10 വര്‍ഷത്തെ ഏറ്റവും വലിയ ഏകദിന ഇടിവില്‍ നിഫ്റ്റി, 18% ഇടിഞ്ഞ് അദാനി ഓഹരികള്‍; വോട്ടെണ്ണല്‍ ദിനത്തില്‍ വന്‍ തകര്‍ച്ച
തെരഞ്ഞെടുപ്പു ഫലം വിപണി പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ പോലെയല്ല വന്നത്. അതു വ്യക്തമായതോടെ വിപണി ഇടിഞ്ഞു. എക്‌സിറ്റ് പോളില്‍ കുതിച്ചു കയറിയ സൂചികകള്‍ ആ നേട്ടമെല്ലാം ഇന്നു രാവിലെ നഷ്ടപ്പെടുത്തി. കുറഞ്ഞ ഭൂരിപക്ഷത്തിലാകും എന്‍.ഡി.എ ഭരണം നിലനിര്‍ത്തുക എന്നതു വിപണിയുടെ കണക്കു കൂട്ടലില്‍ ഉണ്ടായിരുന്നില്ല.
ഇന്നലെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ കുതിച്ചുയര്‍ന്ന അദാനി ഓഹരികള്‍ ഇന്ന് തകര്‍ച്ചയിലായി. ഗ്രൂപ്പിലെ മിക്ക ഓഹരികളും ഇന്നലെ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടിരുന്നു. എന്നാല്‍ ആ നേട്ടമെല്ലാം ഫലപ്രഖ്യാപനത്തില്‍ ഒഴുകി പോയി. രാവിലത്തെ വ്യാപാരത്തിനിടെ അദാനി ടോട്ടല്‍ ഗ്യാസ് 18.5 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജി 18.3 ശതമാനം, അദാനി എനര്‍ജി സൊല്യൂഷന്‍സ് 14.2 ശതമാനം, അദാനി പവര്‍ 13.6 ശതമാനം, അദാനി എന്റര്‍പ്രൈസസും അദാനി വില്‍മറും 10 ശതമാനം വീതം എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്. അദാനി പോര്‍ട്‌സിന്റെ ഇടിവ് 9.8 ശതമാനമാണ്.
അദാനി ഗ്രൂപ്പിന് കീഴിലെ സമന്റ് കമ്പനികളായ അംബുജ സിമന്റ്‌സ്, എ.സി.സി എന്നിവ യഥാക്രമം 9.9 ശതമാനം, 9.1 ശതമാനം വീതം നഷ്ടത്തിലായി. ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ടുണ്ടായത് 1.35 ലക്ഷം കോടിയുടെ നഷ്ടമാണ്.
കനത്ത തകര്‍ച്ചയില്‍ പൊതുമേഖല
നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക ഇന്ന് 12 ശതമാനമാണ് ഇടിഞ്ഞത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ രേഖപ്പെടുത്തിയത് 12 ശതമാനത്തോളം ഇടിവ്. സെന്‍ട്രല്‍ ബാങ്ക്, ഐ.ഒ.ബി എന്നിവ 9 മുതല്‍ 10 ശതമാനം വരെയും നഷ്ടത്തിലായി.
റെയില്‍വേ ഓഹരികളായ ഐ.ആര്‍.എഫ്.സി, ആര്‍.വി.എന്‍.എല്‍, ഇര്‍കോണ്‍ എന്നിവയുടെ നഷ്ടം ഏഴ് ശതമാനത്തിലധികമാണ്.
പൊതുമേഖ കമ്പനികളും ഇന്ന് ഇടിവിലാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10 ശതമാനം ലോവര്‍സര്‍ക്യൂട്ടിലെത്തിയിരുന്നു. കോള്‍ ഇന്ത്യ 7 ശതമാനം വരെയും താഴേക്ക് പോയി.
രൂപ, സ്വര്‍ണം, ക്രൂഡ്