വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി
പ്രീ ഓപ്പണ്‍ വ്യാപാരത്തിലെ ചാഞ്ചാട്ടത്തിനു ശേഷം വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. പിന്നീടു സാവധാനം കയറി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നിഫ്റ്റി 17,500 നും സെന്‍സെക്‌സ് 59, 500 നും മുകളിലായി.
മെറ്റല്‍, വാഹന, പൊതുമേഖലാ ബാങ്ക് ഓഹരികള്‍ തുടക്കം മുതലേ താഴ്ചയിലായി. ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, റിയല്‍റ്റി, ഫാര്‍മ, എഫ്എംസിജി തുടങ്ങിയവ ഉയര്‍ന്നു. എച്ച്ഡിഎഫ്‌സിയും എച്ച്ഡിഎഫ്‌സി ബാങ്കും ഇന്നു രണ്ടര ശതമാനത്തിലധികം കയറി. മികച്ച ബിസിനസ് വളര്‍ച്ചയാണ് കാരണം.
ഓഹരികളുടെ പ്രകടനം
പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരി 14 ശതമാനത്തോളം ഇടിഞ്ഞു. വില 32 ശതമാനം കയറാം എന്ന മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിങ്കളാഴ്ച നാലു ശതമാനം ഉയര്‍ന്നതായിരുന്നു ഓഹരി. ഫെഡറല്‍ ബാങ്ക് ഓഹരി നാലു ശതമാനത്തോളം താണ് 128.2 രൂപയായി.
ബിസിനസ് വളര്‍ച്ച പ്രതീക്ഷ പോലെ വരാത്തതാണു കാരണം. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി അല്‍പം താണു, ധനലക്ഷ്മി, സിഎസ്ബി ബാങ്കുകള്‍ അല്‍പം ഉയര്‍ന്നു. രൂപ ഇന്നു നല്ല നേട്ടത്തിലാണ്. ഡോളര്‍ 27 പൈസ നഷ്ടത്തില്‍ 82.06 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോക വിപണിയില്‍ 2022 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന് 760 രൂപ ഉയര്‍ന്ന് 45,000 രൂപയിലെത്തി. കേരളത്തില്‍ ഈ വില റെക്കോഡാണ്.