തിരിച്ചു കയറ്റത്തിന്റെ പാതയില്‍ ഓഹരി വിപണി; സെൻസെക്‌സ് 555 പോയിന്റ് ഉയർന്നു; മൈനിങ്, എഫ്.എം.സി.ജി ഓഹരികള്‍ നേട്ടത്തില്‍

ആഗോള ഓഹരി വിപണികള്‍ക്കു പിന്നാലെ ഇന്നലെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ വിപണി പതുക്കെ തിരിച്ചു കയറുന്നതിന്റെ സൂചനകള്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് വ്യാപാരം ആരംഭിച്ചപ്പോൾ, സെൻസെക്‌സ് 555.13 പോയിൻ്റ് ഉയർന്ന് 79,314.53ലും നിഫ്റ്റി 170.25 പോയിൻ്റ് ഉയർന്ന് 24,225.85ലുമെത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക ഉയർന്നതോടെ വിശാല വിപണി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. സ്‌മോൾ ക്യാപ് സൂചികയും നേട്ടത്തിലാണ്.
നിഫ്റ്റി റിയാല്‍റ്റി സൂചിക 1.75 ശതമാനവും നിഫ്റ്റി ഫാര്‍മ 0.87 ശതമാനവും മുന്നേറ്റം കാഴ്ചവെച്ചു. എഫ്.എം.സി.ജി ഓഹരികളും മെറ്റല്‍ ഓഹരികളും മൈനിങ് ഓഹരികളും നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഗ്രാവിറ്റ (10.33%), ഗോകെക്സ് (10.31%), എഫ്എസ്എൽ (10.04%), കെപിആർ മിൽ (9.26%), വിടിഎൽ (9.09%) തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കുന്ന ഓഹരികള്‍. അദാനി എനർജി സൊല്യൂഷൻസ് (-4.05%), മാരികോ (-3.97%), കൊച്ചിൻ ഷിപ്പ്‌യാർഡ് (-3.95%), റിലയൻസ് പവർ (-3.50%), എസ്.ഡി.ബി.എല്‍ (-3.42%) ഓഹരികളുടെ വ്യാപാരം നഷ്ടത്തിലാണ് പുരോഗമിക്കുന്നത്.
ബ്രിഗേഡ് എൻറർപ്രൈസസ് ലിമിറ്റഡ് (5.72 ശതമാനം വർധന), ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് (3.46 ശതമാനം വർധന), പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്‌സ് ലിമിറ്റഡ് (2.76 ശതമാനം വർധന), ഡി.എൽ.എഫ് ലിമിറ്റഡ് (2.09 ശതമാനം വര്‍ധന) തുടങ്ങിയവയാണ് റിയാലിറ്റി ഓഹരികളില്‍ നേട്ടത്തില്‍ വ്യാപാരം നടത്തുന്നത്. മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (1.96 ശതമാനം കുറവ്), മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (1.14 ശതമാനം കുറവ്), സൺടെക്ക് റിയൽറ്റി ലിമിറ്റഡ് (0.18 ശതമാനം കുറവ്) എന്നിവ നഷ്ടത്തിലാണ്.
എഫ്.എം.സി.ജി ഓഹരികളില്‍ ബജാജ് കൺസ്യൂമർ കെയർ ലിമിറ്റഡ് (5.38% വർധന), ജ്യോതി ലാബ്‌സ് ലിമിറ്റഡ് (3.85% വർധന), നകോഡ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (3.57% വർധന), വാദിലാൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (2.70% ഉയർന്നു) എന്നിവ നേട്ടത്തിലും മാരികോ ലിമിറ്റഡ് (3.57% കുറഞ്ഞു), ജി.എച്ച്.എസ് സ്വിന്‍ഗാര്‍ഡ് ലബോറട്ടറീസ് (3.11% കുറഞ്ഞു), ഹെറിറ്റേജ് ഫുഡ്സ് (1.40% കുറവ്), അദാനി വില്‍മര്‍ (0.96% കുറവ്) തുടങ്ങിയവ നഷ്ടത്തിലുമാണ്.
മാധവ് മാർബിൾസ് & ഗ്രാനൈറ്റ്സ് ലിമിറ്റഡ് (4.28% വർധന), ഓറിയൻ്റൽ ട്രൈമെക്സ് ലിമിറ്റഡ് (3.88% വർധന), ഒറീസ മിനറൽസ് ഡെവലപ്‌മെൻ്റ് കമ്പനി ലിമിറ്റഡ് (2.36% വർധന) തുടങ്ങിയ മൈനിങ് ഓഹരികള്‍ നേട്ടത്തിലാണ്.
മുൻനിര ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിന്റെ ഓഹരികൾ 2 ശതമാനം ഉയർന്ന് 1,393.95 രൂപയിലെത്തി. കമ്പനി അതിന്റെ ഒന്നാം പാദത്തില്‍ 158 ശതമാനം വാർഷിക വളർച്ച നേടി ലാഭം 4,160 കോടിയില്‍ എത്തി. വരുമാനം 3 ശതമാനം വർധിച്ച് 38,506 കോടി രൂപയായി.
ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 8.71 ശതമാനം ഉയർന്ന് 474 കോടി രൂപയായി റിപ്പോർട്ട് ചെയ്‌തെങ്കിലും, മാരിക്കോ ഓഹരി 3.57 ശതമാനം ഇടിഞ്ഞ് 648.15 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ഇൻഡിഗോ സ്‌ട്രെച്ച് അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഇൻഡിഗോ ഓഹരികള്‍ എൻ.എസ്.ഇയിൽ 2.03 ശതമാനം ഉയർന്ന് 4,306 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്.
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ നിന്ന് ഇന്ന് കരകയറി. യു.എസ് ഡോളറിനെതിരെ 25 പൈസ ഉയർന്ന് 83.84 എന്ന നിലയില്‍ രൂപയുടെ മൂല്യം എത്തി.
സ്വർണം ലോകവിപണിയിൽ വീണ്ടും ഉയര്‍ന്നു. സ്വര്‍ണം ഔൺസിന് 0.1 ശതമാനം ഉയർന്ന് 2,408.77 ഡോളറിലെത്തി. കേരളത്തിൽ സ്വർണം പവന് 51,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ക്രൂഡ് ഓയിൽ താഴ്ന്ന നിലയിൽ തുടരുകയാണ്. ബ്രെന്റ് ഇനം 77.12 ഡോളറിലാണ്.
Related Articles
Next Story
Videos
Share it