വിപണി കൂടുതല്‍ താഴ്ചയില്‍, രൂപ താണു, സ്വര്‍ണം കുതിച്ചു
വിപണി താഴോട്ടുള്ള യാത്ര തുടരുകയാണ്. സ്വിസ് ബാങ്കിലെ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ ആഗോളമാന്ദ്യത്തെപ്പറ്റി ഭീതി വളര്‍ത്തുകയാണ്. മുഖ്യ സൂചികകള്‍ ഒരു മണിക്കൂര്‍ കൊണ്ട് 0.4 ശതമാനം താഴ്ചയിലായി.
ഇന്നുച്ചയ്ക്ക് യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ പലിശ തീരുമാനം വരും. പലിശ കൂട്ടിയാല്‍ ക്രെഡിറ്റ് സ്വീസ് പെട്ടെന്നു തകരുമെന്നു ചിലര്‍ പറയുന്നു. സ്വിസ് നാഷണല്‍ ബാങ്ക് 5400 കോടി ഡോളര്‍ വായ്പ അനുവദിച്ചതാണ് ഇപ്പോള്‍ ബാങ്കിനെ താങ്ങി നിര്‍ത്തുന്നത്.
മെറ്റല്‍, ബാങ്കിംഗ്, ഐടി, ധനകാര്യ സേവന മേഖലകള്‍ ഇന്നു വിപണിയെ വലിച്ചു താഴ്ത്തുന്നു. ബാങ്ക് ഓഹരികള്‍ തുടക്കത്തില്‍ തിരിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടു ബാങ്ക് നിഫ്റ്റി ക്രമമായി താണു. എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ കൂടുതല്‍ ക്ഷീണത്തിലാണ്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഇന്നു നാലു ശതമാനം ഇടിഞ്ഞു. കഴിഞ്ഞ എട്ടാം തീയതിയിലെ 1174 രൂപയില്‍ നിന്നു 15 ശതമാനം താഴെയാണ് ഓഹരി വില. സിഇഒയുടെ കാലാവധി പ്രതീക്ഷിച്ചത്ര നീട്ടിക്കിട്ടാത്തതാണ് ഓഹരിയുടെ ഇടിവിനു കാരണം. മൂന്നു വര്‍ഷം പ്രതീക്ഷിച്ച സ്ഥാനത്തു ലഭിച്ചത് രണ്ടു വര്‍ഷം മാത്രം.
മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷ്വറന്‍സ് മേഖലകളിലേക്കു കടക്കുന്ന ബന്ധന്‍ ബാങ്ക് ഓഹരി 52 ആഴ്ചയിലെ ഏറ്റവും താണ നിലയിലെത്തി. സംവര്‍ധന മദര്‍സണ്‍ 10 ശതമാനം ഇടിഞ്ഞു. 17 ശതമാനം ഓഹരി കൈവശമുള്ള സുമിടോമോ വയറിംഗ് നാലു ശതമാനം ഓഹരി വിറ്റതാണു കാരണം. എച്ച് ആര്‍ (ഹോട്ട് റോള്‍ഡ് ) കോയില്‍ വില ടണ്ണിന് 60,000 രൂപ കടന്നതിനെ തുടര്‍ന്ന് ജിന്‍ഡല്‍ സ്റ്റെയിന്‍ലെസ് ഓഹരി രണ്ടു ശതമാനം ഉയര്‍ന്നു.
മറ്റു മെറ്റല്‍ ഓഹരികള്‍ ഒന്നു മുതല്‍ മൂന്നു വരെ ശതമാനം താഴ്ചയിലാണ്. വ്യാവസായിക ലോഹങ്ങളുടെ വില ലോക വിപണിയില്‍ ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ഇത്. ഹിന്‍ഡാല്‍കോ അഞ്ചു ശതമാനത്തോളം താഴ്ന്നു. വേദാന്ത, നാല്‍കോ, ഹിന്ദുസ്ഥാന്‍ കോപ്പര്‍ തുടങ്ങിയവ മൂന്നു ശതമാനം താഴ്ചയിലായി. നിഫ്റ്റി മെറ്റല്‍ സൂചിക മൂന്നു ശതമാനം താണു. ടാറ്റാ സ്റ്റീല്‍ മൂന്നര ശതമാനം താഴ്ചയിലാണ്.
ക്രൂഡ് ഓയില്‍ വില ഇടിയുന്ന സാഹചര്യത്തില്‍ ഒഎന്‍ജിസിയും ചെന്നൈ പെട്രോയും മൂന്നു ശതമാനം താണു. ഓയില്‍ ഇന്ത്യ നാലു ശതമാനം നഷ്ടത്തിലായി. ബിപിസിഎലും ഹിന്ദുസ്ഥാന്‍ പെട്രോളിയവും നാലു ശതമാനം ഉയര്‍ന്നു. ഗെയില്‍ രണ്ടു ശതമാനം താഴ്ചയിലായി.
രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ 18 പൈസ നേട്ടത്തില്‍ 82.78 രൂപയില്‍ വ്യാപാരം തുടങ്ങി. ലോക വിപണിയില്‍ സ്വര്‍ണം 1913 ഡോളറിലേക്കു കയറി. കേരളത്തില്‍ പവനു 400 രൂപ വര്‍ധിച്ച് 42,840 രൂപ ആയി. ഡോളര്‍ നിരക്കിലെ വര്‍ധനയും ഇത്ര വലിയ കയറ്റത്തിനു കാരണമായി.