ബജറ്റ് ചലനങ്ങള്‍ തുടരുന്നു; ജ്വല്ലറികള്‍ കുതിക്കുന്നു, പുകയിലയ്ക്ക് നികുതി കൂട്ടാത്തത് ഈ ഓഹരികള്‍ക്കും ഗുണമായി

ബജറ്റിന്റെ ഉള്ളടക്കം സംബന്ധിച്ച പുതിയ അറിവുകള്‍ വിപണിയില്‍ കാര്യമായ ചലനം ഉണ്ടാക്കുന്നില്ല. വിപണി താഴ്ന്നു തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിലാണ്. മുഖ്യ സൂചികകള്‍ ചെറിയ നഷ്ടത്തില്‍ കയറി ഇറങ്ങുമ്പോള്‍ വിശാല വിപണി കയറ്റത്തിലാണ്.
സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതിനെ തുടര്‍ന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി 13 ശതമാനം കയറി 633.60 രൂപ എന്ന റെക്കോര്‍ഡില്‍ എത്തി. പിന്നീട് അല്‍പം താണു. മറ്റു ജ്വല്ലറി കമ്പനികളും നല്ല കയറ്റത്തിലാണ്.
ഇന്നലെ ഒന്‍പതു ശതമാനം ഉയര്‍ന്ന ടൈറ്റന്‍ ഇന്നു രാവിലെ രണ്ടു ശതമാനം കയറിയിട്ടു വില്‍പന സമ്മര്‍ദത്തില്‍ താഴ്ന്നു.
തിരികെ കയറി മുത്തൂറ്റും മണപ്പുറവും
ഇന്നലെ വലിയ താഴ്ചയിലായ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറം ഫിനാന്‍സും ഇന്നു നേട്ടത്തിലായി. സ്വര്‍ണവില ഇടയുന്നതിന്റെ പേരിലാണു സ്വര്‍ണപ്പണയ കമ്പനികളുടെ ഓഹരി ഇടിഞ്ഞത്.
ബജറ്റ് പുകയിലയ്ക്ക് നികുതി കൂട്ടാതെ കടന്നു പോയത് ഐടിസി ഓഹരിക്കു നേട്ടമായി. ഓഹരി ഇന്നലെയും ഇന്നും കയറി.
ബജാജ് ഫിനാന്‍സിന്റെ അറ്റനികുതി വരുമാനം കുറഞ്ഞത് ഓഹരിവിലയെ മൂന്നു ശതമാനം താഴ്ത്തി.
ബജറ്റില്‍ പുനരുല്‍പാദന ഊര്‍ജത്തിന് നല്‍കിയ മുന്തിയ പരിഗണന ബോറോസില്‍ റിന്യൂവബിള്‍സിനെ പത്തു ശതമാനം ഉയര്‍ത്തി.
മികച്ച റിസല്‍ട്ടിന്റെ ബലത്തില്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഏഴു ശതമാനം കുതിച്ചു. എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ് എന്നിവയും കയറ്റത്തിലാണ്.
കഴിഞ്ഞ ദിവസം നല്ല പോലെ ഉയര്‍ന്ന എച്ച് യു എല്‍ ഇന്നു രണ്ടു ശതമാനം താണു. റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതാണ് കാരണം.
മീന്‍ തീറ്റ
മീന്‍ തീറ്റയും മറ്റും നിര്‍മിക്കുന്ന അവന്തി ഫീഡ്‌സ് 12 ശതമാനം കുതിച്ചു. മീന്‍ തീറ്റയ്ക്കും ഘടകങ്ങള്‍ക്കും നികുതിയില്‍ വലിയ ഇളവാണു ബജറ്റില്‍ ഉള്ളത്.
പ്രതീക്ഷയിലും മികച്ച റിസല്‍ട്ട് യുനൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരിയെ അഞ്ചു ശതമാനം ഉയര്‍ത്തി.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 83.69 രൂപയില്‍ ഓപ്പണ്‍ ചെയ്തിട്ട് 83.71 ലേക്കു കയറി.
സ്വര്‍ണം
ലോകവിപണിയില്‍ സ്വര്‍ണം കയറ്റത്തിലായി. സ്വര്‍ണം ഔണ്‍സിന് 2316 ഡോളര്‍ ആയി. കേരളത്തില്‍ സ്വര്‍ണം പവന് വിലമാറ്റം ഇല്ലാതെ 51,960 രൂപ തുടര്‍ന്നു. കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനൊപ്പം ജിഎസ്ടിയില്‍ വരുന്ന മാറ്റം സംബന്ധിച്ച് വിപണിയില്‍ അവ്യക്തത നിലവിലുണ്ട്.
ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം 81.33 ഡോളറിലാണ്.

Related Articles

Next Story

Videos

Share it