേപകര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള അത്ര മോശമല്ലാത്ത ഉപകരണങ്ങൾ നമുക്കുണ്ടെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.
ചരിത്രത്തില്‍ ഇതാദ്യമായൊന്നുമല്ല ലോകത്ത് യുദ്ധവും വെല്ലുവിളികളും വരുന്നത്. ലോകചരിത്രത്തില്‍ ഇതിനുമുമ്പുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് പ്രതികരണം എങ്ങനെയായിരുന്നുവെന്ന് അറിയാന്‍ ഇക്യു റിസര്‍ച്ച് ടീം സമാഹരിച്ച് സൂക്ഷിച്ചിരിക്കുന്ന ഡാറ്റ പരിശോധിച്ചാല്‍ മതി.
(ബോക്‌സ് - 1) നോക്കുക.
ആഗോള പ്രതിസന്ധികള്‍ സെന്‍സെക്‌സില്‍ സൃഷ്ടിച്ച ആഘാതം
ഡാറ്റ നോക്കിയാല്‍ മനസ്സിലാകും ആറുമാസക്കാലത്തെ ശരാശരി നേട്ടം 17 ശതമാനത്തിന് മുകളിലും ഒന്‍പത് മാസക്കാലത്തേത് 26 ശതമാനത്തിനു മുകളിലുമാണെന്ന്. ആ ചാര്‍ട്ട് പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. ഏറ്റവും മോശം സാഹചര്യം ആദ്യത്തെ ഏതാനും ആഴ്ചകള്‍ കൊണ്ട് മറികടന്നിട്ടുണ്ട് എന്നു. ഹ്രസ്വ, ദീര്‍ഘകാലയളവുകളിൽ ലോകത്തെ ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വിപണിയിലുണ്ടായിട്ടുള്ള ഇടിവ് എല്ലായ്പ്പോഴും മികച്ച വാങ്ങല്‍ അവസരങ്ങൾ ആയിരുന്നു എന്നും വ്യക്തമാവുന്നുണ്ട്.
ഡൗ ജോണ്‍സിന് ഇതിലും ദീര്‍ഘകാല ചരിത്രമാണുള്ളതു, അതിലും തെളിയുന്ന പാറ്റേണ്‍ ഇതൊക്കെ തന്നെയാണ്. പ്രതിസന്ധി ഘട്ടം കഴിഞ്ഞുള്ള ഡൗ ജോണ്‍സിന്റെ ശരാശരി പ്രകടനം പോസിറ്റീവ് റിട്ടേണ്‍ കൃത്യമായി വെളിപ്പെടുത്തി തരുന്നുണ്ട്. യുദ്ധഭീതിയില്‍ ഓഹരി വിപണികളില്‍ കൂപ്പുകുത്തിയ ഓരോ അവസരത്തിലും ആ ഭീതി അകലുമ്പോള്‍ കുതിച്ചുമുന്നേറിയിട്ടുമുണ്ട്.
(ബോക്‌സ് - 2 നോക്കുക)
ആഗോള പ്രതിസന്ധികള്‍ ഡൗ ജോണ്‍സ് സൂചികയില്‍ സൃഷ്ടിച്ച ആഘാതം
നിക്ഷേപകരുടെ ആവനാഴിയിലെ ഏറ്റവും സുപ്രധാനമായ ആയുധമാണ് ചരിത്രപരമായ ഡാറ്റ. കുറേയേറെ നിക്ഷേപകര്‍ വെണ്ടയ്ക്ക പോലുള്ള തലക്കെട്ടുകളിലും മാക്രോ ഇംപ്ലിക്കേഷനുകളെ കുറിച്ചുള്ള വിവരണങ്ങളിലും ചഞ്ചലരാകും. എന്നിരുന്നാലും ഒരു കാര്യമേ പറയാനുള്ളൂ; ഇത്തരം പ്രക്ഷുബ്ധ സാഹചര്യങ്ങളില്‍ ഒരാള്‍ക്കും ഒന്നിനെ കുറിച്ചും കൃത്യമായ ധാരണ കാണില്ല. അതുകൊണ്ട് നിക്ഷേപകരോട് ഈ വേളയില്‍, ചരിത്രപരമായ ഡാറ്റകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കാനുള്ള ഉത്തരം, പ്രക്ഷുബ്ധാവസ്ഥ ഭീതിജനകമാണ് പക്ഷേ അത് താല്‍ക്കാലികം മാത്രം.
