75,000 ഭേദിച്ച് സെന്‍സെക്‌സ്; വിപണിയില്‍ മുന്നേറ്റം, കുതിച്ച് കേരള ബാങ്കോഹരികളും

സെൻസെക്സ് 75,000 കടന്ന് ഓപ്പൺ ചെയ്തു. നിഫ്റ്റി 22,750നു മുകളിൽ വ്യാപാരം തുടങ്ങി. റെക്കോഡുകൾ ദിവസേന തിരുത്തുന്ന വിപണി ഇന്നും അതേവഴിയിലാണ്. എല്ലാ മേഖലകളും ഇന്നു രാവിലെ നേട്ടം കുറിച്ചു.

റിയൽറ്റി കമ്പനികൾ ഇന്നും നല്ല കയറ്റത്തിലാണ്. ഗോദ്റെജ് പ്രോപ്പർട്ടീസ് എട്ടു ശതമാനം കയറി. ഇന്നലെ ഒരു ശതമാനത്തോളം താഴ്ന്ന വിപ്രോ ഇന്ന് ഒരു ശതമാനം ഉയർന്നു. ഇൻഫോസിസ് രണ്ടു ശതമാനത്തിലധികം നേട്ടത്തിലായി. വിദേശ ബ്രോക്കറേജ് സ്ഥാപനമായ സി.എൽ.എസ്.എ പ്രധാന ഐ.ടി കമ്പനികളുടെ റേറ്റിംഗ് ഉയർത്തി. ഐടി സൂചിക 1.2 ശതമാനം ഉയർന്നു.

മെറ്റൽ ഓഹരികളും നല്ല കയറ്റത്തിലാണ്. സെയിൽ ഓഹരി 3.5 ശതമാനം ഉയർന്നു. ചെമ്പുവില ലോക വിപണിയിൽ ഉയർന്നതിനെ തുടർന്ന് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് എട്ടു ശതമാനം കയറി. ഹിൻഡാൽകോ രണ്ടു ശതമാനം ഉയർന്നു.

കേരളം ആസ്ഥാനമായ ബാങ്കുകൾ ഇന്നു കയറ്റത്തിലാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് മൂന്നും ധനലക്ഷ്മി ബാങ്ക് രണ്ടും ശതമാനം വരെ ഉയർന്നിട്ട് താഴ്ന്നു. ഫെഡറൽ ബാങ്ക് ഓഹരി ഒന്നര ശതമാനം കയറി. സിഎസ്ബി ബാങ്ക് ഓഹരി ഒരു ശതമാനം ഉയർന്നു.

ആറു ശതമാനം ഓഹരി ബ്ലോക്ക് ഡീലിൽ കൈമാറിയതിനെ തുടർന്ന് ഗ്ലാൻഡ് ഫാർമ ഓഹരി ആറു ശതമാനം താഴ്ന്നു. ഓഹരി തിരിച്ചു വാങ്ങൽ ആലോചിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് ആനന്ദ് റാഠി വെൽത്ത് ഓഹരി അഞ്ചു ശതമാനം വരെ കയറി.

സ്വർണം ലോകവിപണിയിൽ 2,344 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കൂടി 52,600 രൂപയായി. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.62 ഡോളറിലാണ്. വിദേശനാണ്യ വിപണി ഇന്ന് അവധിയാണ്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it