വിപണി കയറ്റത്തില്‍; ടാറ്റാ മോട്ടോഴ്‌സ് 8 ശതമാനം ഉയര്‍ന്നു, പേയ്ടിഎം ഇന്നും ലോവര്‍ സര്‍കീട്ടില്‍
വിപണി ഇന്നു നല്ല നേട്ടത്തില്‍ തുടങ്ങിയിട്ട് പെട്ടെന്നു താഴ്‌ന്നെങ്കിലും വേഗം തിരിച്ചു കയറി. സൂചികകള്‍ ഒരു മണിക്കൂറിനകം 0.40 ശതമാനം ഉയരത്തിലായി. ബാങ്ക്, ധനകാര്യ സേവന മേഖലയിലെ കമ്പനികള്‍ ഇന്നു താഴ്ചയിലാണ് വ്യാപാരം തുടങ്ങിയത്.
മിഡ് ക്യാപ് ഓഹരികള്‍ രാവിലെ നല്ല നേട്ടം കാണിച്ചു. ടാറ്റാ മോട്ടോഴ്‌സ് ഓഹരി എട്ടു ശതമാനം വരെ കയറി. മികച്ച മൂന്നാം പാദ റിസല്‍ട്ടാണ് പ്രേരകം.
എസ്.ബി.ഐ ലാഭം ഗണ്യമായി താണെങ്കിലും ഓഹരി ഉയര്‍ന്നു. ആസ്തി നിലവാരം മെച്ചപ്പെട്ടതാണു വിപണി ശ്രദ്ധിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഹരി എട്ടു ശതമാനം കുതിച്ചു.
ആദായനികുതിവകുപ്പ് 4000 കോടി രൂപയുടെ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ശ്രീ സിമന്റ് ഓഹരി രാവിലെ രണ്ടു ശതമാനം താണു.പേയ്ടിഎം ഓഹരി 10 ശതമാനം ഇടിഞ്ഞു. സര്‍കീട്ട് പരിധി 10 ശതമാനമാക്കിയതു കൊണ്ടാണ് താഴ്ച അവിടെ നിന്നത്.
രൂപ, സ്വര്‍ണം, ക്രൂഡ് ഓയില്‍
കുറേ ദിവസം ഉയര്‍ന്ന ശേഷം രൂപ ഇന്നു താണു. ഡോളര്‍ വില 11 പൈസ കൂടി 83.03 രൂപയായി. ലോകവിപണിയില്‍ സ്വര്‍ണം 2,032 ഡോളറിലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 46,360 രൂപയായി. ക്രൂഡ് ഓയില്‍ വില താഴ്ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 77.55 ഡോളറിലാണ്.