സെന്‍സെക്‌സ് 65,000 കടന്നു, എച്ച്.ഡി.എഫ്.സി ദ്വയം കയറ്റത്തില്‍
![Stock market trading via mobile Stock market trading via mobile](https://dhanamonline.com/h-upload/2023/05/26/1720427-stock-market-trading-via-mobile.webp)
Image : Canva
വിപണി കയറ്റം തുടരുകയാണ്. സെന്‍സെക്‌സ് 65,000 നു മുകളിലും നിഫ്റ്റി 19,300 നു മുകളിലും എത്തി. ബാങ്ക് നിഫ്റ്റി 45,000 കടന്നു. വിദേശ നിക്ഷേപകര്‍ വിപണിയില്‍ വാങ്ങല്‍ തുടരുന്നതു വ്യക്തിഗത നിക്ഷേപകര്‍ക്ക് വിശ്വാസം പകരുന്നു.
ബാങ്ക്, ധനകാര്യ, മെറ്റല്‍ ഓഹരികള്‍ ഇന്നു കയറ്റത്തിലാണ്. സ്റ്റീല്‍ ഓഹരികള്‍ രണ്ടു ശതമാനത്താേളം ഉയര്‍ന്നു.ജൂണിലെ ഫാക്ടറി ഉല്‍പാദനത്തില്‍ മികച്ച വളര്‍ച്ച സൂചിപ്പിച്ചു കൊണ്ട് മനുഫാക്ചറിംഗ് പിഎംഐ 57.8 ലേക്കു കയറി.
എച്ച്.ഡി.എഫ്.സി
എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിക്കുന്ന എച്ച്.ഡി.എഫ്.സി ഇന്നും നല്ല കയറ്റത്തിലാണ്. ഓഹരി രാവിലെ മൂന്നു ശതമാനത്തിലധികം ഉയര്‍ന്ന് 2900 നു മുകളിലായി. എച്ച്.ഡി.എഫ്.സി ബാങ്ക് മൂന്നര ശതമാനം വര്‍ധിച്ചു.
വാഹന കമ്പനികളുടെ ജൂണിലെ വില്‍പന കൂടിയെങ്കിലും പ്രതീക്ഷ പോലെ മികച്ചതായില്ല.ഐടി ഓഹരികള്‍ ഇന്നു തുടക്കത്തില്‍ താഴ്ചയിലാണ്.
അദാനി ഗ്രൂപ്പ് ഓഹരികള്‍
കഴിഞ്ഞയാഴ്ച അദാനി ഗ്രൂപ്പ് ഓഹരികളിലെ ബള്‍ക്ക് വില്‍പന പ്രൊമോട്ടര്‍മാരും ജി.ക്യു.ജി പാര്‍ട്ട്‌നര്‍മാരും തമ്മില്‍ ആയിരുന്നുവെന്ന് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു ശേഷം അദാനി ഗ്രൂപ്പിലെ ജി.ക്യു.ജി നിക്ഷേപം 30,000 കോടി രൂപയ്ക്കു മുകളിലായി.
രൂപ ഇന്നു നല്ല നേട്ടമുണ്ടാക്കി. ഡോളര്‍ 22 പൈസ കുറഞ്ഞ് 81.82 രൂപയായി. സ്വര്‍ണം ലോക വിപണിയില്‍ 1920 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 43,240 രൂപ ആയി.