വിപണി കയറിയിറങ്ങി; മഹീന്ദ്രയ്ക്കു തിരിച്ചടി

വിപണി നേട്ടത്തില്‍ തുടങ്ങി. കൂടുതല്‍ നേട്ടത്തിലേക്കു കയറി. പിന്നീടു വില്‍പന സമ്മര്‍ദത്തില്‍ നേട്ടങ്ങള്‍ കുറേ നഷ്ടപ്പെടുത്തി. സെന്‍സെക്‌സ് 66,984 വരെയും നിഫ്റ്റി 19,888 വരെയും ഉയര്‍ന്നിട്ടു താണു.

ആര്‍.ബി.എല്‍ ബാങ്കില്‍ ഓഹരി എടുത്ത മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നീക്കത്തില്‍ വിപണി അത്ര ആവേശം കാണിച്ചില്ല. മഹീന്ദ്ര ഓഹരി രാവിലെ ആറര ശതമാനത്തിലധികം താണു. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ മറികടന്നാലേ മഹീന്ദ്രയ്ക്കു ബാങ്കിന്റെ നിയന്ത്രണം പിടിക്കാനാകൂ എന്നു നിരീക്ഷകര്‍ പറയുന്നു. മഹീന്ദ്രയുടെ വിപണിമൂല്യത്തില്‍ രാവിലെ 12,000 കോടി രൂപയുടെ നഷ്ടമുണ്ടായി.

പ്രതീക്ഷയിലും വളരെ മോശമായ ഒന്നാം പാദ റിസല്‍ട്ട് പ്രസിദ്ധീകരിച്ച ടെക് മഹീന്ദ്ര ഓഹരി അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ടെക് മഹീന്ദ്രയുടെ താഴ്ച നിഫ്റ്റി ഐടി സൂചികയെയും നഷ്ടത്തിലാക്കി. പ്രതീക്ഷയിലും മികച്ച ലാഭം കൈവരിച്ച സിപ്ലയുടെ ഓഹരി എട്ടു ശതമാനം കുതിച്ചു. കമ്പനിയുടെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 23.6 ശതമാനമായി ഉയര്‍ന്നു.

വെസൂവിയസ് ഓഹരികള്‍

വെസൂവിയസ് ഇന്ത്യ ലിമിറ്റഡ് ഓഹരി 20 ശതമാനം ഉയര്‍ന്ന് 3215 രൂപയായി. ഈ വര്‍ഷം ഇരട്ടിച്ച ഓഹരിവില ഒരു മാസം കൊണ്ട് 43 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വെസൂവിയസിന്റെ വിറ്റുവരവില്‍ 22.8 ശതമാനം നേട്ടം ഉണ്ടായപ്പോള്‍ ലാഭം 77.5 ശതമാനം വര്‍ധിച്ച് 52.24 കോടി രൂപയായി. തലേ

പാദത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 10 ശതമാനവും അറ്റാദായത്തില്‍ 20.5 ശതമാനവും വര്‍ധന ഉണ്ട്. സ്റ്റീല്‍, സിമന്റ് പ്ലാന്റുകള്‍ക്കു വേണ്ട ഫൗണ്ടറി-റിഫ്രാക്ടറി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയുടെ ബിസിനസില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

500 രൂപയില്‍ ഐപിഒ നടത്തിയ നെറ്റ് വെബ് ടെക്‌നോളജീസ് 89 ശതമാനം ഉയര്‍ന്ന് 947 രൂപയില്‍ ലിസ്റ്റ് ചെയ്തു. അദാനി ഗ്രൂപ്പ് കമ്പനികള്‍ മിക്കവയും ഇന്ന് നഷ്ടത്തിലാണ്. ഗവണ്മെന്റിന്റെ ഓഹരി വില്‍പന തുടങ്ങിയതോടെ ആര്‍വിഎന്‍എല്‍ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

രൂപയും സ്വര്‍ണവും

രൂപ ഇന്നു നേട്ടത്തിലായി. ഡോളര്‍ ഏഴു പൈസ താണ് 81.92 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് ഡോളര്‍ 82 രൂപയിലെത്തി. യൂറോയും പൗണ്ടും ഡോളറിനെതിരേ നേട്ടം ഉണ്ടാക്കി. യൂറോ 1.11 ഡോളറിലേക്കും പൗണ്ട് 1.3 ഡോളറിലേക്കും കയറി. യുഎസ് ഓഹരികളുടെ ഫ്യൂച്ചേഴ്‌സ് ഇന്നു നല്ല കുതിപ്പ് കാണിച്ചു. സ്വര്‍ണം ലോക വിപണിയില്‍ 1978 ഡോളറിനു മുകളിലാണു വ്യാപാരം നടക്കുന്നത്. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കൂടി 44,360 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it