വിപണി ദുര്‍ബലം; എണ്ണ ഓഹരികള്‍ താഴുന്നു, ഉയര്‍ത്തെണീറ്റ് പേയ്ടിഎം

വിപണി വീണ്ടും താഴുകയാണ്. എല്ലാ വ്യവസായ മേഖലകളും രാവിലെ നഷ്ടത്തിലായി. ബാങ്കുകളും ഐ.ടിയും മെറ്റലും ഫാർമയും ഓട്ടോയും ഒക്കെ ഒരു ശതമാനത്തോളം ഇടിവിലാണ്. വ്യാഴാഴ്ചത്തെ നേട്ടം ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ നഷ്ടപ്പെടുത്തി.

എണ്ണ കമ്പനികൾക്ക് ക്ഷീണം

പെട്രോൾ, ഡീസൽ വില ലിറ്ററിനു രണ്ടു രൂപ കുറച്ചത് എണ്ണ കമ്പനികൾക്കു ഹ്രസ്വകാല അടിസ്ഥാനത്തിൽ ക്ഷീണമാകുമെന്ന് വിദേശ ബ്രോക്കറേജ് സി.എൽ.എസ്.എ വിലയിരുത്തി. കാര്യമായ പ്രശ്നം ഉണ്ടാകില്ലെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് കണക്കാക്കുന്നു. ഏതായാലും ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നാലു ശതമാനത്തോളം ഇടിഞ്ഞാണു വ്യാപാരം തുടങ്ങിയത്. എച്ച്.പി.സി.എൽ പിന്നീട് ഏഴു ശതമാനത്തോളം ഇടിഞ്ഞു. ബി.പി.സി.എൽ അഞ്ചു ശതമാനം താഴ്ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയുടെ സൂചിക 2.25 ശതമാനം താഴ്ചയിലാണ്.

പേയ്ടിഎമ്മിന് തേഡ് പാർട്ടി യു.പി.ഐ ആപ്പ് അനുമതി

പേയ്ടിഎമ്മിന് തേഡ് പാർട്ടി യു.പി.ഐ ആപ്പ് ആയി പ്രവർത്തിക്കാൻ നാഷണൽ പേയ്മെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അനുമതി നൽകി. ബാങ്കുകളോടും കമ്പനികളോടും സഹകരിച്ച് യു.പി.ഐ സേവനം നൽകുന്നവരാണ് തേഡ് പാർട്ടി ആപ്പുകൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ പേയ്ടിഎമ്മിന് ഇതൊരു നല്ല അവസരമാണ്. ഈ വർഷം കുത്തനേ ഇടിഞ്ഞ് 383 രൂപ വരെ എത്തിയ ഓഹരിവില 57 ശതമാനം കയറി 555 രൂപയിൽ എത്തുമെന്ന് മോർഗൻ സ്റ്റാൻലി വിലയിരുത്തി. ഓഹരി ഇന്ന് അഞ്ചു ശതമാനം കയറി.

മഹാരാഷ്ട്ര എനർജി ഡിപ്പാർട്ട്മെൻ്റ് ഏജൻസിയിൽ നിന്ന് സൗരോർജ പമ്പുകൾക്കുള്ള 93 കോടി രൂപയുടെ കരാർ ലഭിച്ചതിനെ തുടർന്ന് ശക്തി പമ്പ്സ് ഓഹരി അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർകീട്ടിൽ തട്ടി.

ബയോകോൺ ഇന്ത്യയിലെ ബ്രാൻഡഡ് ഔഷധ വിൽപന ഏറിസ് എന്ന കമ്പനിക്ക് 1,242 കോടി രൂപയ്ക്കു വിൽക്കാൻ കരാർ ഉണ്ടാക്കി. കമ്പനിയുടെ ബിസിനസിൽ മൂന്നര ശതമാനമാണ് ഇങ്ങനെ കൈമാറുന്നത്. ബയോകോൺ ഓഹരി നാലര ശതമാനം നഷ്ടത്തിലായി. ഏറിസ് ഓഹരി ഒന്നര ശതമാനം താഴ്ന്നു.

രൂപ, സ്വർണം

രൂപ ഇന്നും ദുർബലമായി. ഡോളർ ഒൻപതു പൈസ നേട്ടത്തിൽ 82.95 രൂപയായി. സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 2164.90 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 48,480 രൂപയില്‍ തുടരുന്നു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it