റെക്കോര്‍ഡ് ഉയരത്തിലൂടെ സൂചികകള്‍; ഐ.ടി കുതിപ്പില്‍; ചൈനീസ് ജി.ഡി.പി പ്രതീക്ഷയില്‍ താഴെ

ഏഷ്യന്‍ വിപണികള്‍ താഴ്ചയിലായെങ്കിലും ഇന്ത്യന്‍ വിപണി ഉയര്‍ന്നു നീങ്ങുകയാണ്. റെക്കോര്‍ഡ് ഉയരത്തില്‍ മുഖ്യ സൂചികകള്‍ വ്യാപാരം തുടങ്ങി. ഇടയ്ക്ക് ഒരു തവണ നഷ്ടത്തില്‍ വീണ ശേഷം കയറ്റം തുടര്‍ന്നു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്‌സ് 66,300 നും നിഫ്റ്റി 19,640 നും അടുത്താണ്.

ഐ.ടി കമ്പനികള്‍ നേട്ടത്തില്‍

ഐ.ടി കമ്പനികള്‍ ഇന്നും നേട്ടത്തിലാണ്. ഫസ്റ്റ് സോഴ്‌സ് എട്ടും എംഫസിസ് അഞ്ചും ശതമാനം ഉയര്‍ന്നു. അതേസമയം ബാങ്ക് ഓഹരികള്‍ ചാഞ്ചാട്ടത്തിലാണ്.ക്ലൗഡ് കമ്യൂണിക്കേഷന്‍ രംഗത്തുള്ള റൂട്ട് മൊബൈല്‍ ഓഹരി ഇന്ന് എട്ടു ശതമാനം കയറി. കമ്പനിയുടെ പ്രൊമോട്ടര്‍മാരായ ഗുപ്താ കുടുംബം തങ്ങളുടെ ഓഹരി പ്രോക്‌സിമാസ് ഒപാല്‍ ഗ്രൂപ്പിനു കൈമാറിയതിനെ തുടര്‍ന്നാണിത്. പിന്നീടു വില അല്‍പം താഴ്ന്നു.

ഒന്നാം പാദ വരുമാനവും ലാഭവും ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ജെ.എസ്.ഡബ്‌ള്യു എനര്‍ജിയുടെ ഓഹരിവില നാലു ശതമാനം ഇടിഞ്ഞു. തങ്കമയില്‍ ജ്വല്ലറി ഓഹരി ഇന്ന് 48 ശതമാനം ഇടിവിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് എട്ടു ശതമാനം ഉയര്‍ന്നു.

ഏഞ്ചല്‍ വണ്‍ ബ്രോക്കറേജ് ഓഹരി വ്യാപാരത്തിനു പുതിയ ഓതറൈസ്ഡ് പേഴ്‌സണ്‍സിനെ (എ.പി) നിയോഗിക്കുന്നത് ആറു മാസത്തേക്കു വിലക്കി. എപികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് കാരണം. ഓഹരി വില ആറു ശതമാനം ഇടിഞ്ഞു.

ഡി മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നടത്തുന്ന അവന്യു സൂപ്പര്‍ മാര്‍ട്ടിന്റെ റിസല്‍ട്ട് പ്രതീക്ഷയിലും മോശമായി. വില്‍പന ഗണ്യമായി കൂടിയെങ്കിലും ലാഭവര്‍ധന 2.3 ശതമാനം മാത്രമാണ്. ഓഹരിവില ഒന്നര ശതമാനം താഴ്ന്നു.

ബന്ധന്‍ ബാങ്കിന്റെ റിസല്‍ട്ട് ഒട്ടും മികവ് കാണിച്ചില്ല. നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) വര്‍ധിച്ചു. മൈക്രോഫിനാന്‍സ് വായ്പ കുറഞ്ഞു. വായ്പാ വര്‍ധനയേക്കാള്‍ കൂടുതലായി നിക്ഷേപ വര്‍ധന. ഓഹരിവില രണ്ടു ശതമാനം താഴ്ന്നു.

ക്രൂഡ്, ഡോളര്‍, സ്വര്‍ണം

ക്രൂഡ് ഓയിലിന്റെ അമിതലാഭ നികുതി ടണ്ണിന് 1600 രൂപയായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഒ.എന്‍.ജി.സി ഓഹരി രണ്ടു ശതമാനം കുറഞ്ഞു. ചെന്നൈ പെട്രോ 2.75 ശതമാനം ഇടിഞ്ഞു. എം.ആര്‍.പി.എല്‍ ഒരു ശതമാനം താഴെയായി.രൂപ ഇന്ന് ചെറിയ നേട്ടത്തില്‍ തുടങ്ങി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 82.13 രൂപയില്‍ വ്യാപാരം ആരംഭിച്ചു. പിന്നീട് 82.20 രൂപയിലേക്ക് കയറി.സ്വര്‍ണം ലോകവിപണിയില്‍ 1951 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ പവന്‍ വില മാറ്റമില്ലാതെ 44,000 രൂപയില്‍ തുടരുന്നു.

പ്രതീക്ഷയിലും താഴെ ജി.ഡി.പി

ചൈനയുടെ ജി.ഡി.പി വളര്‍ച്ച പ്രതീക്ഷയിലും താഴെയായി. 7.3 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 6.3 ശതമാനമാണ് രണ്ടാം പാദത്തിലെ വളര്‍ച്ച. തലേ പാദത്തില്‍ നിന്ന് 0.8 ശതമാനം മാത്രമാണു വളര്‍ച്ച. നാമമാത്ര വളര്‍ച്ച കാണിച്ച ഒരു പാദത്തില്‍ നിന്നുള്ള ഈ കുറഞ്ഞ വളര്‍ച്ച ഇക്കൊല്ലം ചൈന ലക്ഷ്യമിട്ട 5.5 ശതമാനം വളര്‍ച്ച സാധിക്കാനിടയില്ലെന്നു കാണിക്കുന്നു. ജൂണില്‍ 24 വയസില്‍ താഴെയുള്ളവരുടെ തൊഴിലില്ലായ്മ 21.3 ശതമാനമായി കൂടി. നഗരങ്ങളിലെ തൊഴിലില്ലായ്മ 5.2 ശതമാനമുണ്ട്. ജൂണിലെ വ്യവസായ ഉല്‍പാദന വളര്‍ച്ച പ്രതീക്ഷയിലും മെച്ചപ്പെട്ട 4.4 ശതമാനമായി എന്നതു മാത്രമാണ് ഇന്നത്തെ കണക്കുകളിലെ പോസിറ്റീവ് ഘടകം.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it