വിപണി താഴോട്ട്; വോഡ-ഐഡിയ എഫ്.പി.ഒ നടത്തും, ടി.സി.എസ് റിക്രൂട്ട്മെൻ്റ് പുനരാരംഭിച്ചു

താഴ്ന്നു തുടങ്ങി, പിന്നീടു നഷ്ടം കുറച്ചു, വീണ്ടും കൂടുതൽ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചാഞ്ചാട്ടത്തിലാണ്. പലിശ കുറയ്ക്കൽ വെെകും എന്ന സൂചന ഇന്ത്യൻ വിപണിയെയും തിരുത്തലിലേക്കു നയിക്കുമോ എന്ന ആശങ്ക നിക്ഷേപകർക്കുണ്ട്. സ്വകാര്യ ബാങ്കുകളും ഐ.ടിയും ലോഹങ്ങളും രാവിലെ താഴ്ചയിലായി

ടി.സി.എസ് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 10,000ലധികം പേരെ ജോലിക്കായി റിക്രൂട്ട് ചെയ്തെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. വരുന്ന മാസങ്ങളിൽ ബിസിനസ് വർധിക്കും എന്നതു കൊണ്ടാണ് കമ്പനി റിക്രൂട്ട്മെൻ്റ് പുനരാരംഭിച്ചത്. ഐ.ടി മേഖലയുടെ സമീപഭാവി മെച്ചമാകും എന്നാണ് ഇതിനർഥം. ഇന്നു ടി.സി.എസിൻ്റെ നാലാം പാദ റിസൽട്ട് പുറത്തുവിടും. രാവിലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ടി.സി.എസ് പിന്നീടു നേട്ടത്തിലായി, വീണ്ടും താഴ്ന്നു.

വോഡഫോൺ ഐഡിയ 18,000 കോടി രൂപയുടെ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്‌.പി.ഒ) വഴി ഓഹരി വിൽപന നടത്തും. ഓഹരിക്ക് 10-11 രൂപ നിരക്കിലായിരിക്കും വില്‍പന. 18നാണ് എഫ്‌.പി.ഒ തുടങ്ങുക. വോഡഫോൺ ഐഡിയ ഓഹരി അഞ്ചു ശതമാനം താഴ്ന്നു.

റിലയൻസ് ഇൻഫ്രാ ഓഹരി ഇന്നു രാവിലെ 20 ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം 10 ശതമാനമായി കുറച്ചു. ബുധനാഴ്ച കോടതി വിധിയെ തുടർന്ന് ഓഹരി 20 ശതമാനം ഇടിഞ്ഞിരുന്നു.

Read more: അനില്‍ അംബാനിക്ക് വന്‍ തിരിച്ചടി; ₹8,000 കോടിയുടെ അനുകൂലവിധി സുപ്രീം കോടതി റദ്ദാക്കി, കൂപ്പുകുത്തി റിലയന്‍സ് ഇന്‍ഫ്രാ ഓഹരി

മെട്രാേപ്പോലിസ് ഹെൽത്ത് കെയർ ഓഹരി ആറു ശതമാനത്തോളം ഉയർന്ന് 1,916 രൂപയിൽ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. കമ്പനിയുടെ വരുമാനം 15 ശതമാനം വർധിക്കുകയും കമ്പനി കടവിമുക്തമാവുകയും ചെയ്തു.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ

രൂപ ഇന്നു ദുർബലമായി. ഡോളർ 17 പെെസ (0.21 ശതമാനം) കയറി 83.36 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.40 രൂപയായി. ലോകവിപണിയിൽ ഡോളർ സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു 105.32ലെത്തിയിട്ടുണ്ട്.

സ്വർണം ലോകവിപണിയിൽ 2389 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 800 രൂപ വർധിച്ച് 53,760 രൂപയായി. ഇനിയും വില ഉയരുമെന്നാണു സൂചന. ക്രൂഡ് ഓയിൽ വില അൽപം കൂടി. ബ്രെൻ്റ് ഇനം ക്രൂഡ് 90.36 ഡോളറിൽ എത്തി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it