സൂപ്പർ മൺഡേ: റെക്കോഡുകൾ തുടച്ച് മാറ്റി വിപണികൾ

പ്രതീക്ഷിച്ചതു പോലെ വിപണി വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങി. സാങ്കേതിക വിശകലനങ്ങളിലെ പ്രതിരോധവും പിന്തുണയുമൊന്നും പ്രസക്തമല്ലാതായി. മുഖ്യ സൂചികകൾ ഒന്നര ശതമാനത്തിലധികം കുതിച്ചു കയറിയാണു വ്യാപാരം ആരംഭിച്ചത്. എല്ലാ റെക്കോഡുകളും മാറ്റിയെഴുതിയ ദിവസമായി സൂപ്പർ മൺഡേ.

സെൻസെക്സ്‌ 954 പോയിന്റ് ഉയർന്ന് 68,435 ൽ വ്യാപാരം തുടങ്ങി. പിന്നീട് 68,588 വരെ കയറി. നിഫ്റ്റി 331 പോയിന്റ് കയറി 20,601.95 ൽ വ്യാപാരം ആരംഭിച്ചു. പിന്നീടു കയറിയിറങ്ങി.

ഉഷാറായി ഓഹരികൾ

മിഡ് ക്യാപ് സൂചികയും ബാങ്ക് നിഫ്റ്റിയും റെക്കോർഡ് കുറിച്ചാണു വ്യാപാരം തുടങ്ങിയത്. എല്ലാ വ്യവസായ മേഖലകളും നല്ല നേട്ടത്തിലാണ്.

ബി.ജെ.പിയുടെ വിജയത്തെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ വലിയ കുതിപ്പ് നടത്തി. 4 ശതമാനം മുതൽ 9 ശതമാനം വരെ ഉയരത്തിലാണു കമ്പനികൾ. ഗ്രൂപ്പിന്റെ വിപണിമൂല്യം 12 ലക്ഷം കോടി രൂപ കടന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനു മുൻപ് 19 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം ഗ്രൂപ്പിനുണ്ടായിരുന്നു.

സോണിയുമായുള്ള ലയന ചർച്ചയിൽ തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ സീ എന്റർടെയ്ൻമെന്റ് ഓഹരി ഇന്നു മൂന്നര ശതമാനം താണു. സീ യുടെ റേറ്റിംഗ് യുബിഎസ് താഴ്ത്തുകയും ചെയ്തു.

ധനലക്ഷ്മി ബാങ്ക് ഓഹരി നാലരയും സി.എസ്.ബി മൂന്നും സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടരയും ഫെഡറൽ ബാങ്ക് രണ്ടും ശതമാനം ഉയർന്നു.

രൂപ ഇന്നു നേട്ടത്താേടെ തുടങ്ങിയിട്ടു താണു. ഡോളർ മൂന്നു പൈസ താഴ്ന്ന് 83.26 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.33 രൂപയിലെത്തി.

സ്വർണം ലോകവിപണിയിൽ 2084 ഡോളറിലാണ്. കേരളത്തിൽ പവന് 320 രൂപ വർധിച്ച് സർവ കല റെക്കോഡ് ആയ 47,080 രൂപയായി.

ക്രൂഡ് ഓയിൽ രാവിലെ ഉയർന്നിട്ട് താഴ്ന്നു. ബ്രെന്റ് ഇനം 78.38 ഡോളറിലായി.

Read This : ബി.ജെ.പി വിജയത്തിൽ വിപണി വലിയ കുതിപ്പിലേക്ക്; ആശങ്കകൾ അകന്നു; റെക്കോഡ് തകര്‍ത്ത് സ്വർണം

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it