യുദ്ധവും വിപണിയും
ഐതിഹാസിക നിക്ഷേപകരന്‍ ഫിലിപ്പ് ഫിഷര്‍ രചിച്ച ക്ലാസിക് ബുക്ക് 'കോമണ്‍ സ്‌റ്റോക്ക്‌സ് ആന്‍ഡ് അണ്‍കോമണ്‍ പ്രോഫിറ്റ്‌സി'ല്‍ പറയുന്ന കാര്യമുണ്ട്. അതൊരു നീണ്ട നിരീക്ഷണമാണ്. എന്നിരുന്നാലും വാല്യു ഇന്‍വെസ്റ്റര്‍മാര്‍ക്ക് അതൊരു ദിശാസൂചിയായേക്കും. ഇങ്ങനെയാണത്.
ഭാവനാശാലികളായ മനുഷ്യര്‍ക്ക് ഏറെ താല്‍പ്പര്യമുള്ളതാകും സാധാരണ ഓഹരികള്‍. ആധുനിക യുദ്ധകാലഘട്ടത്തില്‍ അതിഭീകരമായ ഭീതിയില്‍ നമ്മുടെ ഭാവന പതറാന്‍ തുടങ്ങും. അതിന്റെ ഫലമായി എന്ത് സംഭവിക്കും? ഒരു യുദ്ധഭീതിയോ അല്ലെങ്കില്‍ യുദ്ധം തന്നെയോ ആഗോളതലത്തില്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ കോമണ്‍ സ്‌റ്റോക്കുകളിലും പ്രതിഫലിക്കും. ഇതൊരു സൈക്കോളജിക്കല്‍ പ്രതിഭാസമാണ്; ഫിനാന്‍ഷ്യലായുള്ള ഘടകങ്ങള്‍ അതില്‍ കാണണമെന്നില്ല.
യുദ്ധവേളയില്‍ നടക്കുന്ന മനുഷ്യകൂട്ടക്കുരുതിയും മനുഷ്യര്‍ അനുഭവിക്കുന്ന കഷ്ടതകളും മനുഷത്വമുള്ളവരെ വിഹ്വലരാക്കും. ഈ ആറ്റോമിക് കാലഘട്ടത്തില്‍ നമ്മുടെയും നമ്മോട് അടുപ്പമുള്ളവരെയും സുരക്ഷ സംബന്ധിച്ച ആശങ്കയും വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആശങ്ക, ഭീതി, അസ്വാരസ്യം എന്നിങ്ങനെ നമുക്ക് മുന്നില്‍ ഉടലെടുക്കുന്ന ചിലത് ഇക്കണോമിക് ഘടകങ്ങളെ മാത്രം ആസ്പദമാക്കിയുള്ള വിശകലനങ്ങളില്‍ നിന്ന് നമ്മെ വ്യതിചലിപ്പിക്കും.
സമ്പദ്‌സമൃദ്ധി തല്ലിക്കൊഴിക്കുമെന്ന ഭീതി, സര്‍ക്കാര്‍ വന്‍ നികുതി ഏര്‍പ്പാടാക്കി വലിയ തുകകള്‍ ഈടാക്കും, ബിസിനസുകളുടെ നടത്തിപ്പില്‍ സര്‍ക്കാരുകള്‍ ഇടപെടലുകള്‍ വര്‍ധിപ്പിക്കും തുടങ്ങിയ ചിന്തകളാണ് സാമ്പത്തിക കാര്യങ്ങളെ ചുറ്റിപ്പറ്റി നമ്മിലുണ്ടാവുക. ഇത്തരമൊരു മാനസിക സാഹചര്യങ്ങളില്‍ മനുഷ്യര്‍ അടിസ്ഥാനപരമായുണ്ടാകുന്ന സാമ്പത്തിക സ്വാധീനങ്ങളില്‍ നിന്നുമാറിയുള്ള കാര്യങ്ങള്‍ ചിന്തിക്കാനുള്ള പ്രവണതയുണ്ടാകും.
