ഇന്ത്യൻ വിപണിയിൽ ഇന്നും ചാഞ്ചാട്ടം, ക്രൂഡ് ഓയിലും സ്വർണവും കയറ്റം തുടരുന്നു
താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണിയിൽ പിന്നീടു ചാഞ്ചാട്ടമായി. റിസൽട്ട് വൈകുന്നേരം വരാനിരിക്കെ തൻല പ്ലാറ്റ്‌ഫോംസ് ഓഹരി 10 ശതമാനം ഉയർന്ന് 1,120 രൂപ വരെ കയറി. പിന്നീട് കുറേ താഴ്ന്നു. എം.എം.ടി.സി ഓഹരി 10 ശതമാനം ഇടിഞ്ഞിട്ട് നഷ്ടം ആറു ശതമാനമായി കുറച്ചു. എസ്.ടി.സി ഓഹരി ഇന്ന് നാലു ശതമാനം ഉയർന്നു.
ഡൽഹി ഭരണകൂടം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം പ്രഖ്യാപിച്ചത് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിനു ദോഷമാകുമെന്നു വിലയിരുത്തൽ. കമ്പനിയുടെ ലക്ഷ്യവില 100 രൂപ കണ്ടു താഴ്ത്തി ബ്രോക്കറേജുകൾ. ഓഹരിവില 10 ശതമാനത്തോളം താണു.
ജിൻഡൽ സ്റ്റെയിൻലെസ് ഉയർന്നു
വിറ്റുവരവ് 25 ശതമാനം വർധിപ്പിക്കുകയും ലാഭമാർജിനുകൾ നിലനിർത്തുകയും ചെയ്ത ജിൻഡൽ സ്റ്റെയിൻലെസ് 5.2 ശതമാനം വരെ ഉയർന്നു.
പ്രതീക്ഷയോളം വരാത്ത രണ്ടാം പാദ ഫലത്തെ തുടർന്ന് ഹിന്ദുസ്ഥാൻ യൂണിലീവർ ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു. റിസൽട്ട് മെച്ചമായെങ്കിലും ഐടിസി ഓഹരിയും രണ്ടു ശതമാനം താഴ്ന്നു.
ലാഭം വർധിപ്പിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി രാവിലെ ഒന്നര ശതമാനം ഉയർന്നു.
രൂപ, സ്വർണം, ഡോളർ, ക്രൂഡ് ഓയിൽ
രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ എട്ടു പൈസ താണ് 83.16 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.20 രൂപയായി.
സ്വർണം ലോകവിപണിയിൽ 1977 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 560 രൂപ വർധിച്ച് 45,120 രൂപയായി. മേയ് 22-നു ശേഷം ആദ്യമാണ് സ്വർണം 45,000 നു മുകളിൽ എത്തുന്നത്. മൂന്നു ദിവസം കൊണ്ട് വില 1160 രൂപ കൂടി. ക്രൂഡ് ഓയിൽ കയറ്റം തുടരുന്നു. ബ്രെന്റ് ഇനം 93.3 ഡോളറിലാണ്.
Read Morning Business News & Stock Market Update :
ആശങ്കകൾ വിപണിയെ ഇടിച്ചു താഴ്ത്തുന്നു; എല്ലാ വിപണികളും ചുവപ്പിൽ; ക്രൂഡ് ഓയിലും സ്വർണവും ഉയരുന്നു