ഓഹരി വിപണിയില്‍ ചാഞ്ചാട്ടം; 8% കുതിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കൊട്ടക് ബാങ്ക് ഓഹരി കൂപ്പുകുത്തി

രാവിലെ താഴ്ന്നു തുടങ്ങിയ വിപണി പിന്നീടു തിരിച്ചു കയറി. ശേഷം ചാഞ്ചാട്ടമായി. എങ്കിലും വിപണി നേട്ടത്തിലാകാനാണു സാധ്യത. ബാങ്ക് നിഫ്റ്റിയും നഷ്ടത്തിൽ നിന്നു ലാഭത്തിലായി.

കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് എട്ടും ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഒൻപതും ശതമാനം കയറി. ഈയാഴ്ച മാത്രം 24 ശതമാനം നേട്ടമുണ്ടാക്കിയ കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് വില 2024ൽ ഇരട്ടിച്ചു.

റിസർവ് ബാങ്കിൻ്റെ നടപടി നേരിടുന്ന കൊട്ടക് മഹീന്ദ്ര ബാങ്ക് രാവിലെ 10 ശതമാനം ഇടിഞ്ഞു. ഓൺലൈനായി ഇടപാടുകാരെ ചേർക്കുന്നതും പുതിയ ക്രെഡിറ്റ് കാർഡ് വിതരണവും വിലക്കിയത് ബാങ്കിൻ്റെ ഹ്രസ്വകാല വളർച്ചയെ സാരമായി ബാധിക്കും.

എഫ്.പി.ഒയിൽ വിറ്റ ഓഹരികൾ വോഡഫോൺ ഐഡിയ ഇന്നു ലിസ്റ്റ് ചെയ്തു. ചില്ലറ നിക്ഷേപകർ ഉടനേ വിൽക്കും എന്ന ധാരണയിൽ രാവിലെ ഓഹരി വില നാലു ശതമാനം വരെ ഇടിഞ്ഞു. പിന്നീടു തിരിച്ചുകയറി.

മികച്ച റിസൽട്ടും കൈകാര്യം ചെയ്യുന്ന ആസ്തികളിലെ വലിയ വളർച്ചയും മാസ് ഫിനാൻഷ്യൽ (MAS Financial Services Ltd) ഓഹരിയെ 12 ശതമാനം വരെ കയറ്റി. മികച്ച നാലാം പാദ റിസൽട്ടിൻ്റെ അടിസ്ഥാനത്തിൽ ആക്സിസ് ബാങ്ക് ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു. റിസൽട്ട് മോശമായത് ഹിന്ദുസ്ഥാൻ യൂണിലിവറിനെ രണ്ടു ശതമാനം താഴ്ത്തി. ഡാൽമിയ ഭാരത് അഞ്ചു ശതമാനം ഇടിഞ്ഞു.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ

രൂപ അൽപം താഴ്ന്നു. ഡോളർ ഒരു പൈസ നേട്ടത്തോടെ 83.33 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.38ലേക്കു കയറി. സ്വർണം ലോകവിപണിയിൽ 2,312 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തിൽ സ്വർണം പവന് 280 രൂപ കുറഞ്ഞ് 53,000 രൂപയായി. ക്രൂഡ് ഓയിൽ ചാഞ്ചാട്ടം തുടരുന്നു. ബ്രെൻ്റ് ക്രൂഡ് രാവിലെ താഴ്ന്ന നിലയിൽ നിന്ന് വീണ്ടും 88 ഡോളറിനു മുകളിൽ കയറി 88.2 ഡോളർ വരെ ഉയർന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it