യുദ്ധത്തിന്റെ പരിസമാപ്തി എന്തുതന്നെയായിക്കൊള്ളട്ടേ - അത് ഒന്നാം ലോക മഹായുദ്ധമോ രണ്ടാം ലോക മഹായുദ്ധമോ കൊറിയന്‍ യുദ്ധമോ - എന്തുമാകട്ടേ; ഭൂരിഭാഗം ഓഹരികളും യുദ്ധത്തെ കുറിച്ചുള്ള ഒരു ചിന്തയുമില്ലാതിരുന്ന കാലത്തേതിനേക്കാള്‍ ഉയര്‍ന്ന വിലയിലാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ, കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഏറ്റവും ചുരുങ്ങിയത് പത്ത് പ്രാവശ്യത്തിലേറെ വലിയൊരു യുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന ആഗോളഭീതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഓരോ സന്ദര്‍ഭത്തിലും, ഓഹരികള്‍ യുദ്ധഭീതിയില്‍ കുത്തനെ ഇടിയുകയും ആ ഭീതി അകലുമ്പോള്‍ കുത്തനെ ഉയരുകയുമായിരുന്നു .
ഭൗതികശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഫെയ്ന്‍മന്‍ ഒരിക്കല്‍ പറഞ്ഞു: 'എനിക്ക് സംശയത്തോടെ, അനിശ്ചിതത്വത്തോടെ, ഒന്നും വ്യക്തമായി അറിയാതെ ജീവിക്കാം. തെറ്റായേക്കാവുന്ന ഉത്തരവുമായി ജീവിക്കുന്നതിനേക്കാള്‍ എത്രയോ എത്രയോ നല്ലതാണ് കാര്യങ്ങളിലെ അവ്യക്തതയോടെ കഴിയുന്നത്...'' ഞങ്ങള്‍ കരുതുന്നത്, ആഗോള പ്രതിസന്ധിഘട്ടങ്ങളില്‍ നിക്ഷേപകര്‍ ഭയചകിതരായി തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
രണ്ട് ക്ലാസിക് പാരമ്പര്യത്തില്‍ പ്രചോദിതരായാണ് ഇക്വിറ്റി ഇന്റലിജന്‍സ് എന്നും നിലകൊള്ളുന്നത്. ഒന്ന് വാല്യു ഇന്‍വെസ്റ്റിംഗ്, രണ്ടാമത്തേത് കേരളത്തിന്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റ്. ആയോധനകലയില്‍ അഗ്രഗണ്യനായ ബ്രൂസ് ലീ ഒരു കളരിപ്പയറ്റ് വിദഗ്ധനല്ലെങ്കിലും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്; ഞങ്ങള്‍ വിശകലനം ചെയ്യാറില്ല, പകരം ഞങ്ങള്‍ സമന്വയിക്കും. ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ വിപണി സാഹചര്യങ്ങള്‍ സങ്കീര്‍ണമായിരിക്കും. പരമ്പരാഗതമായ വിശകലനത്തിന് അത് വഴങ്ങണമെന്നുമില്ല. എന്നാല്‍ ക്ലാസിക്കല്‍ പ്രമാണങ്ങള്‍ നമ്മളെ വ്യക്തമായ പാറ്റേണുകൾ സമന്വയിപ്പിക്കാന്‍ സഹായിക്കുന്നു.
ചുരുക്കത്തില്‍ പറയാനുള്ളത്
$ ഭീതിയുണര്‍ത്തുന്ന ഇത്തരം സംഭവവികാസങ്ങളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ സ്വാഭാവികമാണ്.
$ യുദ്ധഭീതി ഒഴിയുന്ന ആദ്യ വേളയില്‍ തന്നെ ഓഹരി വിലകള്‍ തിരിച്ചുകയറിയിട്ടുണ്ടെന്നതിന് ചരിത്രപരമായി ദൃഷ്ടാന്തമുണ്ട്.
$ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പോലുള്ളവ സംഭവിക്കുമ്പോള്‍ അതില്‍ ചകിതരാകാതെ താഴ്ചകളില്‍ വാങ്ങുക.
നമ്മള്‍ ഇപ്പോള്‍ കാണുന്ന പല ഓഹരികളുടെയും വിലകളില്‍ വന്ന ഇടിവ് താല്‍ക്കാലികമാണ്. അതേസമയം പല കമ്പനികളുടെ ആന്തരിക മൂല്യം ഈ കാലത്തെ മറികടന്നു മുന്നേറാന്‍ പാകത്തില്‍ കരുത്തുറ്റത്താണ്.